കരിന്തളം പാറയില്‍ ക്ഷീരവിപ്ലവം

Posted on: 17 Sep 2012

ബാലചന്ദ്രന്‍ നീലേശ്വരം



ജീവിതോപാധിയായി സ്വീകരിച്ച കന്നുകാലി വളര്‍ത്തലില്‍ വേറിട്ട പാതയില്‍ ഒരു വീട്ടമ്മ. മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള മില്‍മയുടെ ഈ അവാര്‍ഡും അവരെ തേടിയെത്തി. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കരിന്തളം പാറയിലെ എ.വി.രമണിയാണ് ഈ നേട്ടത്തിനുടമ.

രമണിയുടെ ആലയില്‍ കാമധേനുക്കള്‍ ഒന്നും രണ്ടുമല്ല. 15 എണ്ണമുണ്ട്. അല്ലലില്ലാതെയുള്ള ജീവിതം നല്‍കിയത് പശുക്കള്‍ ചുരത്തിയ സമൃദ്ധിയാണെന്ന് രമണി പറയുന്നു. സ്വകാര്യ ബീഡിത്തൊഴിലാളിയായിരുന്ന രമണി ഏഴുവര്‍ഷം മുമ്പാണ് കന്നുകാലിവളര്‍ത്തലിലേക്ക് തിരിഞ്ഞത്. കുടുംബശ്രീയില്‍നിന്ന് ലഭിച്ച വായ്പ പ്രയോജനപ്പെടുത്തി സ്വകാര്യവ്യക്തിയില്‍നിന്ന് വാങ്ങിയ എച്ച്.എഫ്. ഇനത്തില്‍പ്പെട്ട രണ്ട് പശുക്കളായിരുന്നു തുടക്കം. ഇന്ന് ദിവസം 85 ലിറ്റര്‍പാല്‍ 15 പശുക്കളില്‍ നിന്നായി ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഇതില്‍ 50 ലിറ്റര്‍ കൊല്ലമ്പാറ ക്ഷീരോത്പാദകസംഘത്തിനും 25 ലിറ്റര്‍ കാലിച്ചാമരം സംഘത്തിനും നല്‍കും. അവശേഷിക്കുന്ന പാല്‍ അയല്‍വാസികള്‍ക്കുള്ളതാണ്.

പുലര്‍ച്ചെ നാലിന് തുടങ്ങുന്ന അധ്വാനം രാത്രി പത്തുമണിവരെ നീളും. ബയോഗ്യാസ് പ്ലാന്റും ഇവര്‍ക്കുണ്ട്. പശുക്കള്‍ക്ക് ഓരോന്നിനും പ്രത്യേകം പേരുകളുണ്ട്. ഉണ്ണിമായ, സുന്ദരി, അമ്മു, മാളു, ആനി...അങ്ങനെ നീളുന്നു.

പശുക്കളെ രമണിതന്നെയാണ് കറക്കുന്നത്. ഇപ്പോള്‍ കറവയന്ത്രവും ഉപയോഗിക്കുന്നുണ്ട്. പശുക്കള്‍ക്കായി പ്രത്യേകം തീറ്റപ്പുല്‍കൃഷിയും പരീക്ഷിച്ചിട്ടുണ്ട്. പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള രമണി ഈ രംഗത്ത് ഏവര്‍ക്കും മാതൃകയായി മാറിക്കഴിഞ്ഞു. തെങ്ങുകയറ്റവും കിണര്‍ നിര്‍മാണവും തൊഴിലാക്കിയ ഭര്‍ത്താവ് കെ.സുരേന്ദ്രന്റെയും മക്കളുടെയും പ്രോത്സാഹനവും സഹകരണവും കന്നുകാലിവളര്‍ത്തലില്‍ രമണിക്ക് തുണയാകുന്നു.

മൃഗപരിപാലനത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആത്മ പദ്ധതിപ്രകാരം പ്രദര്‍ശനത്തോട്ടത്തിനുള്ള ആനുകൂല്യത്തിനും രമണി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള അവാര്‍ഡ് കൊല്ലമ്പാറ ക്ഷീരസംഘത്തിലെ അംഗമായ എ.വി.രമണിക്ക് മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പാണ് സമ്മാനിച്ചത്. കന്നുകാലിവളര്‍ത്തലിനൊപ്പം പൊതുരംഗത്തും ഈ വീട്ടമ്മ സക്രിയമാണ്. സി.പി.എം. കരിന്തളം ബ്രാഞ്ച് കമ്മിറ്റിയംഗം, ജനാധിപത്യമഹിളാ അസോസിയേഷന്‍ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയംഗം, കരിന്തളം യൂണിറ്റ് സെക്രട്ടറി, കുടുംബശ്രീ പതിനാറാം വാര്‍ഡ് എ.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

പ്രസവിക്കാതെ പാല്‍ ചുരത്തുന്ന പശുക്കള്‍ അപൂര്‍വമാണെങ്കിലും അത്തരം ഒരു പശുവിന്റെ ഉടമകൂടിയാണ് രമണി. ഏതാനും നാളുകളായി രമണിയുടെ 'ഉണ്ണിമായ' എന്ന പശു പ്രസവിക്കാതെതന്നെ ധാരാളമായി പാല്‍ ചുരുത്തുന്നുണ്ട്. ചെറുവത്തൂര്‍ പുതിയകണ്ടത്തെ വിമുക്തഭടന്‍ ടി.കുഞ്ഞിരാമന്റെയും എ.വി.പാറുവിന്റെയും മകളാണ് രമണി. ലജീഷ്, രമ്യ, രശ്മി എന്നിവര്‍ മക്കളാണ്.


Stories in this Section