നായ്ക്കളിലെ ചര്‍മ്മ സംരക്ഷണം

Posted on: 05 Sep 2012


നായ്ക്കളില്‍ ഏറ്റവും അധികമായി കാണപ്പെടുന്ന രോഗമാണ് വിവിധ ചര്‍മ്മരോഗങ്ങള്‍. മിക്ക ചര്‍മ്മരോഗങ്ങളും ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടാല്‍ ചികിത്സിച്ചു മാറ്റാന്‍ വളരെ പ്രയാസമാണ്. ഇതിനുള്ള ചികിത്സ താരതമ്യേന ചിലവു കൂടിയതും ദീര്‍ഘനാള്‍ ശ്രദ്ധാപൂര്‍വ്വം തുടരേണ്ടതുമാണ്. അതുകൊണ്ടുതന്നെ ഇത്തരം ചര്‍മ്മരോഗങ്ങള്‍ വരാതെ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും ഉത്തമം. ചര്‍മ്മസംരക്ഷണത്തിനുള്ള ചില ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധ ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ ഒഴിവാക്കാന്‍ സഹായിക്കും.

നായ്ക്കളുടെ കുളി

കുറഞ്ഞത് 6 ആഴ്ചയെങ്കിലും പ്രായമുള്ള നായ്ക്കളെ മാത്രമെ കുളിപ്പിക്കാവൂ. തുടരെ തുടരെ കുളിപ്പിക്കേണ്ട കാര്യമില്ല. 10 ദിവസം മുതല്‍ രണ്ടാഴ്ചയിലൊരിക്കല്‍ കുളിപ്പിക്കുന്നതാണ് നല്ലത്. തുടരെതുടരെ കുളിപ്പിച്ചാല്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക മിനുസം നഷ്ടപ്പെടും. ഇളംചൂടുവെള്ളത്തില്‍ കുളിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. കുളിപ്പിക്കുമ്പോള്‍ ചെവിയില്‍ വെള്ളം കയറാതെ ശ്രദ്ധിക്കണം. പഞ്ഞിയോ തുണിയോ വച്ച് ചെവി അടച്ചുവച്ചിട്ട് കുളിപ്പിക്കുന്നത് നല്ലതാണ്. കുളിപ്പിച്ചതിനുശേഷം ഉണങ്ങിയ തുണികൊണ്ട് തുടച്ചു കൊടുക്കേണ്ടതാണ്. ചങ്ങല, ബെല്‍റ്റ് മുതലായവ കുളിപ്പിക്കുമ്പോള്‍ അഴിച്ചുമാറ്റുകയും വേണം.

ഷാംപൂ, സോപ്പ്

നായ്ക്കള്‍ക്കുവേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ള ഷാംപൂവോ സോപ്പോ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. മനുഷ്യരുടെ സോപ്പ്, ഷാംപൂ മുതലായവ ഉപയോഗിച്ചാല്‍ നായ്ക്കളുടെ ചര്‍മ്മം വരളുകയും രോമത്തിന്റെ തിളക്കം നഷ്ടപ്പെടുകയും ചെയ്യും. ഇവയുടെ അമിതോപയോഗം നല്ലതല്ല.

ഔഷധങ്ങള്‍

വിവിധ ചര്‍മ്മരോഗങ്ങള്‍ക്ക് മരുന്നു ചേര്‍ത്ത ഷാംപൂ ഡോക്ടര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇത്തരം ഷാംപൂകള്‍ വെള്ളത്തില്‍ കലക്കിയതിനുശേഷം നന്നായി പതപ്പിച്ച് ശരീരം മുഴുവന്‍ പുരട്ടി ഒരു 15 മിനിറ്റെങ്കിലും നിര്‍ത്തിയതിനുശേഷം കഴുകുക. ചെള്ള്, പേന്‍, ഇവയ്‌ക്കെതിരെയുള്ള മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ നേര്‍പ്പിച്ചതിനുശേഷം മാത്രമേ പുരട്ടാവൂ. അല്ലാത്തപക്ഷം അവ ഗുരുതര ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കും. ഇത്തരം മരുന്നുകള്‍ കണ്ണിലും മൂക്കിലും, വായിലും ആകാതെ ശ്രദ്ധിക്കുകയും വേണം.

ദിവസേനയുള്ള ബ്രഷിംഗ്

ചര്‍മ്മ സംരക്ഷണത്തിലെ ഏറ്റവും പ്രധാന ഘടകമാണ് ദിവസേനയുള്ള ബ്രഷിംഗ്. സാധാരണ ചീപ്പോ, പ്രത്യേക ഗ്രൂമിംഗ് ബ്രഷോ ഇതിന് ഉപയോഗിക്കാവുന്നതാണ്. ആദ്യം രോമത്തിന്റെ എതിര്‍ദിശയിലും പിന്നീട് രോമത്തിന്റെ ദിശയിലും ദിവസേന ബ്രഷ് ചെയ്തു കൊടുക്കുന്നത് രക്തചക്രമണം കൂട്ടി രോമം കൊഴിച്ചില്‍ തടയുമെന്നു മാത്രമല്ല, ചെള്ള്, പേന്‍ മുതലായവയെ നീക്കം ചെയ്യുകയും ചെയ്യും.

നീളം കൂടിയ രോമമുള്ള ഇനങ്ങള്‍

ഇവയുടെ രോമം ജടപിടിക്കാനും ശരീരത്തില്‍ നിന്നു ദുര്‍ഗന്ധം വമിക്കാനും സാദ്ധ്യതയുണ്ട്. നായ്ക്കളില്‍ രോമം ജടപിടിച്ചതായി കണ്ടാല്‍ ആ ഭാഗം ശ്രദ്ധാപൂര്‍വ്വം ഒരു കത്രിക ഉപയോഗിച്ച് മുറിച്ച് നീക്കുക. ദുര്‍ഗന്ധം അനുഭവപ്പെടുന്നതിന് പരിഹാരമായി നായ്ക്കള്‍ക്കുവേണ്ടി വിവിധതരം ടാല്‍ക്കം പൗഡറുകള്‍ ലഭ്യമാണ്. ബ്രഷ് ചെയ്യുമ്പോള്‍ ഇത്തരം പൗഡറുകള്‍ കൂടി ഉപയോഗിച്ചിട്ട് ബ്രഷ് ചെയ്താല്‍ അത് ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരും.

നഖം

മുഴുവന്‍ സമയം കൂട്ടിലോ, വീടിനുള്ളിലോ വളര്‍ത്തുന്ന നായ്ക്കളുടെ നഖം അധികമായി വളര്‍ന്നാല്‍ അവയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് മാത്രമല്ല, അത് ശരീരത്തില്‍ പല മുറിവുകള്‍ക്കും കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഇടയ്ക്ക് ഒരു ഡോക്ടറുടെ സഹായത്തോടെ വളര്‍ന്ന നഖങ്ങള്‍ മുറിച്ചു കളയേണ്ടതാണ്.

ആഹാരക്രമം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സമീകൃതാഹാരം അത്യന്താപേക്ഷിതമാണ്. സിങ്ക് മുതലായ മൂലകങ്ങളും പ്രോട്ടീനുകളും റൈബോഫ്ലേവിന്‍, വൈറ്റമിന്‍ എ എന്നീ വിറ്റാമിനുകളുമൊക്കെ ഭക്ഷണത്തില്‍ സമൃദ്ധമായി ഉണ്ടായിരിക്കണം. ഒമേഗ ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്തി മുതലായ ചെറിയ മീനുകള്‍, പ്രോട്ടീന്‍ അടങ്ങിയ സോയാബീന്‍, ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ കന്നുകാലി കരള്‍, പാല്‍ ഇവയൊക്കെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനാവശ്യമായ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ധാരാളം ടോണിക്കുകള്‍ വിപണിയില്‍ ലഭ്യമാണ്.

മറ്റു രോഗങ്ങള്‍

നായ്ക്കളുടെ മറ്റു പലരോഗങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരാരോഗ്യത്തിന്റെ പ്രതിഫലനം ചര്‍മ്മത്തില്‍ കാണാന്‍ കഴിയും. അതുകൊണ്ട് അസ്വാഭാവികമായ നിറമോ, മണമോ, രോമം കൊഴിച്ചിലോ ഉണ്ടായാല്‍ വിവരം ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതും, പരിശോധന നടത്തേണ്ടതുമാണ്.

ഡോ. അനുമോള്‍ ജോസഫ് & ഡോ. ട്രീസമോള്‍ .പി.വി. വെറ്ററിനറി കോളേജ്, മണ്ണുത്തി

Stories in this Section