
കോട്ടയം: റബ്ബര്‍ ഇറക്കുമതിയും സ്റ്റോക്കും കുറഞ്ഞതുകാരണം ആഭ്യന്തരവിപണിയില്‍ റബ്ബര്‍വില വര്‍ദ്ധിക്കാന്‍ സാധ്യത. കാലാവസ്ഥയിലുണ്ടായ മാറ്റവും അനുകൂല ഘടകമാണ്.
ജൂണില്‍, 21,189 ടണ്‍ റബ്ബര്‍ ഇറക്കുമതിചെയ്ത സ്ഥാനത്ത് ജൂലായില്‍ ഇറക്കുമതി 17,084 ടണ്ണായി കുറഞ്ഞു. അതോടൊപ്പം ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ റബ്ബര്‍ ഉപയോഗിക്കുന്നവരുടെ കൈവശമുള്ള സ്റ്റോക്കും കുറഞ്ഞു. ജൂണില്‍ 67,000 ടണ്‍ റബ്ബര്‍ സ്റ്റോക്കുണ്ടായിരുന്നിടത്ത് ജൂലായിലെ സ്റ്റോക്ക് 59,000 ടണ്ണാണ്. 8,000 ടണ്ണിന്റെ കുറവ്. ഈ സാഹചര്യത്തില്‍ ടയര്‍ കമ്പനികള്‍ക്ക് ആഭ്യന്തരവിപണിയില്‍നിന്ന് കൂടുതല്‍ റബ്ബര്‍ വാങ്ങേണ്ടിവരും. ഇത് ആഭ്യന്തര വിപണിയില്‍ റബ്ബര്‍വില വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നാണ് നിഗമനം.
ആഗസ്തില്‍ മഴ കൂടുതലായിരിക്കും എന്നാണ് വിലയിരുത്തല്‍. അങ്ങനെവന്നാല്‍ ഉല്പാദനം വീണ്ടും കുറയും. ഇതും ഡിമാന്‍റ് വര്‍ദ്ധിപ്പിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, ജൂലായ് മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഉല്പാദനത്തില്‍ നേരിയ കുറവുണ്ട്. അതേസമയം, ഉപഭോഗത്തില്‍ വര്‍ദ്ധനയും രേഖപ്പെടുത്തി. 2011 ഏപ്രില്‍, ജൂലായ് മാസത്തിലെ ഉല്പാദനം 2,40,000 ടണായിരുന്നത് ഈ വര്‍ഷം ഈ കാലയളവില്‍ 2,38,700 ടണായി കുറഞ്ഞു. ഉപഭോഗം 3,24,425 ടണില്‍നിന്ന് 3,30,250 ടണായി. റബ്ബര്‍വില വര്‍ദ്ധിക്കാന്‍ ഇതും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര വിപണിയില്‍ വില വളരെ താഴ്ന്നനിലയിലാണ് ഇപ്പോള്‍. കിലോഗ്രാമിന് 161 രൂപ. വില ഇതിലും താഴ്ന്നാല്‍ തായ്‌ലന്‍ഡിലെയും മലേഷ്യയിലെയും ഉല്പാദനത്തെ ബാധിക്കും. ഇതുമൂലം അന്താരാഷ്ട്ര വിപണിയില്‍ വില ഇനിയും കുറയാനും സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ നിഗമനം.