എസ്. ജയകുമാര്‍, എഫ്.ഐ.ബി.

അനന്തപുരിയിലെ മ്യൂസിയംവളപ്പില്‍ അഗ്രി ഫ്രണ്ട്‌സ് കൃഷി സാംസ്‌കാരികവേദിയുടെ കാര്‍ഷിക ഒളിമ്പിക്‌സ് ശ്രദ്ധ പിടിച്ചുപറ്റി. മ്യൂസിയം മൃഗശാല വകുപ്പിന്റെയും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയും ജ്യൂസ് കൊട്ടാരക്കരയുടെയും സഹകരണത്തോടെയാണ് കുട്ടികളുടെ കാര്‍ഷിക ഒളിമ്പിക്‌സ് സംഘടിപ്പിച്ചത്. സമാഗതമാകാന്‍ പോകുന്ന ഓണ ഉത്സവത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇത്. കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് പത്തുലക്ഷം വിദ്യാര്‍ഥികളിലും ആയിരത്തിലേറെ സ്‌കൂളുകളിലും അഗ്രിഫ്രണ്ട്‌സ് കൃഷിയുടെ സാംസ്‌കാരിക നിറവ് സമ്മാനിച്ചിട്ടുണ്ട്. കുട്ടികളില്‍ കൃഷിസ്‌നേഹിയെ വളര്‍ത്തിയെടുക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
മുത്തശ്ശികൃഷി, കൃഷിപാഠം സഞ്ചാരം, മണ്‍വെട്ടിയുത്സവം, കണിക്കൊന്ന വിസ്മയം, കൃഷി ഛ സ്‌കൂള്‍, കൃഷി ഛ ഹോം, കൃഷി ഛ നാട്ടിന്‍പുറം, ഹരിതമുറ്റം, വയല്‍വിളക്ക്, ഓണപ്പൂവ്, ചീരഗ്രാമം തുടങ്ങി നൂറുകണക്കിന് പരിപാടികളും പദ്ധതികളും അഗ്രി ഫ്രണ്ട്‌സ് നടപ്പാക്കിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലെ ഏഴ് വിദ്യാലയങ്ങളില്‍ കുട്ടികള്‍ ഷൂസും ടൈയുമണിഞ്ഞ് മത്സരാര്‍ഥികളായി എത്തിയപ്പോള്‍ മ്യൂസിയം സന്ദര്‍ശകരായ വിദേശികള്‍ പോലും കൈയടിച്ച് ഓണചാമ്പ്യന്മാരെ അഭിനന്ദിച്ചു.
വരയിലൂടെ തുടര്‍ച്ചയായി കിളച്ച്, തങ്ങള്‍ക്ക് നല്കിയ ലൈനിലൂടെ മുന്നേറിയ കുട്ടികള്‍; താളത്തിന്റെ വേഗത്തിലും മണ്‍വെട്ടി ചടുലതയിലും സൃഷ്ടിച്ചത് മരമടി മത്സരത്തിന്റെ മറക്കാനാവാത്ത വശ്യസൗന്ദര്യമായിരുന്നു.
കേരളീയ വേഷമണിഞ്ഞ് ഒരു പൈതൃക നമസ്‌കാരമെന്നോണം കുട്ടികള്‍ ഞാറ് നട്ടപ്പോള്‍ ഇന്നലെകളിലെ കേരളം കാഴ്ചക്കാരുടെ മനസ്സില്‍ പുനര്‍ജനിച്ചു. മാവേലിമാരെ സാക്ഷിയാക്കി കുട്ടികള്‍ തേങ്ങയെടുക്കലും വിള പെറുക്കലും മത്സരം നടത്തി.
ചിരവകളില്‍ നിരന്ന കുട്ടികള്‍, തൂശനിലയിലേക്ക് തേങ്ങ ചിരവിയിടാന്‍ തുടങ്ങിയപ്പോള്‍; വരിക്കിരിക്കുന്ന കുട്ടികള്‍ സൃഷ്ടിച്ചത് വള്ളംകളിയുടെ ആവേശം. വാഴമത്സരത്തിലും ചീരമത്സരത്തിലും പാട്ടുകെട്ടിലും ചൊല്ലരങ്ങിലും പൂവ് കോര്‍ക്കലിലുമെല്ലാം ഇതേ കാര്‍ഷിക സൗന്ദര്യം തുളുമ്പിനിന്നു.