കീട നിന്ത്രണത്തിനുപയോഗിക്കാവുന്ന കുഞ്ഞന്‍ കടന്നലുകളെ കണ്ടെത്തി

Posted on: 29 Jul 2012


കല്പറ്റ:കീടങ്ങളുടെ നിയന്ത്രണത്തിനുപകരിക്കുന്ന 'കുഞ്ഞന്‍ കടന്നലുകളെ' വയനാട്ടില്‍ കണ്ടെത്തി. നാലു മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള നീണ്ട സ്പര്‍ശിനികളുള്ള ഈ കുഞ്ഞന്മാരെ പടിഞ്ഞാറത്തറ ബാണാസുരമല അടിവശത്തെ വെള്ളച്ചാട്ടത്തിനരികില്‍ നിന്നാണ്കിട്ടിയത്. സസ്യങ്ങള്‍ക്ക് ഉപദ്രവമാകുന്ന കീടങ്ങളുടെ ലാര്‍വയിലും മുട്ടയിലുമാണ് ഇവ മുട്ടയിടുക. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഈ ലാര്‍വകളെയും മുട്ടകളെയും ആഹാരമാക്കും. അതിനാല്‍ 'പരാദ കടന്നല്‍' വിഭാഗത്തില്‍പ്പെട്ട ഇവ കീടങ്ങളുടെ നിയന്ത്രണത്തിന് ഉപകാരിയാവുന്നു.

പശ്ചിമഘട്ടത്തിലെ ജീവിവര്‍ഗങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ആസ്ഥാനമായുള്ള പശ്ചിമഘട്ട മേഖലാ കേന്ദ്രത്തിലെ ഡോ. പി.എം. സുരേഷാണ് സിര്‍ടോപ്റ്റിക്‌സ് വയനാടന്‍ സിസ്' എന്നുപേരിട്ട കുഞ്ഞന്മാരെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്.

ഇത് വംശനാശഭീഷണിനേരിടുന്ന ജീവിവര്‍ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 'ജേര്‍ണല്‍ ഓഫ് ത്രെട്ടന്‍സ്‌ടെക്‌സാ' യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.'സിര്‍ടോപ്റ്റിക്‌സ് ദെലൂച്ചി' എന്ന ജനുസ്സില്‍പ്പെട്ട ജീവിയാണിത്. ഈ ജനുസ്സില്‍ ഒമ്പതു സ്പിഷീസ് മാത്രമാണ് ലോകത്താകെ റിപ്പോര്‍ട്ട് ചെയ്തത്. അതിലൊന്ന് ഇന്ത്യയില്‍നിന്നാണ്.

1979-ല്‍ തമിഴ്‌നാട്ടില്‍ നിന്നാണ് സിര്‍ടോപ്റ്റിക്‌സ് ജനുസ്സിലെ മറ്റൊരിനും കടന്നലിനെ കണ്ടെത്തിയത്. കേരളത്തില്‍ ഇത്തരത്തിലുള്ള ജീവിവര്‍ഗത്തെ കണ്ടെത്തുന്നത് ആദ്യമായാണ്. എന്നാല്‍ പരാദ കടന്നലുകള്‍കീടനിയന്ത്രണത്തിനുപകരിക്കുന്നതിനെക്കുറിച്ച് ഇന്ത്യയില്‍ വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ല. ഇവയെ വന്‍തോതില്‍ വികസിപ്പിച്ച് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ കാര്‍ഷിക മേഖലയ്ക്ക് മുതല്‍കൂട്ടാവും. മറ്റു കടന്നല്‍ വര്‍ഗങ്ങളെപ്പോലെ കൂട്ടമായല്ല ഇവ ജീവിക്കുന്നത്. ആണിനും പെണ്ണിനും നിറത്തില്‍ വ്യത്യാസമുണ്ട്.

ടി.എം. ശ്രീജിത്ത്


Stories in this Section