
കണ്ണൂര്‍; കഴിഞ്ഞ മെയ് മാസത്തിലാണ് വീട്ടുമുറ്റത്ത് അപൂര്‍വസസ്യം വളരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ചെടി ഏതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തുന്നതുവരെ അതിനെ സംരക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ദിവസേന ചെറുതായി നനച്ചുകൊടുത്തു. വളമൊന്നും ചെയ്തില്ല.
ജൂണ്‍ കഴിയാറാകുമ്പോഴേക്കും ചെടി പൂവിട്ടു തുടങ്ങി. ഇംഗ്ലീഷില്‍ 'ഫെന്നല്‍' എന്ന പേരിലറിയപ്പെടുന്ന പെരുംജീരകമാണ് ചെടിയെന്ന് അപ്പോഴാണ് മനസ്സിലായത്. കണ്ണൂര്‍ ജില്ലയിലെ കക്കറ-ചേപ്പാത്തോട് വായനശാലക്കു സമീപത്തെ കെ.കെ.നാരായണന്‍ നമ്പ്യാരുടെ വീട്ടുമുറ്റത്താണ് പെരുംജീരകച്ചെടി പൂവിട്ടത്. മഞ്ചേരി എന്‍.എസ്.എസ്. കോളേജ് ബോട്ടണി അധ്യാപകനും പയ്യന്നൂര്‍ അന്നൂര്‍ പടിഞ്ഞാറെക്കര സ്വദേശിയുമായ പി.ബാലകൃഷ്ണനാണ് ചെടിയെ തിരിച്ചറിഞ്ഞത്.
സുഗന്ധ വ്യഞ്ജനമായും ഔഷധമായും ഉപയോഗിക്കുന്ന പെരുംജീരകം പ്രധാനമായും ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലെ നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ഇന്ത്യയിലെ ശരാശരി ഉത്പാദനം പ്രതിവര്‍ഷം 30,000 ടണ്‍ ആണ്. ചെറിയ മഞ്ഞനിറത്തിലുള്ള പൂക്കളാണ് ഈ ചെടിയില്‍ ഉണ്ടാകുന്നത്. ഇവ 'അമ്പല്‍' എന്ന് സസ്യശാസ്ത്രത്തില്‍ അറിയപ്പെടുന്ന പൂങ്കുലകളില്‍ ക്രമമായി വിന്യസിച്ചിരിക്കുന്നു. പൂക്കളുടെ പ്രധാനഭാഗം പിന്നീട് പെരുംജീരകമായിത്തീരുന്ന അണ്ഡാശയമാണ്. പൂക്കള്‍ കൊഴിയാറാകുമ്പോഴേക്കുതന്നെ ഇവയ്ക്ക് പെരും ജീരകത്തിന്റെ രുചിയും മണവും ഉണ്ടാകുന്നു. പെരും ജീരകം ഇവിടെ വിളയിക്കാന്‍ കഴിയുമെന്ന് കക്കറയിലെ വീട്ടുമുറ്റത്ത് പൂവിട്ടുനില്‍ക്കുന്ന പെരും ജീരകച്ചെടി തെളിയിക്കുന്നു.