നെല്ലോല തിന്ന് നീലവണ്ടുകള്‍;കര്‍ഷകര്‍ ദുരിതത്തില്‍
Posted on: 08 Aug 2012
കാസര്‍കോട്:നെല്ലോലയിലെ ഹരിതകം തിന്നുതീര്‍ക്കുന്ന നീലവണ്ടുകള്‍ (ബ്ലൂ ബീറ്റില്‍) കര്‍ഷകര്‍ക്കു ദുരിതമാകുന്നു. കണ്ണൂര്‍, കാസര്‍കോട്,കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ ഇതിന്റെ ആക്രമണം രൂക്ഷമായി. നിലാങ്കര പനങ്കാവ് പാടശേഖരങ്ങളില്‍ കീടനാശിനി തളിച്ചിട്ടും നീലവണ്ടുകളെ തുരത്താന്‍ കര്‍ഷകര്‍ക്കായില്ല.
കാലാവസ്ഥയിലെ പ്രശ്‌നങ്ങള്‍ മൂലമാണ് ഇത്തവണ ഒന്നാം വിളയ്ക്കു ഭീഷണിയായി വണ്ടുകളെത്തിയത്. നീലനിറമുള്ള ഈ വണ്ടുകള്‍ കൂട്ടമായിട്ടാണു നെല്‍വയലിലെത്തുക. നെല്ലോലയിലെ ഹരിതകം കരണ്ടുതിന്നുകയാണിവ ചെയ്യുകയെന്ന് പടന്നക്കാട് കാര്‍ഷിക കോളേജിലെ ഡോ. കെ.എം. ശ്രീകുമാര്‍ പറഞ്ഞു. ഹരിതകം തിന്നുതീര്‍ക്കുമ്പോള്‍ ജലാംശം നഷ്ടപ്പെടുന്ന നെല്ല് ചുരുളും. ഈ ചുരുളിലാണ് വണ്ടുകള്‍ മുട്ടയിടുക.
ഇലനഷ്ടം നെല്ലിനെ വലിയ രീതിയില്‍ ബാധിക്കില്ലെങ്കിലും വണ്ടുകളുടെ ആക്രമണം തുടക്കത്തിലേ തടഞ്ഞില്ലെങ്കില്‍ ഗുരുതരപ്രശ്‌നങ്ങളുണ്ടാകും.
ജില്ലയില്‍ അനുവദനീയമായ കീടനാശിനികളില്‍ അസെറ്റാസ് എന്ന ഇനമാണ് നീലവണ്ടുകളെ തുരത്താനുള്ള പ്രധാന മാര്‍ഗം. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ഗ്രാം കീടനാശിനി തളിക്കണം. അതിനൊപ്പം ഇന്‍പ്രോണ്‍ അല്ലെങ്കില്‍ അഗ്രവെറ്റ് എന്ന പശയും ചേര്‍ക്കണമെന്ന് കൃഷിശാസ്ത്രജ്ഞര്‍ പറഞ്ഞു. നെല്ലിന്റെ ഇല കുത്തനെയായതിനാല്‍ കീടനാശിനി തളിച്ചാല്‍ ഉരുണ്ടു വീഴും. ഇത് നെല്ലില്‍ തന്നെ ഒട്ടിപ്പിടിക്കാനാണ് പശ ഉപയോഗിക്കുന്നത്. നീലവണ്ടുകളുടെ ശല്യം രൂക്ഷമാകുമ്പോള്‍ മാലത്തിയോണ്‍ കീടനാശിനിയും തളിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് മില്ലി ലിറ്റര്‍ കീടനാശിനിയും പശയും ഉപയോഗിക്കണം. മണ്ണെണ്ണയും സോപ്പും കലര്‍ത്തിയ ഇമല്‍ഷനും കീടനാശിനിയായി ഉപയോഗിക്കാമെന്ന് കൃഷിവിദഗ്ധര്‍ പറഞ്ഞു.