ഓടിത്തോല്‍പ്പിക്കാമോ?

Posted on: 21 Aug 2012


''നായയ്ക്ക് ഒരുപണിയുമില്ല, എന്നാല്‍ നില്‍ക്കാനൊട്ട് നേരവുമില്ലെ''ന്നൊരു ചൊല്ലുണ്ട്. ഇവരെ നിരീക്ഷിച്ചാല്‍ ഇതില്‍ തെല്ലും അതിശയോക്തിയില്ലെന്ന് മനസ്സിലാകും.കാരണം, 99 ശതമാനം നായ്ക്കളും ഉല്ലാസപ്രകൃതക്കാരാണ്. നാണംകുണുങ്ങികളും മടിയന്മാരും ഇവരില്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമാണ്. കൂട്ടിലടച്ചും ചങ്ങലയ്ക്കിട്ടും മതിയായ പരിശീലനം നല്‍കാതെചില യജമാനന്മാര്‍ അവരുടെ നായ്ക്കളെ പൊണ്ണത്തടിയന്മാരും രോഗികളുമാക്കാറുണ്ട്. കൊടുംക്രൂരതയെന്നല്ലാതെ ഇതിനെ വേറെയെന്ത് വിശേഷിപ്പിക്കാന്‍!

കായികക്ഷമതയെ അടിസ്ഥാനമാക്കി നായ്ക്കളെ വിഭജിച്ചിട്ടുണ്ട്. സ്‌പോര്‍ട്ടിങ്ങ് വിഭാഗത്തില്‍പ്പെടുന്നവയാണ് ഇതില്‍ പ്രധാനം. ഊര്‍ജ്വസ്വലരായതിനാല്‍ ഈവിഭാഗത്തില്‍പ്പെടുന്ന നായ്ക്കളെയാണ് മിക്കവര്‍ക്കും താല്‍പര്യം. ധൈര്യത്തിലും ബുദ്ധിശക്തിയിലും ഇവരെ വെല്ലാന്‍ ആരുമില്ല. മിക്കവരും നല്ല ഓട്ടക്കാരുമാണ്. യവനദേവന്മാരെപ്പോലെ സുന്ദരന്മാരുമാണ് ഓട്ടക്കാരായ നായ്ക്കള്‍.

നല്ല ചില ഓട്ടക്കാരെ പരിചയപ്പെടുത്തുകയാണ് ഇത്തവണ. നമുക്കിടയില്‍തന്നെ, മെലിഞ്ഞ ശരീരപ്രകൃതിക്കാര്‍ നല്ല ഓട്ടക്കാരാകുമെന്നാണ് പറയാറ്. അതുപോലെതന്നെയാണ് നായ്ക്കളുടെ ഇടയിലും. തടിച്ചുരുണ്ട് കുണുങ്ങിക്കുണുങ്ങി നടക്കുന്നവരേയും കുറിയകാലുള്ളവരെയും ഓട്ടക്കാരുടെ ഇടയില്‍പ്പെടുത്താറില്ല. നല്ലഓട്ടക്കാരില്‍ ചിലരെ പരിചയപ്പെടാം. ഇവരില്‍ ചിലര്‍ നമുക്ക് സുപരിചിതരും നാട്ടിലൊക്കെ കാണുന്നവരും ചിലര്‍ തീരെ അപരിചിതരും വിദേശരാജ്യങ്ങളില്‍ കാണുന്നവരുമാണ്. ജെര്‍മന്‍ഷെപ്പേര്‍ഡ്, ഡാല്‍മേഷ്യന്‍, ഡോബര്‍മാന്‍, ഇബ്‌സിയന്‍ഹൗണ്ട്, ഗ്രേഹൗണ്ട്, ജെര്‍മന്‍പിന്‍ഷര്‍, വിപ്പെറ്റ്, അഫ്ഗാന്‍ഹൗണ്ട്, ഫറോവഹൗണ്ട്, കൂലി, സലൂക്കി, ആസ്‌ട്രേലിയന്‍ കാറ്റില്‍ ഡോഗ്, ബാസന്‍ജി, ബിയേര്‍ഡഡ് കൂലി, അമേരിക്കന്‍ ഫോക്‌സ്ഹൗണ്ട്, വൈമാനര്‍, ഓള്‍ഡ് ഇംഗ്‌ളീഷ്‌കൂലി എന്നിങ്ങനെ 40ഓളം നായ്ക്കളെയാണ് നല്ല ഓട്ടക്കാരുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ ഇന്ത്യന്‍ നാടന്‍ ഇനങ്ങളായ കോമ്പായ്, തുറപ്പട്ടി, ചിപ്പിപ്പാറൈ, രാജപാളയം തുടങ്ങിയവയേയും ഈ ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്.

ഉയരം കൂടി,മെലിഞ്ഞ ശരീരപ്രകൃതിക്കാരും കാലുകള്‍ക്ക് നല്ല നീളവുമുള്ളവരാണ് മുകളില്‍പ്പറഞ്ഞ നായ്ക്കള്‍. കുരയ്ക്കാത്ത നായയെന്ന് പേരിട്ട ബാസന്‍ജി മാത്രമാണ് ഇതിന് അപവാദം. വേട്ടപ്പട്ടികളും കൂടിയാണ് മിക്കവരും. ഓടിത്തുടങ്ങിയാല്‍ വേഗം കൂട്ടി മിന്നായംപോലെ ഇവര്‍ കണ്‍മുന്നില്‍ നിന്ന് മാഞ്ഞുപോകും.ഇരയെ ലക്ഷ്യംവെച്ചാല്‍, അതിനെ കീഴടക്കിമാത്രമേ ഇവര്‍ മടങ്ങൂ.

മുകളില്‍പറഞ്ഞവയില്‍ കാണാന്‍ സുന്ദരന്‍ അഫ്ഗാന്‍ഹൗണ്ട് തന്നെ. ഹിപ്പിയുടെ മട്ട് മുടിനീട്ടിവളര്‍ത്തി ആകപ്പാടെ ഇവര്‍ക്കൊരു ആകര്‍ഷകത്വമുണ്ട്. തോളറ്റം മുടി നീട്ടിയ ഫാഷന്‍ ബോയ്‌സിന്റെ ഒരു ലുക്കുണ്ടിവര്‍ക്ക്. നല്ല നീളമേറിയരോമങ്ങളാണ് ഇവര്‍ക്ക്. വേട്ടപ്പട്ടിയാണെങ്കിലും ഇത്രസ്‌നേഹമുള്ള വേറെ നായ്ക്കള്‍ ഉണ്ടോ എന്ന് സംശയമാണ്. വിശാലമായ മൈതാനങ്ങളാണ് ഇവരുടെ സ്വര്‍ഗം. ശരംവിട്ടപോലെ പായുന്ന ഇവര്‍ ഉയര്‍ന്ന വേലികള്‍ നിഷ്‌നപ്രയാസം ചാടാനും അതിസമര്‍ത്ഥരാണ്.

ഓട്ടക്കാരില്‍ മറ്റൊരു പ്രമുഖനായ വിപ്പെറ്റും ഒരുവേട്ടപ്പട്ടിയാണ്. ഓടാനായി നിയോഗിക്കപ്പെട്ടവരാണിവര്‍ എന്ന് തോന്നിപ്പിക്കും വിധമാണ് ഇവരുടെ ശരീരപ്രകൃതി. മികച്ച കാവല്‍നായ്ക്കള്‍കൂടിയായ ഇവരുടെ മുന്നില്‍പ്പെടുന്ന കള്ളന്മാര്‍ ഓടിരക്ഷപ്പെട്ടുകളയാമെന്ന് വിചാരിക്കരുത്.

ഫറോവഹൗണ്ടിനെ കണ്ടാല്‍ ഡോബര്‍മാനെപ്പോലിരിക്കും. മൈലുകള്‍ക്കപ്പുറത്തുനിന്ന് വരുന്ന ശബ്ദം പോലും പിടിച്ചെടുക്കാനുള്ള കഴിവുണ്ട് ഇവയ്ക്ക്. കുട്ടികളോടൊക്കെ ചങ്ങാത്തം കൂടുന്ന ഇവ നല്ല ബുദ്ധിമാന്മാരുമാണ്. അതുകൊണ്ടുതന്നെ, ഇവരെ പരിശീലിപ്പിക്കലും വിഷമകരമല്ല.

പേര്‌പോലെതന്നെ മനോഹരനാണ് സലൂക്കി. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തിലൊക്കെയാണ് സലൂക്കിയുടെ ഓട്ടം. നല്ല അനുസരണ പഠിപ്പിച്ചില്ലെങ്കില്‍, ഓടിത്തുടങ്ങിയ ഇവരെ തിരിച്ചുകൊണ്ടുവരിക പ്രയാസമായിരിക്കും. ഇരയെ പിടികൂടുക മാത്രമല്ല, അവയെ കൊല്ലലും സലൂക്കിയുടെ ഹോബിയാണ്. ഉയരമുള്ള വേലിക്കെട്ടുകള്‍ ചാടിക്കടക്കാനും വേലിക്കടിയില്‍ ആഴത്തില്‍ മാളമുണ്ടാക്കാനും സലൂക്കികക്ക് കഴിയും.

സലൂക്കിക്ക് ഏറ്റവും ഇഷ്ട്ടം ഓട്ടമാണ്. ഭക്ഷണംപോലും അതുകഴിഞ്ഞേയുള്ളൂ എന്നുപറഞ്ഞാലും തെറ്റില്ല. എന്തായാലും വെറുതേയിരിക്കില്ല. ഒറ്റയ്ക്ക് കഴിയാന്‍ തീരെ ഇഷ്ട്ടപ്പെടാത്ത ഇവര്‍ രാത്രി കിടക്കാന്‍നേരം നിങ്ങളുടെ കിടയ്ക്കയ്ക്ക അരികിലേക്കാണ് എത്തുക.ഒരുതലയിണ കൂടിയുണ്ടെങ്കില്‍ കുശാല്‍! വെറുതേകുരച്ച് യജമാനനെ ബുദ്ധിമുട്ടിക്കാനും ഇവരെ കിട്ടില്ല.


ടി.വി.രവി

email: tvrnaduvil@gmail.com


Stories in this Section