
ചെങ്ങന്നൂര്‍: ആര്‍ക്കും ഈ അങ്കണവാടിയെ മാതൃകയാക്കാം. സംസ്ഥാനത്തെ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള സാമൂഹികക്ഷേമ വകുപ്പിന്റെ അവാര്‍ഡ് നേടിയ പി.കെ.ഓമനകുമാരി ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. പുലിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 123-ാം നമ്പര്‍ അങ്കണവാടിക്ക് പ്രത്യേകതകളേറെ.
വെറുമൊരു അങ്കണവാടിയെന്ന് ഇതിനെ വിശേഷിപ്പിച്ചാല്‍ നീതിയല്ല. പുലിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പഞ്ചായത്തുവക കളിസ്ഥലത്തിന് സമീപം വയലിന്റെ കരയിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്.
ഗേറ്റ് കടന്നുചെല്ലുമ്പോള്‍ ചെടികളുടെ നീണ്ട നിര കാണാം. പല ഇനങ്ങളിലുള്ള ചെത്തികളും ചെമ്പരത്തികളും ബന്ദി,രാജമല്ലി, കോളാമ്പി, ചെമ്പകം തുടങ്ങിയവയും ഇവിടെ പൂത്തുലഞ്ഞു നില്‍ക്കുന്നു. ഒരു ഭാഗത്ത് ഔഷധ സസ്യങ്ങളാണ്.
എരുക്ക്, നീലചമരി, കറ്റാര്‍വാഴ, വെളുപ്പും നീലയും ശംഖുപുഷ്പം, ഇഞ്ചി, കച്ചോലം, തുളസി, പനിക്കൂര്‍ക്ക, കസ്തൂരിമഞ്ഞള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ചെടികള്‍ക്ക് അതിരിട്ടു നില്‍ക്കുന്ന വെണ്ട കായ്ച്ചതാണ്. പാവല്‍, വഴുതന, ചീര, കോവല്‍, മുരിങ്ങ എന്നിവയും അങ്കണവാടി വളപ്പിലുണ്ട്. അഞ്ചുസെന്റ് നിലം ഉയര്‍ത്തിയാണ് കെട്ടിടം പണിതത്.
അമ്മമാരുടെ പ്രത്യേക സമിതിയും കൗമാരക്കാരുടെ ക്ലബ്ബും അങ്കണവാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളെ അനുമോദിക്കാനും അങ്കണവാടി മുന്നിലുണ്ട്.പി.സി.വിഷ്ണുനാഥ് എം.എല്‍.എ.യുടെ ഫണ്ടില്‍നിന്ന് അനുവദിച്ച മൂന്നുലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിതത്. അതുവരെ വാടക മുറികളിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. ഈ വാര്‍ഡില്‍ മെമ്പറായിരുന്ന അഡ്വ. ഡി.നാഗേഷ്‌കുമാര്‍ മുന്‍കൈയെടുത്ത് പഞ്ചായത്തില്‍നിന്ന് രണ്ടരലക്ഷം രൂപ ചെലവില്‍ കിണറും ചുറ്റുമതിലും ശൗചാലയവും വരാന്തയും നിര്‍മിച്ചു.
20 കുട്ടികള്‍ ഉണ്ട്. അംബുജാക്ഷിയാണ് ഹെല്‍പ്പര്‍. പച്ചക്കറിയുടെ വിളവെടുത്ത് കുട്ടികള്‍ക്ക് കറി വച്ച് നല്‍കുകയാണ് പതിവ്.