സ്വകാര്യ വനവത്കരണത്തിന് സഹായധനം
Posted on: 05 Aug 2012
രാജന്‍ ചെറുക്കാട്
തേക്ക്, ഈട്ടി പോലുള്ള മരങ്ങളുടെ ദൗര്‍ലഭ്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ മേഖലയില്‍ ഇത്തരം മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ വനംവന്യജീവി വകുപ്പിന്റെ സഹായധനപദ്ധതി വരുന്നു. കേരളത്തിലിപ്പോള്‍ ആവശ്യമായതിന്റെ 60 ശതമാനവും ഇറക്കുമതിയാണ്. ഇതു പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.
കൂടുതല്‍ സ്ഥലത്ത് വനവത്കരണം നടത്തുക, കാലാവസ്ഥാ മാറ്റത്തെയും ആഗോളതാപനത്തെയും നേരിടുക, മരങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടുക, മരംനടല്‍ കാര്‍ഷിക പ്രവര്‍ത്തനമായി മാറ്റുക തുടങ്ങിയ ഉദ്ദേശ്യങ്ങളും ഇതിനു പിറകിലുണ്ട്.
സ്വകാര്യവ്യക്തികള്‍ക്ക് പുറമേ കുടുംബശ്രീ യൂണിറ്റുകള്‍, സ്വയംസഹായ ഗ്രൂപ്പുകള്‍, സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.
10 ഇനം മരങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ മരങ്ങള്‍ക്കാണ് സഹായധനം. കേരള സര്‍ക്കാറിന്റെ സാമൂഹിക വനവത്കരണ വിഭാഗം വൃക്ഷത്തൈകള്‍ നിശ്ചിത വിലയ്ക്ക് വിതരണം ചെയ്യും.
അപേക്ഷകന്‍ തൈകള്‍ നടുന്ന ഭൂമിയുടെ ഉടമയായിരിക്കണം. മിനിമം 50 മരങ്ങളെങ്കിലും നട്ടുപിടിപ്പിക്കണം. മൂന്ന് സ്ലാബുകളായിട്ടാണ്. സഹായധനം. 50 മുതല്‍ 200 വരെ ചെടികള്‍ക്ക് ഒന്നിന് 50 രൂപ വീതം നല്കും. 201 മുതല്‍ 400 വരെ ചെടികള്‍ക്ക് 40 രൂപ വീതമാവും നല്കുക. പക്ഷേ, കുറഞ്ഞത് 10,000 രൂപ എന്നു നിശ്ചയിച്ചിട്ടുണ്ട്. 401 മുതല്‍ 625 വരെ ചെടികള്‍ക്ക് ഒന്നിന് 30 രൂപ വീതം കുറഞ്ഞത് 16,000 രൂപ.
തൃപ്തികരമായ വളര്‍ച്ചയുണ്ടെങ്കില്‍ സഹായധനത്തിന്റെ 50 ശമാനം ആദ്യവര്‍ഷാവസാനവും ബാക്കി 50 ശതമാനം മൂന്നാംവര്‍ഷാവസാനവും ലഭിക്കും.
അഞ്ചാമത്തെയും പത്താമത്തെയും വര്‍ഷം വീണ്ടും വകുപ്പുതല സന്ദര്‍ശനം നടത്തുകയും ഓരോ വിഭാഗത്തിലും മൂന്നു കര്‍ഷകര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്യും. ഈ വിഭാഗത്തില്‍പ്പെട്ട മരങ്ങള്‍ നിലവില്‍ നട്ട കര്‍ഷകര്‍ക്കും പദ്ധതിയില്‍ ചേരാം. സോഷ്യല്‍ ഫോറസ്ട്രിയിലെ റേഞ്ച് ഓഫീസര്‍ക്കാണ് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലാതല കമ്മിറ്റിയാണ് സഹായധന വിതരണത്തിന് അംഗീകാരം നല്കുന്നത്. സഹായധന വിതരണം പഞ്ചായത്ത് തല കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ( സോഷ്യല്‍ ഫോറസ്ട്രി) കൃഷി ഓഫീസര്‍, എന്‍.ജി.ഒ. എന്നിവര്‍ പഞ്ചായത്ത്തല സമിതിയില്‍ അംഗങ്ങളായിരിക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട്, ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതായിരിക്കും ജില്ലാതല സമിതി. അടുത്ത ഏപ്രിലില്‍ പരിശോധന നടത്തുമ്പോള്‍ തേക്ക്, മഹാഗണി എന്നിവയ്ക്ക് ഒന്നര മീറ്റര്‍ ഉയരവും മറ്റുള്ളവയ്ക്ക് 50 സെ.മീറ്റര്‍ ഉയരവുമുണ്ടായിരിക്കണം.