മുയല്‍ വളര്‍ത്തല്‍ കരുതലോടെ

Posted on: 06 Oct 2012

സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍
കോഴിക്കോട് എളേറ്റില്‍ വട്ടോളിയിലെ കൂമ്പാറക്കുന്നില്‍ മുഹമ്മദലി അധ്വാനംകുറഞ്ഞ ജീവിതോപാധി എന്ന നിലയിലാണ് മുയല്‍ വളര്‍ത്തല്‍ സ്വീകരിച്ചത്. രണ്ട് മുയലില്‍നിന്നാണ് തന്റെ വിജയത്തിന് തുടക്കമെന്ന് അദ്ദേഹം പറയുന്നു. ഇന്നിപ്പോള്‍ പ്രതിമാസം പതിനായിരം രൂപയിലധികം ആദായം നേടി കുടുംബജീവിതം സസന്തോഷം മുന്നേറുന്നു.
പത്ത് മുയലുകളടങ്ങിയ ഓരോ യൂണിറ്റുകളായാണ് വളര്‍ത്തുന്നത്. ഇരുപത് യൂണിറ്റുകള്‍ സ്വന്തമായുള്ള മുഹമ്മദലി ഓലമേഞ്ഞ ഷെഡ്ഡിനകത്താണ് മുയല്‍ക്കൂട്ടത്തെ സംരക്ഷിക്കുന്നത്. ഇരുമ്പുവലകൊണ്ട് സ്വയം തയ്യാറാക്കിയ കൂടുകള്‍ ഒരു മീറ്ററോളം ഉയരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ മുയലിനും പ്രത്യേകം അറകളുണ്ട്. ഒരു യൂണിറ്റിലെ പത്തെണ്ണത്തില്‍ രണ്ടെണ്ണം ആണ്‍ മുയലുകളായിരിക്കും. ആവശ്യമായ സമയത്ത് ഇണചേരലിനായി അവയെ പെണ്‍മുയലിന്റെ അറയില്‍ കടത്തിവിടും. ഷെഡ്ഡിനകത്ത് സദാസമയവും നേരിയ ശബ്ദത്തില്‍ പാട്ട് കേള്‍പ്പിച്ചുകൊണ്ടിരിക്കും. പുറത്ത് പെട്ടെന്നുണ്ടാകുന്ന ശബ്ദങ്ങള്‍മൂലം മുയലുകള്‍ക്കുണ്ടാകുന്ന ഭയപ്പെടലും ഞെട്ടലും തടയാന്‍ ഇത് സഹായിക്കുമെന്ന് മുഹമ്മദലി കരുതുന്നു.

കൃത്യമായ ഭക്ഷണക്രമവും മതിയായ അളവില്‍ ഭക്ഷണവും ആവശ്യമാണ്. രാവിലെ ഏഴിന് തവിടും പെല്ലറ്റും അടങ്ങിയ തീറ്റ മുതിര്‍ന്നവയ്ക്ക് 150 ഗ്രാം വീതവും കുഞ്ഞുങ്ങള്‍ക്ക് 50 ഗ്രാം വീതവും നല്കുന്നു. തീറ്റ ആവശ്യത്തിന് നനച്ചുകൊടുക്കുന്ന രീതിയാണുള്ളത്. മുയലൊന്നിന് രണ്ടുഗ്രാം വീതം ജീവകങ്ങളും ഇതില്‍ ചേര്‍ക്കുന്നു. പത്തിന് കുടിവെള്ളം നല്കുന്നു. തീറ്റയും വെള്ളവും നല്കുന്നതിന് ഓരോ അറയിലും പ്രത്യേകം പ്രത്യേകം ചിരട്ടകള്‍ തൂക്കിയിട്ടുണ്ട്. ഇത് ഉയരത്തില്‍ തൂക്കിയതിനാല്‍ അതില്‍ മുയലുകള്‍ മൂത്രമൊഴിക്കുന്നത് തടയാന്‍ കഴിയുന്നു. വൈകുന്നേരം അഞ്ചിന് 200 ഗ്രാം സസ്യാഹാരം നല്കുന്നു. വളര്‍ത്തുപുല്ല്, പച്ചപ്പുല്ല്, മാവിന്റെയോ പ്ലാവിന്റെയോ പച്ചിലകള്‍, തെങ്ങോല എന്നീ ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നു.

പെണ്‍മുയലുകള്‍ ആറുമാസംകൊണ്ട് വളര്‍ച്ച പൂര്‍ത്തീകരിച്ച് ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നു. ഒരു പ്രസവം കഴിഞ്ഞ് നാല്പത് ദിവസം കഴിഞ്ഞും ഗര്‍ഭധാരണത്തിന് തയ്യാറാവും. പ്രസവലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു മരപ്പെട്ടി അറയില്‍ സ്ഥാപിക്കും. മുയലുകള്‍ സ്വന്തം രോമം പറിച്ചെടുത്ത് മെത്ത തയ്യാറാക്കി 5-10 വരെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. 50 ഗ്രാം തൂക്കം മാത്രമേ കുഞ്ഞിനുണ്ടാവൂ. 25 ദിവസം വരെയാണ് പാല്‍കുടി.

കൂടുകള്‍ ഉയരത്തില്‍ സ്ഥാപിക്കുകയും വേണ്ടത്ര ശുചിത്വം പാലിക്കുകയും ചെയ്യുന്നതിനാല്‍ രോഗങ്ങള്‍ വരാറില്ല. രോഗം വന്നാല്‍ കോഴിക്കോട് ജില്ലാ മൃഗാസ്പത്രിയില്‍നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ തേടുന്നു. ഫംഗസ് ബാധയ്‌ക്കെതിരെ രോഗമുള്ള മുയലുകള്‍ക്ക് കുത്തിവെപ്പ് മുഹമ്മദലി സ്വയം ചെയ്യുന്നു. പരസഹായമില്ലാതെ ചെയ്യാവുന്ന തൊഴിലായി മുഹമ്മദലി ഇതിനെ കാണുന്നു. അധികവരുമാനത്തിന് ഒരു മാര്‍ഗമായി ആര്‍ക്കും സ്വീകരിക്കാവുന്നതാണ് മുയല്‍ വളര്‍ത്തല്‍. ഫോണ്‍: 9048722316.Stories in this Section