ചാളയെവിടെ?

Posted on: 21 Aug 2012സ്‌നേഹോള്ള വായനക്കാരെ...

എന്റെ പ്യേര് ചാള. നിങ്ങ എന്നെ മത്തീന്നും വിളിക്കും. കഴിഞ്ഞവര്‍ഷം വരെ കൊച്ചീടെ കടലീ ഞങ്ങ ധാരാളോണ്ടായിരുന്നു. അന്നക്കെ വലേറിഞ്ഞാ ഞങ്ങടെ പെടലിക്കേ വീഴൂ. മത്തീടെ ചാകര കൊടുത്താണ് കടലമ്മ കൊച്ചീലെ മീന്‍പുടുത്തക്കാരെ സല്‍ക്കരിച്ചിരുന്നത്. അന്തിക്കള്ളിന്റെ കൂടെ കപ്പേം ചാളക്കറീമായിരുന്നു ക്വാമ്പിനേഷന്‍. ഞങ്ങടെ ദ്യേഹത്ത് എന്താണ്ടൊക്കെ ഔഷധഗൊണം ഉണ്ടെന്ന് ഈ ശാസ്ത്രജ്ഞമ്മാര് പറഞ്ഞതുകൊണ്ട് പണക്കാര്‍ക്കും ചാള വലിയ പ്രിയമായിരുന്നു. കാര്യം നുമ്മ നുമ്മേ പൊകഴ്ത്തിപ്പറേണതല്ല. ഞങ്ങടെ ട്യേസ്റ്റും ഗുണോന്നും വേറെ ഒരു മീനിനുമില്ല. കാര്യം ഞങ്ങടെ ആയുസ്സ് നിങ്ങ മനുഷ്യമ്മാര്‍ക്കുവേണ്ടി ഇല്ലാതാക്കുവാണെങ്കിലും സ്വന്തം ശരീരം കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം കിട്ടണത് നല്ലതെന്നേ കരുതണൊള്ളൂ. പറഞ്ഞിട്ടെന്താണ് കാര്യം. ഇപ്പാ ഞങ്ങടെ കൂട്ടത്തീ അധികം പ്യേരില്ല. കൊച്ചീക്കടലില്‍ ചാളേ കാണണോങ്കീ മഷീട്ടു നോക്കണം. എല്ലാം തീരാറായി. ഇപ്പോ ഞങ്ങ കുറച്ചുപേരോയൊള്ളൂ. സിംഹവാലന്‍കൊരങ്ങിനെപ്പോലെ ചാളയ്ക്കും വംശനാശം. മഴ കിട്ടാത്തതു കൊണ്ടാണെന്നാണ് പറേണത്. സത്യം നുമ്മക്ക് അറീല്ല. ഞങ്ങ തീരാന്‍ പോകേണെന്ന് മാത്രോ അറിയാം. ഇനി അധികകാലം കടലീ കഴിയാമെന്ന മോഹോന്നുമില്ല. അതിനുമുമ്പ് ഈ സങ്കടോക്കെ നിങ്ങളോട് പറയണോന്ന് കരുതി. ഇനി അതിന് കഴിഞ്ഞില്ലെങ്കിലാ...

അറബിക്കടലീന്ന്
നിങ്ങടെ വയറിന്റെ സ്വന്തമായ ഒരു ചാള


മഴയെ പോലെ 'ചാള' യും കേരളത്തെ കൈവിടുകയാണോ? കാലവര്‍ഷക്കാലത്ത് 'ചാള' പിടിച്ചാലും, പിടിച്ചാലും തീരില്ലെന്നാണ് പഴമക്കാര്‍ പറയുക. പക്ഷേ, ഇക്കുറി കടലില്‍ പഴയതുപോലെ ചാള കാണുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മഴയില്ലെങ്കില്‍ ചാളയുമുണ്ടാവില്ലെന്ന സത്യം തിരിച്ചറിയുകയാണ് മത്സ്യത്തൊഴിലാളി സമൂഹം.മഴ ചതിച്ചപ്പോള്‍ ചാളയും വഴിമാറുന്ന കാഴ്ചയാണിപ്പോള്‍...കേരള സമൂഹത്തിന്റെ ആരോഗ്യത്തെ മാത്രമല്ല, സമ്പദ്ഘടനയെ തന്നെ സ്വാധീനിക്കുന്ന ചാളയുടെ 'തിരോധാനം' ഗുരുതരമായ പ്രശ്‌നങ്ങളിലേക്കാണ് വഴി തുറക്കുന്നത്.

മഴയെപ്പോലെ കേരളീയ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന 'ചാള' വഴിമാറി സഞ്ചരിക്കുമ്പോള്‍ സാമ്പത്തികമായും തിരിച്ചടിയാണുണ്ടാവുക. കേരളത്തിന്റെ അതിര്‍ത്തിക്കടലിലേക്ക് ഏറ്റവും കൂടുതല്‍ ചാള എത്തുന്നത് മഴക്കാലത്താണ്. ചാള മഴമേഘങ്ങള്‍ക്കൊപ്പം സഞ്ചരിക്കുമെന്നാണ് പറയാറ്.

മഴക്കാലത്ത് തീരക്കടലില്‍ അടിഞ്ഞുകൂടുന്ന സസ്യ പ്ലവകങ്ങളാണ് ചാളക്കൂട്ടത്തെ ആകര്‍ഷിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു. മഴ കനക്കുമ്പോള്‍, തീരക്കടലില്‍ തണുപ്പാകും. ഏതാണ്ട് 28-29 ഡിഗ്രി തണുപ്പ്. ഈ തണുപ്പ് തേടിയാണ് ചാളക്കൂട്ടത്തിന്റെ വരവ്.

ഇതിനിടയില്‍ മഴയത്ത് കേരളത്തിലെ 41 നദികള്‍ വഴി കടലിലേക്ക് ഒഴുകിയെത്തുന്ന സസ്യ പ്ലവകങ്ങളുടെ, സമൃദ്ധി കൂടിയാകുമ്പോള്‍ 'ചാള' വരികതന്നെ ചെയ്യും. അതാണ് കേരളത്തിന്റെ അനുഭവം.ഇക്കുറി മഴയില്ല, നദികളില്‍ നിന്ന് കുത്തൊഴുക്കില്ല... സസ്യ പ്ലവകങ്ങളുടെ സമൃദ്ധിയില്ല... ചാള എങ്ങനെ വരും?

മഴയ്ക്കു മുമ്പ് കടലില്‍ കാണുന്ന 'കടലിന്റെ മറിയലുകളും' ഇക്കുറിയുണ്ടായില്ലെന്ന് ശാസ്ത്രസമൂഹം പറയുന്നു. കടല്‍ മറിയുമ്പോള്‍ താഴെ തട്ടിലുള്ള പോഷക സമൃദ്ധമായ വസ്തുക്കള്‍ കടലിന്റെ ഉപരിതലത്തിലേക്ക് വരും. ഇതും ചാളയെ ആകര്‍ഷിക്കുന്നുണ്ടത്രെ.മഴ നന്നായി ലഭിച്ചില്ലെങ്കില്‍ ചാളക്കൂട്ടങ്ങള്‍ മറ്റു ദേശങ്ങളിലേക്ക് പോകും. ഭക്ഷണ ലഭ്യതയേയും കാലാവസ്ഥയേയും കടലിന്റെ ഒഴുക്കിനേയും ആശ്രയിച്ചാണ് ചാളയുടെ സഞ്ചാരം.


കരിച്ചാള, മാക്കാന്‍ ചാള, കോക്കോ ചാള, പേച്ചാള, നെയ്ച്ചാള ഇങ്ങനെ കേരളത്തിന്റെ കടലില്‍ കണ്ടുവരുന്ന ചാളകള്‍ പലതാണ്.ഇവയില്‍ പലതും ഇക്കുറി കണികാണാന്‍ കിട്ടിയില്ലത്രെ...

കൊച്ചുചാളയും പഴയതുപോലെ കാണുന്നില്ല. മണ്‍സൂണ്‍ കാലത്ത് പിടിച്ചെടക്കുന്ന കൊച്ചുചാള കടലോര ഗ്രാമങ്ങളുടെ പ്രധാന വരുമാന മാര്‍ഗമാണ്. കൊച്ചുചാള ഉണക്കിയും, അല്ലാതെയും മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിവിടുകയാണ് ചെയ്യുക. കോഴിത്തീറ്റയുടെയും ഫിഷ്മീലിന്റെയും നിര്‍മാണത്തിനാണിത്. വലിയൊരു വ്യവസായ മേഖലയിലേക്കുള്ള അസംസ്‌കൃത വസ്തുവാണ് കൊച്ചുചാളകള്‍. ഇക്കുറി കൊച്ചുചാളയും കടല്‍വിട്ടു.

ചാള ഇല്ലെങ്കില്‍ കേരളത്തിന്റെ ഭക്ഷ്യസംവിധാനം തന്നെ തകരാറിലാകും. മലയാളിയുടെ ശരാശരി മത്സ്യ ഉപഭോഗം 27 കിലോഗ്രാമാണത്രെ. ചാള സമൃദ്ധമായി കിട്ടുന്നതിനാലാണ് മലയാളി ഇങ്ങനെ മത്സ്യം കഴിക്കുന്നത്. ദേശീയതലത്തില്‍ ശരാശരി മത്സ്യ ഉപഭോഗം. നാല് കിലോഗ്രാമാണെന്നു കൂടി അറിയുക.

മലയാളി സമൂഹത്തിന്റെ പ്രോട്ടീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും ചാള ആണ്. വിലകുറഞ്ഞ്, സമൃദ്ധമായി ചാള കിട്ടുന്നതിനാലാണ് സാധാരണ മലയാളി പ്രോട്ടീന്‍ കുറവില്ലാതെ ജീവിച്ചു പോകുന്നതെന്ന് പറയാം.

ഇനി തൊഴിലാളികളുടെ പ്രശ്‌നം നോക്കാം. ലക്ഷക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് കേരളത്തിലുള്ളത്. കേരളത്തില്‍ കൂടുതലായി കിട്ടുന്ന മത്സ്യവും ചാളയാണ്. കടലിലെ ചാളയാണ് അവരുടെ വരുമാനത്തിന്റെ മുഖ്യ ഇനം. ശരാശരി രണ്ടരലക്ഷം ടണ്‍ ചാള ഒരുവര്‍ഷം കേരളം പിടിക്കുന്നുണ്ട്. ഇന്ത്യയില്‍ മൊത്തം ലഭിക്കുന്നതിന്റെ പകുതിയോളം ചാള ഇവിടെയാണ് പിടിക്കുന്നത്.
ചാള വന്നില്ലെങ്കില്‍ ഈ തൊഴിലാളിസമൂഹം എന്തു ചെയ്യും? മഴ ഇനിയും മാറിനിന്നാല്‍, ചാള കിട്ടാക്കനിയാകും. മഴയോടൊപ്പം ചാളയും കേരളത്തെ ചതിക്കുമോ...?


Stories in this Section