കളയൊഴിവാക്കാന്‍ നടീലിന് കാര്‍പ്പറ്റ് രീതി

Posted on: 03 Oct 2012പാലക്കാട്: ചെറുകിട നെല്‍കര്‍ഷകര്‍ക്ക് കൃഷിച്ചെലവ് കുറയ്ക്കാന്‍ നടീലിന് കാര്‍പ്പറ്റ്‌രീതി.പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മൂസയാണ് നടീലിന് 'കാര്‍പ്പറ്റ് ഫീഡിങ് ടെക്‌നിക് ഇന്‍ റൈസ്' എന്ന സമ്പ്രദായം ആവിഷ്‌കരിച്ചിരിക്കുന്നത്.

പാഴ്ക്കടലാസ്, വെര്‍മി കമ്പോസ്റ്റ്, കുളവാഴ എന്നിവ അരച്ച് കുഴമ്പുരൂപത്തിലാക്കിയശേഷം കാര്‍ഡ്‌ബോര്‍ഡിന്റെ വലിപ്പത്തില്‍ ഉണ്ടാക്കുന്ന ഷീറ്റാണ് ഇവിടെ നടീലിന് ഉപയോഗിക്കുന്നത്. ഷീറ്റില്‍ നാലുവരിയില്‍ ദ്വാരമിട്ട് ഒരുഭാഗം ചാണകമിട്ടടയ്ക്കുന്നു. ഉഴുത് നടിലിന് പാകമായ പാടത്ത് ഷീറ്റിലെ ദ്വാരത്തില്‍ ഓരോ വിത്തുവീതമിട്ട് മണ്ണില്‍ നിരയായി അടുക്കിവെക്കുന്നു. ഷീറ്റ് മണ്ണില്‍ നിരത്തുന്നതിനുമുമ്പ് അടിവളം വിതറിയിരിക്കും.

കളയുണ്ടാവില്ലെന്നതാണ് കാര്‍പ്പറ്റ്‌നടീല്‍രീതിയുടെ ഏറ്റവുംവലിയ പ്രത്യേകതയെന്ന് ഡോ. മൂസ വ്യക്തമാക്കി. ഷീറ്റുകള്‍ അടുക്കിവെച്ച് 50 ദിവസം കഴിയുന്നതുവരെ ഒരുവളവും നല്‍കേണ്ടതില്ല. 50 ദിവസം കഴിയുമ്പോള്‍ ജൈവരീതിയില്‍ നിര്‍മിച്ച ഷീറ്റ് താനേ ദ്രവിച്ച് മണ്ണില്‍ കലരും.

പുതിയ നടീല്‍രീതിയുടെ ജില്ലയിലെ ആദ്യ പരീക്ഷണം പിരായിരി കിഴക്കുമ്പുറം പാടശേഖരത്തിലെ എ.ഭാസ്‌കരന്റെ പാടത്ത് നടന്നു. 20 സെന്റ് സ്ഥലത്താണ് തിങ്കളാഴ്ച നടീല്‍നടന്നത്. 800 ഷീറ്റ് വേണ്ടിവന്നു. ഒരു ഷീറ്റിന് നാലുരൂപയാണ് വില.

കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയാണിന്ന്. ചെറുകിടകര്‍ഷകര്‍ക്ക് യന്ത്രനടീല്‍ നഷ്ടവുമാണ്. ഈ സാഹചര്യത്തിലാണ് ചെറുകിട നെല്‍കര്‍ഷകരെ ലക്ഷ്യംവെച്ച് നടീലിന് ചെലവുകുറഞ്ഞ രീതി ആവിഷ്‌കരിച്ചതെന്ന് ഡോ. മൂസ വ്യക്തമാക്കി.നടീല്‍ച്ചടങ്ങില്‍ കൃഷിഓഫീസര്‍ പി.ആര്‍.ഷീല, എ.ഭാസ്‌കരന്‍, പാടശേഖരസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Stories in this Section