സജി മാത്യു മികച്ച കര്‍ഷകന്‍

Posted on: 09 Aug 2012



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സംയോജിത കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡ് കോഴിക്കോട് കല്ലാനോട് കൗഗന്‍മാക്കല്‍ വീട്ടില്‍ സജി മാത്യുവിന് ലഭിച്ചു.യുവ കര്‍ഷക പുരസ്‌കാരം വയനാട് മാനന്തവാടി ആറാട്ടുതറ ആര്യപ്പള്ളില്‍ നിര്‍മാല്യം വീട്ടില്‍ ഡിഗോള്‍ തോമസും മലപ്പുറം വലക്കുളം വെണ്ണിയൂര്‍ വെല്ലത്തുമാട്ടില്‍ വീട്ടില്‍ മുഹമ്മദ് റാഫിയും പങ്കുവെച്ചു. ഒരു ലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കൃഷി അനുബന്ധമേഖലകളിലെ മികച്ച വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഉദ്യോഗസ്ഥനു നല്‍കുന്ന കര്‍ഷകമിത്ര അവാര്‍ഡ് കടലുണ്ടി കൃഷിഭവനിലെ കൃഷി ഓഫീസര്‍ കെ.എം. വിശ്വരാജിനും ലഭിച്ചു.

തിരുവനന്തപുരം: മികച്ച ഗ്രൂപ്പ് ഫാമിങ് സമിതിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നെല്‍ക്കതിര്‍ അവാര്‍ഡിന് തൃശ്ശൂര്‍ ചേര്‍പ്പ് പഞ്ചായത്തിലെ ചേന്നംതരിശുപടവ് പാടശേഖര സമിതിയെ തിരഞ്ഞെടുത്തു. രണ്ടു ലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് മന്ത്രി കെ. പി മോഹനന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മികച്ച കേര കര്‍ഷകനുള്ള കേരകേസരി അവാര്‍ഡിന് പാലക്കാട് ജില്ലയിലെ പാലക്കയം മൂന്നാംതോട് എടാട്ടുകുന്നേല്‍ ബിജു ജോസഫിനെ തിരഞ്ഞെടുത്തു. ചേര്‍ത്തല അരൂക്കുറ്റി പഞ്ചായത്തിലെ നടുവത്തുനഗര്‍ ചന്ദ്രാലയത്തില്‍ സി. ഹരിഹരനാണ് മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര അവാര്‍ഡ്.

യുവകര്‍ഷക പുരസ്‌കാരം രണ്ടു പേര്‍ പങ്കിട്ടു. വയനാട് ജില്ലയിലെ മാനന്തവാടി ആറാട്ടുതറ ആര്യപ്പള്ളില്‍ നിര്‍മാല്യം വീട്ടില്‍ ഡിഗോള്‍ തോമസും മലപ്പുറം ജില്ലയിലെ വലക്കുളം വെണ്ണിയൂര്‍ വെല്ലത്തുമാട്ടില്‍ വീട്ടില്‍ വി.എം.മുഹമ്മദ് റാഫിയുമാണ് പുരസ്‌കാരം പങ്കുവെച്ചത്.

ഒരു ലക്ഷം രൂപയും സ്വര്‍ണമെഡലും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഈ പുരസ്‌കാരങ്ങള്‍.

കൃഷി അനുബന്ധ മേഖലകളിലെ മികച്ച വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഉദ്യോഗസ്ഥന് നല്‍കുന്ന കര്‍ഷകമിത്ര അവാര്‍ഡിനായി കോഴിക്കോട് ജില്ലയിലെ കടലുണ്ടി കൃഷിഭവനിലെ കൃഷി ഓഫീസറായ കെ. എം. വിശ്വരാജിനെ തിരഞ്ഞെടുത്തു. കൃഷി, കൃഷി അനുബന്ധ മേഖലകളിലെ മികച്ച ശാസ്ത്രജ്ഞന് നല്‍കുന്ന കൃഷി വിജ്ഞാന്‍ അവാര്‍ഡ് കാസര്‍കോട് ജില്ലയിലെ നീലേശ്വരം പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി വനജയും വയനാട് പൂക്കോട് കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സിലെ പാരസൈറ്റോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഘു രവീന്ദ്രനും പങ്കിട്ടു.

മികച്ച കര്‍ഷകത്തൊഴിലാളിക്കുള്ള ശ്രമശക്തി അവാര്‍ഡിന് പാലക്കാട് ജില്ലയിലെ തിരുവഴിയാട് കരിങ്കുളം അരിപ്പാറ വീട്ടീല്‍ ഇ.വി.ജയപ്രസാദിനെ തിരഞ്ഞെടുത്തു.

മികച്ച ലേഖനങ്ങള്‍ക്കുള്ള പുരസ്‌കാരവും രണ്ടു പേര്‍ പങ്കിട്ടു. അഗ്രിക്കള്‍ച്ചര്‍ പി.പി.എം സെല്ലിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറായ സീമ ദിവാകരനും കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗം പ്രൊഫസര്‍ ഡോ. ജോസ് ജോസഫിനുമാണ് പുരസ്‌കാരം.

മണ്ണ് സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന മികച്ച കര്‍ഷകര്‍ക്കുള്ള ക്ഷോണി സംരക്ഷണ പുരസ്‌കാരത്തിന് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ ചന്ദനക്കംപാറ വര്‍ഗീസ് കൊളക്കുന്നേലിനെ തിരഞ്ഞെടുത്തു. 25,000 രൂപയും സ്വര്‍ണമെഡലും ഫലകവും പ്രശസ്തി പത്രവും അടുങ്ങുന്നതാണ് ഈ പുരസ്‌കാരങ്ങള്‍. ആഗസ്ത് 16 ന് തൈക്കാട്ട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.


Stories in this Section