കയര്‍മേഖലയും ഹൈടെക്

Posted on: 16 Aug 2012

ഇ.പി.വത്സരാജന്‍




പച്ചത്തൊണ്ട് അഴുകാനിട്ട ദുര്‍ഗന്ധം, ചകിരിച്ചോറ് നിറഞ്ഞ് അന്യമാകുന്ന ജലാശയങ്ങള്‍, പൊടിയും ദുര്‍ഗന്ധവും ശ്വസിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, പരിസരവാസികളുടെ എതിര്‍പ്പ് ഇവയൊക്കെയായിരുന്നു ഒരുകാലത്ത് ചകിരി വ്യവസായത്തിന്റെ മുഖമുദ്ര. എന്നാല്‍, പരമ്പരാഗതരീതി വിട്ട് നൂതന സാങ്കേതികവിദ്യകളുമായി കയര്‍ വ്യവസായ സഹകരണസംഘങ്ങള്‍ മികവിന്റെ പാതയില്‍.

പച്ചത്തൊണ്ടില്‍നിന്ന് ചകിരിനാര് വേര്‍തിരിക്കുന്നതുമുതല്‍ കയര്‍ കെട്ടുകളാക്കി മാറ്റുന്നതു വരെയുള്ള ഓരോ ഘട്ടവും നൂതനയന്ത്രത്തിന്റെ സഹായത്തോടെ ചെയ്യുന്ന സഹകരണസംഘങ്ങളാണ് സ്ത്രീ തൊഴിലാളികളുടെ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നത്. നേരത്തെ ആലപ്പുഴപോലുള്ള തെക്കന്‍ജില്ലകളില്‍ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ ഒരു വര്‍ഷം മുമ്പാണ് കാസര്‍കോട്ജില്ലയിലെ സഹകരണസംഘങ്ങള്‍ക്ക് ലഭിച്ചത്. 90 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയോടെ അനുവദിച്ച യന്ത്രങ്ങളുടെ സഹായത്തോടെ മികച്ച ഉത്പാദനമാണ് ലഭിക്കുന്നത്. ഉത്പന്നങ്ങള്‍ കയര്‍ഫെഡ് തന്നെ എടുക്കുന്നതിനാല്‍ വിപണനത്തിനുംബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. പ്രാദേശിക വിപണിയിലും വിറ്റഴിക്കുന്നുണ്ട്.

അരനൂറ്റാണ്ട് പിന്നിട്ട ഓരിയിലുള്ള പടന്നക്കടപ്പുറം കയര്‍വ്യവസായ സഹകരണസംഘത്തില്‍ ഇപ്പോള്‍ 27 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ചൂടി പിരിക്കാനുള്ള മൂന്ന് ഓട്ടോമാറ്റിക് യന്ത്രങ്ങള്‍ ഇവിടെയുണ്ട്.

കൂടാതെ പരമ്പരാഗതരീതിയിലും ചൂടിപിരിക്കുന്നുണ്ട്. ഒരു യന്ത്രത്തിന് മൂന്ന് തൊഴിലാളികളെയാണ് ആവശ്യം. പച്ചത്തൊണ്ടില്‍നിന്ന് യന്ത്രത്തിന്റെ സഹായത്തോടെ വേര്‍തിരിച്ചെടുക്കുന്ന ചകിരിനാര് ആദ്യം അരിച്ച് ശുചിയാക്കുന്നു. ഇവ യന്ത്രത്തില്‍ വെച്ചുകഴിഞ്ഞാല്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കയറായി യന്ത്രത്തിന്റെ ഒരുഭാഗത്ത് ശേഖരിക്കപ്പെടുന്നു.

തിരുവനന്തപുരത്തെ നാഷണല്‍ കയര്‍ റിസര്‍ച്ച് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും കയര്‍ഫെഡിന്റെയും പരിശീലനം ലഭിച്ചവരാണ് തൊഴിലാളികള്‍. ഒരു തൊഴിലാളിക്ക് ഒരു ദിവസം 210 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ഇതില്‍ 90 രൂപ മാത്രമാണ് സഹകരണസംഘം നല്‍കേണ്ടത്. ബാക്കിത്തുക സര്‍ക്കാര്‍ നല്‍കും. ഓരോരുത്തര്‍ക്കും അവരുടെ ബാങ്ക് അക്കൗണ്ട്‌വഴിയാണ് ശമ്പളം ലഭിക്കുന്നത്.

പടന്ന പഞ്ചായത്ത്, മാണിയാട്ട് വില്ലേജ് എന്നീ പ്രദേശങ്ങള്‍ പ്രവര്‍ത്തന മേഖലയായ 1958ല്‍ ആരംഭിച്ച ഈ സംഘം ആദ്യകാലത്ത് തൊണ്ടില്‍നിന്ന് ചകിരിനാര് വേര്‍തിരിക്കുന്ന ജോലിയായിരുന്നു നടത്തിയിരുന്നത്. 2003 ലാണ് കയര്‍ നിര്‍മാണം ആരംഭിച്ചത്. 2011ലാണ് യന്ത്രവത്കൃത സംവിധാനം വന്നത്. കാടങ്കോട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഓട്ടോമാറ്റിക്‌യന്ത്രങ്ങളുള്ള മറ്റുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സി.പി.എം. പടന്ന ലോക്കല്‍ സെക്രട്ടറി എ.വി.രാഘവന്‍ പ്രസിഡന്റും രാമഞ്ചിറയിലെ ചിത്ര ഗോപാല്‍ സെക്രട്ടറിയുമായ സമിതിയാണ് സൊസൈറ്റി ഭരണം നടത്തുന്നത്.


Stories in this Section