ഏലച്ചെടികളുടെ രോഗബാധ; ജൈവനിയന്ത്രണമാര്‍ഗ്ഗം പ്രിയമാകുന്നു

Posted on: 07 Sep 2012


മൈലാടുംപാറ(ഇടുക്കി) : ഏലച്ചെടികളിലെ വേരുപുഴുവിന്റെ ആക്രമണത്തെ തടയുന്നതിനും കുറുനാമ്പ്, മണ്ടയടപ്പ് എന്നീ രോഗങ്ങളെ ചെറുക്കുന്നതിനുമായി മൈലാടുംപാറയിലെ ഇന്ത്യന്‍ ഏലം ഗവേഷണകേന്ദ്രം വികസിപ്പിച്ച ജൈവനിയന്ത്രണ മാര്‍ഗ്ഗം കര്‍ഷകര്‍ക്ക് പ്രിയമാകുന്നു.

വേരുപുഴുവിനെ നശിപ്പിക്കുന്ന ജൈവപുഴുക്കളെ ഏലച്ചെടികളുടെ ചുവട്ടില്‍ നിക്ഷേപിക്കുന്നതാണ് ബദല്‍മാര്‍ഗ്ഗം. വര്‍ഷങ്ങളായി ക്ലോറിഫൈറിഫോസ് അടങ്ങിയ കീടനാശിനികളുടെ പ്രയോഗം അവസാനിപ്പിക്കാന്‍ ഈ ജൈവമാര്‍ഗ്ഗത്തിനുകഴിയും. രാസകീടനാശികളുടെ അമിതപ്രയോഗം ഏലത്തോട്ടംമേഖലയില്‍ വര്‍ദ്ധിച്ചുവന്ന സാഹചര്യത്തില്‍ ഡോ. വരദരാജന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇ.പി.എന്‍. പുഴുക്കള്‍ എന്നു വിളിക്കുന്ന കീടങ്ങളെ ചെറുക്കുന്ന കീടങ്ങളെ വിളപരിപാലനത്തിനായി വികസിപ്പിച്ചെടുത്തത്.

ഒരു ഏലച്ചെടിയുടെ ചുവട്ടില്‍ 4 ജൈവപുഴുക്കളെ നിക്ഷേപിച്ചാല്‍ നാലുമുതല്‍ എട്ടുവര്‍ഷം വരെ വിളപരിപാലനം സാധ്യമാകുമെന്നാണ് കണ്ടെത്തല്‍. ഇ.പി.എന്‍. പുഴുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തി മാത്രമേ പ്രയോഗിക്കാവൂ എന്ന് ഗവേഷണകേന്ദ്രം കര്‍ഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നു. ഏലത്തിന്റെ ഉല്പാദനച്ചെലവു കുറയ്ക്കുന്നതിലും ജൈവസംരക്ഷണം സാധ്യമാക്കുന്നതിലും പുതിയ മാര്‍ഗ്ഗം സഹായകമാണെന്ന് ഗവേഷണകേന്ദ്രം അധികൃതര്‍ പറയുന്നു.


Stories in this Section