ഫിഷറീസ് വകുപ്പ് മത്സ്യരോഗചികിത്സാലയം തുടങ്ങുന്നു

Posted on: 09 Aug 2012


ബേപ്പൂര്‍: മത്സ്യരോഗചികിത്സയ്ക്കായി സംസ്ഥാനഫീഷറീസ് വകുപ്പ് മത്സ്യചികിത്സാലയം (അക്വാക്ലിനിക്ക്) തുടങ്ങുന്നു.

കൊച്ചി പനങ്ങാട് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന് കീഴിലാണ് ആസ്പത്രി തുടങ്ങുന്നത്. ദേശീയ ഫിഷറീസ് വികസന ബോര്‍ഡ് സാമ്പത്തികസഹായം വാഗ്ദാനംചെയ്തിട്ടുണ്ട്.

ചെമ്മീനിനെ ബാധിക്കുന്ന വെള്ളപ്പാണ്ടും മറ്റു രോഗങ്ങളും തടയുകയാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് കേരള ഫീഷറീസ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു. സംസ്ഥാനത്തെ ചെമ്മീന്‍പാടങ്ങളിലും മത്സ്യവളര്‍ത്തുകേന്ദ്രങ്ങളിലുമുള്ള വെള്ളത്തിന്റെ ഗുണനിലവാരക്കുറവ് മത്സ്യരോഗത്തിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 11-നാണ് ലോകത്തിലെ അഞ്ചാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല കേരളത്തില്‍ ആരംഭിച്ചത്. ഇവിടെ അഞ്ച് പുതിയ ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കും. പുതുവൈപ്പിനിലെ ഫിഷറീസ് സ്റ്റേഷന്‍ കാമ്പസില്‍ എം.എസ്‌സി (ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി ആന്‍ഡ് ഓഷ്യന്‍ മോഡലിങ്), എം.എസ്‌സി (ബയോളജിക്കല്‍ ഓഷ്യനോഗ്രാഫി ആന്‍ഡ് ബയോ ഡൈവേഴ്‌സിറ്റി) എന്നീ കോഴ്‌സുകള്‍ തുടങ്ങും. പനങ്ങാട്ടുള്ള കാമ്പസില്‍ എം.ബി.എ. (ഫിഷറീസ് മാനേജ്‌മെന്‍റ്), എം.എഫ്.എസ്.സി. (ഫിഷറീസ് ഇക്കണോമിക്‌സ്), എം.എഫ്.എസ്.സി. (ഫീഡ് ടെക്‌നോളജി) എന്നീ കോഴ്‌സുകളും തുടങ്ങും.

ഫിഷറീസ് സര്‍വകലാശാലയില്‍ 400 ലക്ഷംരൂപ ചെലവില്‍ മാതൃകാ മത്സ്യസംസ്‌കരണശാലയും തുടങ്ങുന്നുണ്ട്. സര്‍വകലാശാലാ കാമ്പസില്‍ ഇപ്പോഴുള്ള ഫെഡറല്‍ മ്യൂസിയത്തെ ദേശീയ മത്സ്യമ്യൂസിയമാക്കി ഉയര്‍ത്തും. സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ കഴിഞ്ഞ ദിവസം നിലവില്‍വന്നു. വൈസ് ചാന്‍സലര്‍തന്നെയാണ് കൗണ്‍സില്‍ ചെയര്‍മാന്‍.
Stories in this Section