മത്സ്യക്കൂടുകളില്‍ സിഎംഎഫ്ആര്‍ഐയുടെ തിരുതമീന്‍ കൃഷി

Posted on: 07 Sep 2012കൊച്ചി: മത്സ്യങ്ങള്‍ക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ തന്നെ വളരാവുന്ന തരത്തില്‍ കേന്ദ്രസമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം ( സിഎംഎഫ്ആര്‍ഐ ) നിര്‍മ്മിച്ച മത്സ്യക്കൂട്ടില്‍ തിരുതമീന്‍ കൃഷി വിളവെടുപ്പ് നടത്തി. സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചെടുത്ത മത്സ്യക്കൂട് ചിറ്റാറ്റുകര പഞ്ചായത്തിലെ പൂയ്യപ്പിള്ളിയിലാണ് പരീക്ഷിച്ച് വിജയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ കൃഷി നടത്തി വിജയം കൈവരിച്ചിട്ടുള്ള സിഎംഎഫ്ആര്‍ഐയുടെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കേരളത്തിലെ കായലുകളിലെ ആദ്യ മത്സ്യക്കൂട് കൃഷിയായിരുന്നു ഇത്.

വെള്ളക്കെട്ടുകളില്‍ വളര്‍ത്തുന്നതിനേക്കാള്‍ മത്സ്യങ്ങള്‍ കൂടുതല്‍ നന്നായി വളരുകയും ആറുമാസം കൊണ്ട് വിളവെടുപ്പ് നടത്താമെന്നതും കൂട് മത്സ്യകൃഷിയുടെ പ്രത്യേകതയാണെന്ന് സിഎംഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. എമില്‍ഡ ജോസഫ് പറഞ്ഞു. ആറ് മീറ്റര്‍ വ്യാസവും അഞ്ചര മീറ്റര്‍ ആഴവും ഉള്ള ഒരു കൂടാണ്, കൂട് മത്സ്യകൃഷിയ്ക്കായി ഉപയോഗിക്കുന്നത്. ഈ കൂട് ജലാശയത്തിന്റെ നടുവിലായാണ് സ്ഥാപിച്ചത്. കൂടിന് ചുറ്റിനുമായും അടിഭാഗത്തും വല കെട്ടിയശേഷം അതിനുള്ളിലായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയായിരുന്നു. മീനുകളുടെ വളര്‍ച്ച അനുസരിച്ച് കൂടില്‍ ഉപയോഗിക്കുന്ന വലയും മാറിക്കൊടുക്കും. കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോള്‍ ചെറിയ കണ്ണികളുള്ള വലയാണ് ഉപയോഗിക്കുന്നത്. പിന്നീട് മീനുകളുടെ വളര്‍ച്ചയനുസരിച്ച് കണ്ണിയകലമുള്ള വല കെട്ടുകയാണ് ചെയ്യുന്നത്. സിഎംഎഫആര്‍ഐ കൃഷിക്കായി 25 ഗ്രാം ഭാരമുള്ള 5500 മത്സ്യക്കുഞ്ഞുങ്ങളെയാണ് ഈ വര്‍ഷം ആദ്യമാസം കൂടുകളില്‍ നിക്ഷേപിച്ചത്. മത്സ്യങ്ങള്‍ക്ക് കൂടുകളില്‍ സാന്ദ്രതകുറഞ്ഞ ഭക്ഷണപദാര്‍ഥമാണ് നല്‍കിയത്. കൂട്മത്സ്യകൃഷി നടത്തുന്നതിലൂടെ പൊതുവെ ശാന്തനല്ലാത്ത തിരുത മീനുകളെ വിളവെടുക്കുന്ന സമയത്ത് പിടിച്ചെടുക്കുവാന്‍ എളുപ്പമായിരിക്കും എന്നത് കൃഷിയുടെ മറ്റൊരു പ്രത്യേകതയാണ്.

ആറുമാസത്തെ ശാസ്ത്രീയ പരിപാലനങ്ങള്‍ക്ക് ശേഷം 1650 കിലോ മീനുകളാണ് കൂട് മത്സ്യകൃഷിയില്‍ നിന്ന് വിളവെടുത്തത്. മത്സ്യക്കൂട് കൃഷിരീതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ ഇ-മെയില്‍ വിലാസം-director@cmfri.org.in


Stories in this Section