തീരദേശത്ത് ജൊജോബ കൃഷി തുടങ്ങുന്നു

Posted on: 16 Aug 2012വാടാനപ്പള്ളി:തൃശ്ശൂര്‍ ജില്ലയിലെ കടല്‍ത്തീരങ്ങളിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ 'പണം കായ്ക്കുന്ന' ജൊജോബ ചെടികള്‍ ഇനി തഴച്ചുവളരും. കേരളത്തിലാദ്യമായി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്താണ് ജൊജോബ വെച്ചുപിടിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. സ്രാവില്‍നിന്നുള്ള എണ്ണയെക്കാള്‍ ഔഷധം ഗുണമുണ്ട് ജൊജോബ കായ്കളില്‍ നിന്ന് ലഭിക്കുന്ന എണ്ണയ്ക്ക്. ഒരു ലിറ്ററിന് ഇപ്പോഴത്തെ വില 1500 രൂപയാണ്. 120 വര്‍ഷം ആയുസ്സുള്ള ജൊജോബ നാലുവര്‍ഷംകൊണ്ട് മൂപ്പെത്തും. രണ്ട് കിലോ കായയില്‍നിന്ന് ഒരു ലിറ്റര്‍ എണ്ണ ലഭിക്കുമെന്ന പ്രത്യേകതയും ജൊജോബയ്ക്കുണ്ട്. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഓയില്‍ ആന്‍ഡ് വെജിറ്റബിള്‍ ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി കാണാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, സെക്രട്ടറി ആര്‍. ശുഭകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ രാജസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

ഒരു ഹെക്ടറില്‍ 600 ജൊജോബ നടാനാകും. ചെടിക്ക് പരമാവധി ആറടി ഉയരമേ ഉണ്ടാകു. പദ്ധതി നടപ്പാക്കുന്നതിന് ഹെക്ടറിന് 80,000 രൂപ ഓയില്‍ ആന്‍ഡ് വെജിറ്റബിള്‍ ഡെവലപ്പ്‌മെന്റ് ബോര്‍ഡ് സഹായമായി നല്‍കും. ഗ്രാമപ്പഞ്ചായത്തുകള്‍ക്കാണ് പരിചരണച്ചുമതല. സര്‍ക്കാര്‍ ഭൂമി ഇല്ലാത്ത സ്ഥലങ്ങളില്‍ കാറ്റാടി മരങ്ങള്‍ക്കുമുന്നില്‍ ജൊജോബ വെച്ചു പിടിപ്പിക്കും.

ജില്ലയില്‍ ജൊജോബയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ നാഷണല്‍ ഓയില്‍ ആന്‍ഡ് വെജിറ്റഭിള്‍ ഡെവലപ്പ്‌മെന്റ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പരമാനന്ദം തീരദേശ മേഖലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ആര്‍. ശുഭകുമാര്‍, വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബൈദ മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ബി. ഉണ്ണികൃഷ്ണന്‍, വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.എസ്. സൂരത്കുമാര്‍, എന്‍.എസ്. മനോജ്, സുഗന്ധിനി ഗിരി, നാട്ടിക ഗ്രാമപ്പഞ്ചായത്തംഗം കെ.പി. സുഖദാസ് എന്നിവര്‍ ഒപ്പമുണ്ടായി. രണ്ടാംഘട്ടത്തില്‍ സ്വകാര്യവ്യക്തികള്‍ക്കും ജൊജോബ കൃഷിക്ക് സഹായം ലഭിക്കും. ഹെക്ടറിന് 30,000 രൂപയാണിതിന് സഹായം ലഭിക്കുക.


Stories in this Section