ചെലവു ചുരുക്കാന്‍ അസോള

Posted on: 23 Sep 2012

വീണാറാണി ആര്‍. കൃഷി ഓഫീസര്‍, കിനാനൂര്‍, കരിന്തളം

കാലിത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കും ദിവസംതോറും വിലകൂടിവരുന്നു. ഗുണമുള്ള ജൈവവളം പണംകൊടുത്താല്‍പ്പോലും കിട്ടുന്നില്ല. ഇതിനൊക്കെ പരിഹാരം കാണാന്‍ ഒരു പന്നല്‍ച്ചെടിക്ക് സാധിക്കുമെങ്കിലോ? അത്ഭുതസസ്യമെന്ന് വിശേഷിപ്പിക്കാവുന്ന അസോള നമുക്ക് ലഭിച്ച വരദാനം തന്നെയാണ്.

ഇലകളുടെ അടിയില്‍ ചെറിയ അറകളിലായി കാണുന്ന നീല ഹരിതപായലുകളുടെ സഹവര്‍ത്തിത്വം വഴി അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്യാന്‍ അസോള എന്ന ഈ പന്നല്‍ച്ചെടിക്ക് കഴിയുന്നു. അതുകൊണ്ടുതന്നെ മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്ന നല്ലൊരു ജൈവവളമായും പോഷക ഗുണമുള്ള തീറ്റയായും അസോളയെ ഉപയോഗിക്കാം. അസോളയുടെ ഉപയോഗംമൂലം മണ്ണിന്റെ ഘടന മെച്ചപ്പെടുകയും ജലസംഗ്രഹണശേഷി കൂടുകയും ചെയ്യുമെന്നത് കര്‍ഷകരുടെ അനുഭവം. ബയോഗ്യാസ് ഉത്പാദനത്തിനും അസോള ഉപയോഗിക്കാന്‍ 35 ശതമാനം വരെ പ്രോട്ടീനും 15 ശതമാനം വരെ ധാതുക്കളും 10 ശതമാനം വരെ അമിനോ അമ്ലങ്ങളും അടങ്ങിയ അസോളയില്‍ കാത്സ്യവും നൈട്രജനും പൊട്ടാഷും ധാരാളമായി അടങ്ങിയിരിക്കുന്നു.

അസോള കൃഷിചെയ്യുമ്പോള്‍ ഭാഗികമായ തണലുള്ള സ്ഥലം തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു മീറ്റര്‍ നീളവും വീതിയും 20 സെന്റിമീറ്റര്‍ താഴ്ചയുമുള്ള കുഴിയെടുക്കുന്നതാണ് ആദ്യഘട്ടം. ഇനി തറ അടിച്ചൊതുക്കി നിരപ്പാക്കി സില്‍പോളിന്‍ഷീറ്റ് വിരിക്കാം. ചുറ്റും കല്ലുകള്‍ നിരത്തിവെച്ചാല്‍ അസോള കൃഷിക്കുളം തയ്യാര്‍. ഇതില്‍ നന്നായി അരിച്ചെടുത്ത 10 മുതല്‍ 15 കിലോഗ്രാം വളക്കൂറുള്ള മണ്ണ് വിതറാം. 10 ലിറ്റര്‍ വെള്ളത്തില്‍ രണ്ട് കിലോഗ്രാം ചാണകവും 30 ഗ്രാം ഫോസ്ഫറസ് വളങ്ങളും കൂട്ടിച്ചേര്‍ത്ത് തടത്തിലൊഴിച്ചുകൊടുക്കണം. ഇനി അസോളയുടെ ഊഴമാണ്. ഇത്രയും വലിപ്പമുള്ള കുഴിയില്‍ ഒരുകിലോ അസോള ചേര്‍ത്ത് കൊടുക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ അസോള തടം മുഴുവന്‍ വ്യാപിക്കും.

ആഴ്ചതോറും ഒരു കിലോഗ്രാം ചാണകവും 20 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റും ചേര്‍ത്തുകൊടുക്കാന്‍ ശ്രദ്ധിക്കണം. വളരെ അധികമായാലും കുറഞ്ഞാലും ഉത്പാദനത്തെ ബാധിക്കും. ഇത്തരം തടത്തില്‍നിന്ന് ദിവസവും അരകിലോഗ്രാം അസോള ലഭിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ അസോള തടം പെട്ടെന്ന് ഉണങ്ങിപ്പോകുന്ന പ്രശ്‌നം ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ള തടങ്ങളില്‍ സില്‍പോളിന്‍ ഷീറ്റിലെ മണ്ണുമാറ്റി വൃത്തിയാക്കി പുതുതായി അസോള കൃഷി ചെയ്യാന്‍ തുടങ്ങണം. പത്തു ദിവസത്തിലൊരിക്കല്‍ കാല്‍ഭാഗത്തോളം വെള്ളം മാറ്റി പുതിയ വെള്ളം നിറയ്ക്കാനും ഓരോ മാസത്തിലും അഞ്ച് കിലോയോളം മണ്ണ് മാറ്റി പുതിയ മണ്ണ് നിറയ്ക്കാനും ശ്രദ്ധിച്ചാല്‍ അസോള നിര്‍ബാധം ലഭിക്കും. രണ്ട് കിലോഗ്രാം അസോള കാലിത്തീറ്റയുമായി ചേര്‍ത്ത് ദിവസവും കൊടുക്കുമ്പോള്‍ പാലുത്പാദനം 15 ശതമാനംവരെ കൂടും. പാലിന്റെ ഉത്പാദനം മാത്രമല്ല ഗുണമേന്മ വര്‍ധിപ്പിക്കാനും അസോളയെപ്പോലെ മറ്റൊരു തീറ്റയില്ല.
Stories in this Section