നെല്‍പ്പാടങ്ങളില്‍ 'ഊര' വ്യാപകമാകുന്നു;കര്‍ഷകര്‍ ആശങ്കയില്‍

Posted on: 17 Sep 2012


പുത്തൂര്‍(കൊല്ലം):നെല്‍പ്പാടങ്ങളില്‍ അനിയന്ത്രിതമായ നിലയില്‍ 'ഊര' വ്യാപകമാകുന്നു. പ്രതിവിധികള്‍ കണ്ടെത്താനാകാതെ വിഷമത്തിലായ കര്‍ഷകര്‍ കൃഷി മുഴുവന്‍ നഷ്ടത്തിലാകുമെന്ന ആശങ്കയിലാണ്.

വൈല്‍ഡ് റൈസ്, വരിനെല്ല് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരുതരം കളയാണ് ഊര. കുളക്കട പഞ്ചായത്തിലെ ആറ്റുവാശ്ശേരി ഏലായിലെ നെല്‍പ്പാടങ്ങളില്‍ ചിലയിടത്ത് നെല്ല് കാണാന്‍ കഴിയാത്ത നിലയില്‍ ഊര വളര്‍ന്നുനില്‍ക്കുകയാണ്. വയലുകള്‍ മറ്റ് കരക്കൃഷികള്‍ക്കായി വഴിമാറിയപ്പോള്‍ പാരമ്പര്യം കൈവിടാതെ നെല്‍ക്കൃഷി തുടര്‍ന്ന കര്‍ഷകരാണ് ദുരിതത്തിലായത്.

നെല്ലിന് സമാനമായ രൂപത്തിലുള്ളവയായതിനാല്‍ ഈ കളകളെ വേഗം തിരിച്ചറിയുക സാധ്യമല്ല. വിത്തുകളില്‍ നീളമേറിയ നാരുകള്‍ ഉള്ള ഊര ഒരു പരിധിയിലധികം വളര്‍ന്നുകഴിഞ്ഞാല്‍ വിളവ് വളരെ കുറയുമെന്ന് കര്‍ഷകര്‍ പറയുന്നു.

വിതയ്ക്കാനായി ശേഖരിക്കുന്ന വിത്തുകള്‍ക്കിടയില്‍ വരിനെല്‍വിത്തുകള്‍ കടന്നുകൂടുന്നതാണ് ഇവ പടരുന്നതിന്റെ പ്രധാന കാരണം. മുമ്പ് പാടത്തെ മണ്ണില്‍ വീണുകിടക്കുന്ന വിത്തുകളും നനവും വളവും ലഭിക്കുമ്പോള്‍ നെല്ലിനെക്കാള്‍ വേഗം തഴച്ചുവളരും. പഴയ കര്‍ഷകര്‍ക്ക് ഞാറ് മുളയ്ക്കുമ്പോള്‍ തന്നെ ഊരകളെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലതരത്തിലുള്ള നെല്‍വിത്തുകള്‍ എത്തിയതോടെ ഇവ തിരിച്ചറിയാന്‍ പ്രയാസമാകുന്നുവെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.


Stories in this Section