വെച്ചൂരിനുശേഷം ചെറുവള്ളിപ്പശു

Posted on: 05 Aug 2012

പി.ജെ. ജോസഫ്, ആലപ്പുഴ, മുന്‍ കൃഷിവകുപ്പ് അസി. ഡയറക്ടര്‍
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് പരിസരത്ത് പുതിയൊരിനം നാടന്‍ പശുക്കളെ കണ്ടെത്തി. വെച്ചൂര്‍ പശുവിന്റെ തലതൊട്ടമ്മയായ ഡോ. ശോശാമ്മ ഐപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ഈ പുതിയ ഇനം കാലികള്‍ ആരിലും കൗതുകമുണര്‍ത്തുന്നു.വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന ഈ സുന്ദരിമാരില്‍ നല്ല വെള്ളനിറമുള്ളവരുണ്ട്. കറുപ്പ് നിറക്കാരുണ്ട്, തവിട്ടുനിറക്കാരുമുണ്ട്. കൊമ്പ് തീരെ ചെറുതാണ്. സൂചിക്കൊമ്പ്. കൊമ്പില്ലാത്ത മോഴകളുമുണ്ട്.

വെച്ചൂര്‍പ്പശുക്കളേക്കാള്‍ അല്പംകൂടി പൊക്കമുള്ള ഇവയുടെ വാല് നിലത്തുമുട്ടും. പ്രത്യേകിച്ച് പശുക്കളില്‍. ദേഹത്ത് വന്നിരിക്കുന്ന കൊതുകിനെയും ഈച്ചയെയുമൊക്കെ അടിച്ചുകൊല്ലാന്‍ പറ്റിയ വാല്. മലമ്പ്രദേശങ്ങളില്‍ ഓടിച്ചാടി നടക്കാന്‍ പാകത്തില്‍ തീരെ ചെറിയ കുളമ്പ്.

മൂരികള്‍ക്ക് മുതുകത്ത് വലിപ്പമേറിയ പൂഞ്ഞ (kpuy) യുണ്ട്. ചെറുപ്പത്തിലേ വളര്‍ത്തിത്തുടങ്ങിയാല്‍ മൂരിക്കുട്ടികള്‍ വലുതായാലും നല്ല ഇണക്കമുള്ളവരായിരിക്കും.

വിദേശിപ്പശുക്കളില്‍ കണ്ടുവരുന്ന കുളമ്പുദീനമോ അകിടുവീക്കമോ ഇവയില്‍ കാണാറില്ല. രോഗപ്രതിരോധശേഷി വളരെ കൂടുതലാണ്. വെച്ചൂര്‍ പശുക്കളെപ്പോലെ ഇവയ്ക്കും തീറ്റയും കുറച്ചുമതി. അടുക്കളയില്‍ ബാക്കിവരുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍, അല്പം പുല്ല്, കഞ്ഞിവെള്ളം, കാടിവെള്ളം. തീര്‍ന്നു അവയുടെ മെനു.

ശാന്തസ്വഭാവക്കാരാണ് ചെറുവള്ളിക്കാലികള്‍. മറ്റു പശുക്കളില്‍നിന്നും ഇവരെ വ്യത്യസ്തരാക്കുന്നതും ഇവരുടെ കഴുത്തും കഴുത്തിനടിയിലെ താടയുമാണ്. സൗന്ദര്യം തുളുമ്പുന്ന ഇറക്കമുള്ള താടി ആകര്‍ഷകമാണ്.

ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇവയെ വളര്‍ത്തുന്നത്. കൂട്ടമായി മിക്കവയും മേഞ്ഞുനടക്കും. പശുക്കിടാങ്ങള്‍ക്ക് 2-2.5 വയസ്സിനുള്ളില്‍ ചെന പിടിക്കും. ചെന പിടിച്ചുകഴിഞ്ഞ് 280 ദിവസത്തിനുള്ളില്‍ പ്രസവം നടക്കും. ഒറ്റ പ്രസവത്തില്‍ ഒരു കിടാവേ ഉണ്ടാകാറുള്ളൂ.

ചെറുവള്ളിപ്പശുക്കളുടെ ഏറ്റവും വലിയ പ്രത്യേകത ഇവരെ സുന്ദരികളാക്കുന്ന ചെമ്പന്‍കണ്ണുകളാണ്. ഇളംചുവപ്പ് കലര്‍ന്ന കണ്ണുകള്‍ അല്പം പുറത്തേക്ക് തള്ളിനില്ക്കും. കപിലപ്പശുക്കളുടെ കണ്ണുകള്‍പോലെ വശ്യതയാര്‍ന്ന കണ്ണുകള്‍ ആരെയും ആകര്‍ഷിക്കും.
വര്‍ഷത്തില്‍ ഒന്നെങ്കിലും പ്രസവിച്ചിരിക്കും. 17 പ്രാവശ്യംവരെ ഇവ പ്രസവിക്കാറുണ്ട്. പാല് മൂന്ന് ലിറ്റര്‍വരെ ലഭിക്കും. ഗുണമേന്മയേറിയതാണ് പാല്. കൊഴുപ്പ് കൂടുതലാണ്. എങ്കിലും വേഗം ദഹിക്കും. തൈരും മോരും ഏറേ രുചികരം.
ചാണകം ഉറപ്പുള്ളതും വളക്കൂറുള്ളതുമാണ്. കൃഷിയില്‍ വളപ്രയോഗത്തിന് ഇവയുടെ ചാണകവും മൂത്രവും വിശിഷ്ടമാണ്. പ്രകൃതി സൗഹൃദകൃഷി പ്രചരിച്ചപ്പോള്‍ (സീറോ ബജറ്റ് ഫാമിങ്) സമീപ ജില്ലകളിലെ കര്‍ഷകര്‍ ഇവയെ വാങ്ങിക്കൊണ്ടുപോകുന്നുണ്ട്. 9447650369Stories in this Section