
കൊല്ലം:ചെടിച്ചെട്ടി വാങ്ങാനും മണ്ണും ജൈവവളവും ചുമന്ന് ടെറസില്‍ എത്തിക്കാനുമുള്ള മടികൊണ്ട് ഇനിയാരും മട്ടുപ്പാവില്‍ കൃഷി ചെയ്യാതിരിക്കേണ്ട, പാവലും പടവലവും പടര്‍ത്താന്‍ പന്തല്‍ ഒരുക്കി കഷ്ടപ്പെടേണ്ട. ഇതെല്ലാം അടങ്ങിയ കാര്‍ഷിക കിറ്റുകള്‍ കയര്‍ഫെഡ് ഉടന്‍ വിപണിയില്‍ ഇറക്കും. ഗ്രീന്‍ ഹൗസ് എന്നുപേരിട്ട ഈ പദ്ധതിവഴി സംസ്ഥാനവ്യാപകമായി മട്ടുപ്പാവുകൃഷി പ്രോത്സാഹിപ്പിക്കാനും കെട്ടിക്കിടക്കുന്ന ടണ്‍ കണക്കിന് ചകിരിച്ചോറും കയറും പ്രയോജനപ്പെടുത്താനുമാണ് കയര്‍ഫെഡിന്റെ തീരുമാനം.
മണ്ണും ചകിരിച്ചോറില്‍ നിന്നുണ്ടാക്കിയ ജൈവവളവും നിറച്ച വലിയ പായ്ക്കറ്റുകളാണ് കിറ്റിന്റെ മുഖ്യ ആകര്‍ഷണം. പായ്ക്കറ്റിന്റെ മുകള്‍ഭാഗം പൊട്ടിച്ച് ഇതില്‍ നേരിട്ട് പച്ചക്കറിവിത്ത് നടാം.പിന്നീട് മാറ്റിനടേണ്ട ആവശ്യമില്ല. പാവലും പടവലവും പയറുമൊക്കെ പടര്‍ത്തുന്നതിന് കയര്‍ കൊണ്ടുണ്ടാക്കിയ വലയും പച്ചക്കറി വിത്തുകളുമാണ് കിറ്റിലെ മറ്റിനങ്ങള്‍.മട്ടുപ്പാവുകൃഷി പ്രോത്സാഹിപ്പിക്കാനുള്ള കൃഷിവകുപ്പിന്റെ പദ്ധതിയുമായി ഗ്രീന്‍ഹൗസ് പദ്ധതി സംയോജിപ്പിക്കാനാണ് കയര്‍ഫെഡിന്റെ തീരുമാനം.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്ന് കയര്‍ഫെഡ് ചെയര്‍മാന്‍ എസ്.എല്‍.സജികുമാര്‍ പറഞ്ഞു. ഭാവിയില്‍ സ്‌കൂള്‍ മുറ്റങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. മലബാര്‍ മേഖലയിലും തെക്കന്‍ കേരളത്തിലും കെട്ടിക്കിടക്കുന്ന ടണ്‍ കണക്കിന് കയര്‍ പച്ചക്കറി പന്തല്‍ ഒരുക്കുന്നതിനുള്ള വല നെയ്യാന്‍ ഉപയോഗിക്കും. സംസ്ഥാനത്തെ കയര്‍ സൊസൈറ്റികള്‍വഴി യന്ത്രങ്ങള്‍ ഉപയോഗിക്കാതെയാണ് കയര്‍വല നെയ്യുക. ചകിരിച്ചോറില്‍നിന്ന് ജൈവവളം നിര്‍മ്മിച്ച് മണ്ണിനൊപ്പം പായ്ക്കറ്റുകളില്‍ നിറയ്ക്കുന്നതിന് ചെറിയ തൊഴില്‍ യൂണിറ്റുകളുടെ സഹായം തേടും.
കാര്‍ഷിക കിറ്റിന്റെ വില എത്രയെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഗ്രീന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വഴിയും മറ്റ് ഔട്ട്‌ലെറ്റുകള്‍ വഴിയും ഗ്രീന്‍ ഹൗസ് കിറ്റുകള്‍ വിതരണം ചെയ്യാനാണ് കയര്‍ഫെഡിന്റെ ഉദ്ദേശ്യം.