കശുമാവില്‍ സ്റ്റോണ്‍ഗ്രാഫ്റ്റിങ് എങ്ങനെ?
Posted on: 05 Aug 2012
സുരേഷ് മുതുകുളം
കൃഷിപരിപാലനം
? കശുമാവില്‍ സ്റ്റോണ്‍ഗ്രാഫ്റ്റിങ് സാധ്യമാണോ? എങ്ങനെ ഇത് ചെയ്യാം?
-കെ.വാസുദേവന്‍പിള്ള, അരുമന
-കശുമാവില്‍ സ്റ്റോണ്‍ഗ്രാഫ്റ്റിങ് സാധ്യമാണ്. പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയില്‍ മികച്ച കശുവണ്ടികള്‍ പാകി മുളപ്പിച്ച് 10 ദിവസത്തിനകം ഗ്രാഫ്റ്റ് ചെയ്യണം. തൈകള്‍ ചുവട്ടില്‍നിന്ന് 3-5 സെ.മീ. ഉയരത്തില്‍ വട്ടം മുറിച്ച് ബാക്കി തണ്ട് രണ്ട് സെ.മീ. താഴേയ്ക്ക് നെടുകെ പിളര്‍ക്കുക. ഗ്രാഫ്റ്റിങ്ങിന് മൂന്നാഴ്ച മുന്‍പ് ഒട്ടുകമ്പിലെ ഇലകള്‍ നീക്കി മുകുള വളര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കണം. ഒട്ടുകമ്പ് 15 സെ.മീ. നീളത്തില്‍ മുറിച്ച് ചുവടുഭാഗം ആപ്പിന്റെ ആകൃതിയിലാക്കി തൈക്കുറ്റിയിലുണ്ടാക്കി പിളര്‍പ്പിലേക്ക് ഇറക്കിവെക്കണം. ഈ ഭാഗം അര സെ.മീ. വീതിയില്‍ മുറിച്ച പോളിത്തീന്‍ നാടകൊണ്ട് ചുറ്റിവരിഞ്ഞു നിര്‍ത്തുക. ഒരാഴ്ച കഴിയുമ്പോള്‍ ഒട്ടിക്കല്‍ വാടാതെ നിന്നാല്‍ വിജയിച്ചു എന്നുറപ്പിക്കാം.
'ബ്യൂക്കോ' എന്ത്?
? എന്താണ് 'ബ്യൂക്കോ?' ഇത് എവിടെ കിട്ടും?
-ഇസ്മായില്‍, പച്ച
-ഉള്‍ഭാഗം മൂക്കാത്ത മൃദുവായ കാമ്പുള്ള ഇളം നാളികേരത്തിന് ഫിലിപ്പീന്‍സുകാര്‍ പറയുന്ന പേരാണ് ബ്യൂക്കോ. ഇംഗ്ലീഷ് ഭാഷയില്‍ 'ബ്യൂക്കോ' എന്നാല്‍ 'ഇളം നാളികേരം' എന്നര്‍ഥം. നമ്മുടെ ഇളനീരിനോട് സമാനം. ഫിലിപ്പീന്‍സിലാണ് ഇതിന് ഏറേ പ്രചാരം. ഈ പേരില്‍ അവര്‍ ആതിഥ്യസല്‍ക്കാരത്തിനും മറ്റും നിരവധി നാളികേരോത്പന്നങ്ങള്‍ തയ്യാറാക്കിവരുന്നു. അതിഥിസല്‍ക്കാരത്തിന് അവര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പാനീയമാണ് 'ബ്യൂക്കോ ജ്യൂസ്'. ഇതിനുള്ള നാളികേരം ലഭിക്കാന്‍ അവര്‍ ഫിലിപ്പീന്‍സില്‍ ഗാലാസ് ഗ്രീന്‍ ഡ്വാര്‍ഫ്, ടാക്കുനന്‍ ഗ്രീന്‍ ഡ്വാര്‍ഫ് എന്നിങ്ങനെ രണ്ടിനം തെങ്ങുതന്നെ പ്രത്യേകം വളര്‍ത്തുന്നുണ്ട്. ഇതുകൂടാതെ ബ്യൂക്കോ പൈ, ബ്യൂക്കോ ഇന്‍ സിറപ്പ് തുടങ്ങിയ നാളികേര വിഭവങ്ങളും അവിടെ പ്രചാരത്തിലുണ്ട്. ഇതിനോട് സമാനമായ വിവിധ ഉത്പന്നങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും പ്രചാരത്തിലുണ്ട്.