കരകയറാന്‍ കയര്‍

Posted on: 21 Aug 2012



കടുത്ത പ്രതിസന്ധികളിലാണ് ഇന്ന് കേരളത്തിലെ കയര്‍ വ്യവസായമേഖല. പ്രശ്‌നങ്ങള്‍ക്കു നടുവില്‍നിന്ന് കയര്‍ ഉല്പന്നങ്ങളെ ഉയിര്‍ത്തെഴുന്നേല്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കയര്‍ബോര്‍ഡും ബോര്‍ഡിന്റെ പുതിയ നേതൃത്വവും. ഒരു കാലത്ത് കേരളത്തിലെ മുഖ്യ വ്യവസായങ്ങളിലൊന്നായിരുന്ന കയര്‍ ഇന്ന് ബഹുമുഖ പ്രതിസന്ധികള്‍ക്കു നടുവിലാണ്. പ്ലാസ്റ്റിക്-സിന്തറ്റിക് ഉല്പന്നങ്ങളുടെ കടന്നുകയറ്റം, ലാഭകരമായി കയര്‍ ഉല്പന്നങ്ങളുടെ നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതി, ചൈനയിലേക്ക് വര്‍ധിച്ചുവരുന്ന ചകിരി കയറ്റുമതി... അങ്ങനെ വിവിധ പ്രശ്‌നങ്ങളാണ് കയര്‍ വ്യവസായം നേരിടുന്നത്.

ഇത്തരം ഭീഷണികളെയെല്ലാം അതിജീവിച്ച് വ്യവസായം ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്ത്, കാലോചിതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരുത്താനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് സജീവമാണ്. ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കയര്‍ വ്യവസായത്തിന്റെ കഴുത്തില്‍ 'കൊലക്കയര്‍' വീഴുമെന്നുള്ള തിരിച്ചറിവില്‍നിന്നു തന്നെയാണ് ഉയര്‍ത്തെഴുന്നേല്പിനുള്ള പരിശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നത്.

കയര്‍ബോര്‍ഡിന്റെ കീഴില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കണ്ടുപിടിക്കപ്പെട്ട സാങ്കേതികവിദ്യകളും മെഷിനറികളും ഉല്പന്നങ്ങളും പ്രവര്‍ത്തനരീതികളും രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതിനും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി അന്തര്‍ദ്ദേശീയ കയര്‍ സാങ്കേതിക മേള കൊച്ചിയില്‍ സംഘടിപ്പിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. ആഗസ്ത് 12 മുതല്‍ 16 വരെ എറണാകുളത്ത് മറൈന്‍ഡ്രൈവിലാണ് മേളയ്ക്ക് അരങ്ങൊരുക്കുന്നതെന്ന് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജി. ബാലചന്ദ്രന്‍ പറഞ്ഞു.

കയര്‍ബോര്‍ഡിന്റെ മതില്‍ക്കെട്ടിനകത്ത് മറഞ്ഞുകിടന്ന സാങ്കേതികനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പം ലഭ്യമാവുകയെന്നതുതന്നെയാണ് കയര്‍ടെക് എക്‌സ്‌പോയുടെ പ്രധാന ലക്ഷ്യം. ആലപ്പുഴ കലവൂരിലെയും, ബാംഗ്ലൂരിലേയും സി.സി.ആര്‍.ഐ.കളില്‍ വികസിപ്പിച്ചെടുത്ത കയര്‍ സാങ്കേതികവിദ്യയാണ് പ്രധാനമായും മേളയില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുക.

ചില ഉദാഹരണങ്ങള്‍ കയര്‍ബോര്‍ഡ് ചെയര്‍മാന്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കയര്‍പ്ലൈ കോമ്പസിറ്റ് ബോര്‍ഡിന് ഇപ്പോഴും ഉപയോഗിക്കുന്നത് 10 വര്‍ഷം മുമ്പത്തെ സാങ്കേതികരീതിയാണ്. ഇന്നും ഇതിനായി നമുക്കൊരു ഫാക്ടറിയില്ല. ബാംഗ്ലൂരില്‍മാത്രം മൂന്നെണ്ണമുണ്ട്.

30 കൊല്ലക്കാലമായി കയര്‍പിരിക്കുന്ന റാട്ടുകള്‍ പലതും മാറിമാറിവരുന്നു. കെല്‍ട്രോണ്‍ വന്നു; മോട്ടോര്‍ റാട്ട് വന്നു; അങ്ങിനെ പലതും. പക്ഷേ ഒന്നും വിജയിച്ചില്ല. കയര്‍പിരിക്കുന്നതിന്റെ അളവ് അനുസരിച്ചാണ് വേതനം. കൂടുതല്‍ മികച്ച യന്ത്രങ്ങള്‍ വരണം. എന്നാലേ വ്യവസായവും അഭിവൃദ്ധിപ്പെടൂ.

കയര്‍ വ്യവസായരംഗത്തേക്ക് തൊഴിലാളികളെ കൂടുതലായി ആകര്‍ഷിക്കാനും സഹായിക്കാനും കയര്‍ബോര്‍ഡ് കൊണ്ടുവന്ന നൂതന പദ്ധതികളെപ്പറ്റിയും പ്രൊഫ. ബാലചന്ദ്രന്‍ വിശദീകരിച്ചു. പച്ചത്തൊണ്ട് തല്ലാന്‍ പുതിയ യന്ത്രം വികസിപ്പിച്ചു. ഓട്ടോറിക്ഷയുടെ പിന്നില്‍ വെച്ചു കൊണ്ടുപോകാന്‍ കഴിയുന്നതരം യന്ത്രം. മൊബൈല്‍ ഡീഫൈബറിംഗ് യൂണിറ്റ് എന്നു പറയാം. ചകിരി കൃത്രിമമായി പരുവപ്പെടുത്താനുള്ള മറ്റൊരു വിദ്യയും ബോര്‍ഡ് വികസിപ്പിച്ചിട്ടുണ്ട്.

സായിപ്പന്മാര്‍ തിരിച്ചുപോയപ്പോന്‍ കുറേയേറെ കയര്‍തറി യന്ത്രങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. ആലപ്പുഴ മേഖലയില്‍ മാത്രം ഇത്തരം ഇരുപതിനായിരത്തില്‍പ്പരം തറികളുണ്ട്. കാലും കൈയും ഉപയോഗിച്ചുമാത്രം പ്രവര്‍ത്തിപ്പിക്കുന്നവയാണിവ. ഇവയിലെല്ലാം മോട്ടോറുകള്‍ ഘടിപ്പിച്ച് അര്‍ധയന്ത്രവത്കരണം നടത്തി കയര്‍മാറ്റുകളും മാറ്റിംഗ്‌സുകളും നിര്‍മ്മിക്കാനുള്ള സഹായമാണ് കയര്‍ബോര്‍ഡ് ചെയ്തുകൊടുക്കുന്നത്. ഇതിനായി അമ്പതിനായിരം രൂപവരെ സബ്‌സിഡി നല്‍കുന്നു.

150 വര്‍ഷം പഴക്കമുള്ള വ്യവസായമാണ് കയര്‍. ഉല്പന്നങ്ങള്‍ക്ക് കാലത്തിനനുസരിച്ച് രൂപത്തിലും ഡിസൈനിലും എല്ലാം മാറ്റങ്ങള്‍ വരണം. കയര്‍ തടുക്കിനേക്കാള്‍ പകുതിവിലയ്ക്ക് ഇന്ന് പിവിസി ടഫ്റ്റ് ചെയ്ത ഭാരം കുറഞ്ഞ മാറ്റിംഗ് വില്‍ക്കാന്‍ പറ്റും. കയര്‍മേഖലയില്‍ പണി കുറയാനും ഉണ്ടാക്കിയ ഉല്പന്നങ്ങള്‍ കെട്ടിക്കിടക്കാനും ഇതും കാരണമാണ്. എട്ടുകോടി രൂപയുടെ കയര്‍ കൈത്തറി ഉല്പന്നങ്ങളാണ് വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്നത്.

ഹാര്‍ഡ് ഫൈബര്‍ മൃദുവാക്കാന്‍ ഉള്ള സാങ്കേതികവിദ്യാ വികസനവും എടുത്തുപറയേണ്ട കാര്യമാണ്. കുട, വാനിറ്റിബാഗ്, സ്‌കൂള്‍ ബാഗ് എന്നിവ തുടങ്ങി വൂളന്‍ കാര്‍പ്പറ്റിനെ വെല്ലുന്ന കാര്‍പ്പെറ്റുകളും വസ്ത്രങ്ങളും വരെ ചകിരിയില്‍ നിന്നുണ്ടാക്കാം. 'ഒരു വീട്ടില്‍ ഒരു കയര്‍ ഉല്പന്നം' എന്ന സന്ദേശം വ്യാപിപ്പിക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

പ്രതിവര്‍ഷം 1.5 കോടി രൂപയ്ക്കുള്ള ചകിരിച്ചോറ് കാര്‍ഷികാവശ്യങ്ങള്‍ക്ക് വളമായി ഉപയോഗിക്കാന്‍ എഫ്.എ.സി.ടി.ക്ക് കൈമാറുന്നതിന് കരാറായി. ജിയോ ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ കയര്‍ ഭൂവസ്ത്രം മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയാന്‍ ഫലപ്രദമാണെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. ചെമ്മണ്‍റോഡിലും, കടല്‍ക്കരയിലും ഭൂവസ്ത്രം ഉപയോഗപ്രദമാണെന്നാണ് പുതിയ കണ്ടെത്തല്‍.ആയിരം രൂപയ്ക്ക് താഴെ ഒരു കയര്‍ മെത്തയും തലയിണയും കൂടി വില്‍ക്കാന്‍ കഴിയുന്ന ജനത കയര്‍ മാറ്റ്‌സ് എന്ന പദ്ധതിയും ആവിഷ്‌കരിക്കുന്നുണ്ടെന്ന് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.


Stories in this Section