തേങ്ങവില കുത്തനെ കുറഞ്ഞു

Posted on: 23 Aug 2012


പാലക്കാട്: നാഫെഡ് പ്രഖ്യാപിച്ച ഉയര്‍ന്ന താങ്ങുവിലയ്ക്കുള്ള കൊപ്രസംഭരണം ഊര്‍ജിതമായിട്ടും പൊതുവിപണിയില്‍ തേങ്ങയുടെ വില കുത്തനെ കുറയുന്നു. സംഭരണത്തിന് രജിസ്റ്റര്‍ചെയ്ത സംഘങ്ങളില്‍ പാതിയും താങ്ങുവില സംഭരണത്തില്‍നിന്ന് വിട്ടുനിന്നതാണ് പ്രശ്‌നമായിരിക്കുന്നത്. സാധാരണ ഓണംനാളുകളില്‍ തേങ്ങയ്ക്കും കൊപ്രയ്ക്കും നല്ലവില കിട്ടേണ്ടതാണ്. കൊപ്രയുണ്ടാക്കാന്‍ പറ്റിയ കാലാവസ്ഥയായിട്ടും തേങ്ങയുടെ വിലയിടിവില്‍ നട്ടംതിരിയുകയാണ് കേരകര്‍ഷകര്‍.

ക്വിന്‍റലിന് 5,100 രൂപയാണ് നാഫെഡ് പ്രഖ്യാപിച്ച താങ്ങുവില. കര്‍ഷകന് ഏറെ ആശ്വാസംപകരുന്ന വിലയാണെങ്കിലും സംഭരണ ഏജന്‍സികളുടെ കുറവുമൂലം ചുരുക്കം കര്‍ഷകര്‍ക്കുമാത്രമാണ് ഉയര്‍ന്ന താങ്ങുവില കിട്ടുന്നത്. പൊതുവിപണിയില്‍ 3,800 മുതല്‍ 4,100 രൂപവരെയാണ് വില. നല്ല ഗുണമേന്മയുള്ള കൊപ്രയ്ക്കുമാത്രമെ 4,000നുമുകളില്‍ ലഭിക്കൂ. ഒരുകിലോ പച്ചത്തേങ്ങയ്ക്ക് വെള്ളത്തോടെ 10 രൂപയാണ് വില.

മുന്‍വര്‍ഷങ്ങളില്‍ ജില്ലകള്‍തിരിച്ച് കൊപ്ര സംഭരണത്തിന് ഏജന്‍സികളെ വെച്ചിരുന്നെങ്കില്‍ ഇത്തവണ കേരഫെഡിനും മാര്‍ക്കറ്റ്‌ഫെഡിനും സംസ്ഥാനത്തൊട്ടാകെ സംഭരണാനുമതി നല്‍കി. ഏപ്രില്‍ മുതല്‍ സംഭരണം തുടങ്ങിയെങ്കിലും ഇതുവരെ സംഭരിച്ചത് 8,600 ടണ്‍ മാത്രമാണ്.

താലൂക്കുതലത്തില്‍ ഓരോ സംഘങ്ങള്‍മാത്രമാണ് മിക്കജില്ലകളിലും കൊപ്ര സംഭരിക്കുന്നത്. ഇതുമൂലം ഭൂരിപക്ഷം കര്‍ഷകര്‍ക്കും താങ്ങുവിലയ്ക്ക് കൊപ്രയോ പച്ചത്തേങ്ങയോ നല്‍കാനാവുന്നില്ല. ഇവര്‍ പൊതുവിപണിയെത്തന്നെയാണ് ആശ്രയിക്കുന്നത്. ക്വിന്‍റലിന് ചുരുങ്ങിയത് 1,000 രൂപവരെ നഷ്ടംസഹിച്ചാണ് കര്‍ഷകര്‍ കൊപ്ര വില്‍ക്കുന്നത്.




Stories in this Section