മികച്ച കാച്ചിലിനങ്ങള്‍

Posted on: 29 Sep 2012

വിജയശ്രീ വി., കാര്‍ഷിക കോളേജ്, വെള്ളായണിഅടുത്ത തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കാന്‍ കാച്ചില്‍ ലഭിക്കാന്‍ ഇപ്പോഴേ കൃഷിക്കുള്ള തയ്യാറെടുക്കണം. കൃഷിപ്പണി തുടങ്ങുന്നതിന് മുമ്പേ മികച്ചയിനം കൃഷിക്കായി തിരഞ്ഞെടുക്കുന്നതാണ് പ്രധാനം. കേരളത്തിന് യോജിച്ച ചിലയിനങ്ങളെ പരിചയപ്പെടാം.

ശ്രീകീര്‍ത്തി

തനി വിളയായോ ഇടവിളയായോ ഒക്കെ കൃഷി ചെയ്യാവുന്ന ഈ ഇനത്തിന് 9-10 മാസമാണ് കാലാവധി. ഏപ്രില്‍-മെയ് മാസങ്ങളില്‍ നടാവുന്ന ഇതിന്റെ കിഴങ്ങിന് കോണിക്കലാകൃതിയാണ്. അധികം സൂര്യപ്രകാശം ലഭിക്കാത്തസ്ഥലങ്ങളിലും ഇത് കൃഷി ചെയ്യാം. ഒരു ഹെക്ടറില്‍ നിന്നും 25-30 ടണ്‍ വിളവ് ലഭിക്കുന്ന ഇവയുടെ കിഴങ്ങിന് വെള്ള നിറമാണ്. 21 ശതമാനം അന്നജവും 18 ശതമാനം പഞ്ചസാരയുടെ അംശവും കിഴങ്ങിലുണ്ടാകും. കിഴങ്ങിന് 32 സെ.മീ. നീളമുണ്ടാകും.

ശ്രീരൂപ

അധികം സൂര്യപ്രകാശം ആവശ്യമില്ലാത്ത ഈ ഇനവും ഏപ്രില്‍-മെയിലാണ് നടുക. 9-10 മാസത്തെ കാലാവധിയുള്ള ഈ ഇനത്തിന്റെ കിഴങ്ങിന് 24 സെ.മീ. നീളവുമുണ്ടാകും. വെള്ളനിറമുള്ള കിഴങ്ങുണ്ടാകുന്ന ഇവയ്ക്ക് 17.8 ശതമാനം അന്നജവും 1.6 ശതമാനം പഞ്ചസാരയുട അംശവും ഉണ്ടാകും. ഒരു ഹെക്ടറില്‍ നിന്നും 25-30 ടണ്‍ വിളവ് ലഭിക്കുന്നതാണ്.

ശ്രീകാര്‍ത്തിക

കേരളത്തിന്റെ തീരപ്രദേശങ്ങള്‍ക്ക് യോജിച്ച ഇതിന്റെ വിളവ് ഹെക്ടറിന് 30 ടണാണ്. ഓവലാകൃതിയിലുള്ള അധികം നീളമില്ലാത്ത ഇവയുടെ തൊലിയുടെ അടിഭാഗം പിങ്കുനിറവും മാംസഭാഗത്തിന് വെള്ള നിറവുമാണ്. 21 ശതമാനം അന്നജവും 2.4 ശതമാനം മാംസ്യവും ഇതിലുണ്ട്. 270 ദിവസംകൊണ്ട് കാലാവധി പൂര്‍ത്തിയാക്കുന്ന ഈ ഇനത്തെ കീടരോഗങ്ങള്‍ കാര്യമായി ബാധിക്കാറില്ല. ഈ കാച്ചില്‍ ദീര്‍ഘനാള്‍ സൂക്ഷിച്ചുവെക്കാവുന്നതുമാണ്.

ഇന്ദു

കുട്ടനാടന്‍ പ്രദേശങ്ങളില്‍ കൃഷിചെയ്യാവുന്ന ഈ ഇനം തെങ്ങിന്റെ ഇടവിളയായി വളര്‍ത്തുമ്പോള്‍ ഒരു മൂട്ടില്‍ നിന്നും 3.93 കിലോ കാച്ചില്‍ ലഭിക്കും. അധികം ആഴത്തിലേക്ക് കാച്ചില്‍ പിടിക്കാറില്ല. അതുപോലെ തണലില്‍വളരുന്ന ഈ ഇനത്തിന്റെ കാലാവധി 8 മാസമാണ്.Stories in this Section