ജാതികൃഷിയില്‍ വിജയം കൊയ്ത്...

Posted on: 09 Aug 2012


കൂരാച്ചുണ്ട്: സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ മികച്ച സമ്മിശ്രകൃഷിക്കാരനുള്ള കര്‍ഷകോത്തമ അവാര്‍ഡ് നേടിയ കല്ലാനോട് സ്വദേശി കടുകന്‍മാക്കല്‍ സജിക്ക് കൃഷി ഒരു ഉപാസനയാണ്.

കല്ലാനോട്ടെ ആദ്യ കുടിയേറ്റകര്‍ഷകന്‍ പരേതനായ കടുകന്‍മാക്കന്‍ മാത്യുവിന്റെ എട്ടുമക്കളില്‍ ഇളയവനായ സജിക്ക് തന്റെ പിതാവ് നല്‍കിയ എട്ടേക്കര്‍ സ്ഥലം ജാതി, തെങ്ങ്, കവുങ്ങ്, കപ്പ, വാഴ, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ കൃഷികളാല്‍ സമ്പുഷ്ടമാണ്. കൂടാതെ പശുവും കോഴിയും മീന്‍ വളര്‍ത്തലും സജിയുടെ ഇഷ്ടകൃഷികളാണ്.

യുവകര്‍ഷകനായ സജിയുടെ പ്രധാനകൃഷി ജാതിയാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത കൂടുതല്‍ വിളവ് ലഭിക്കുന്ന ഈയിനത്തില്‍ തന്റെ ഏകമകളായ നോവയുടെ പേരില്‍ 'കടുകന്‍മാക്കല്‍ നോവ' എന്ന പേരിലാണ് അറിയപ്പെടുന്നത്.

ജാതിയുടെ കണ്ടുപിടിത്തത്തിന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നിരവധി അവാര്‍ഡുകളാണ് സജിയെ തേടിയെത്തിയത്.

2010-ലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ മികച്ചകര്‍ഷക അവാര്‍ഡ്, 2011-ലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പുരസ്‌കാരം, ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പുരസ്‌കാരം, ബാലുശ്ശേരി ബ്ലോക്ക് അവാര്‍ഡ്, 2012ല്‍ ജില്ലയിലെ മികച്ചകര്‍ഷക പുരസ്‌കാരം, അഗ്മ അവാര്‍ഡ്, നാഷണല്‍ ഇന്നോവേഷന്‍ അവാര്‍ഡ്, പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്ര അംഗീകാരം തുടങ്ങിയവയാണത്.

അമ്മ ഏലിക്കുട്ടിയും ഭാര്യ ഉഷയും ഏകമകള്‍ നോവയും അടങ്ങിയതാണ് സജിയുടെ കുടുംബം.


Stories in this Section