
അശോകവനിയിലെ ഏറ്റവും ശ്രേഷ്ഠവൃക്ഷമാണ് 'ശിംശപ'. രാമായണത്തില്‍ രാവണനാല്‍ അപഹരിക്കപ്പെട്ട സീതാദേവിയെ ഹനുമാന്‍ ശിംശപ വൃക്ഷച്ചുവട്ടില്‍ രാക്ഷസികളുടെ നടുവില്‍ ദര്‍ശിച്ചതായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 'പുഷ്പിക്കുന്ന വൃക്ഷങ്ങളിലെ രാജ്ഞി'യെന്നറിയപ്പെടുന്ന ശിംശപ 'മാന്‍മറിന്റെ അഭിമാനം' എന്നും വിശേഷിപ്പിക്കപ്പെടുന്നു.
മുപ്പതടിയിലേറെ ഉയരത്തില്‍ താഴേയ്ക്ക് ഒതുങ്ങിയ ശാഖകളോടെ വളരുന്ന ശിംശപയുടെ ശാസ്ത്രനാമം 'ആംഹെ സ്റ്റിയ നൊബിലിസ്' എന്നാണ്. പൂക്കളുടെ മനോഹാരിതയാണ് ഇവയെ വ്യത്യസ്തയാക്കുന്നത്. ചുവപ്പ്, വെള്ള, മഞ്ഞ തുടങ്ങിയ നിറങ്ങളുടെ സങ്കരമായി കാണുന്ന ദളങ്ങളടങ്ങിയ പൂങ്കുലകള്‍ നയനാനന്ദകരമാണ്. കേരളത്തിലെ കാലാവസ്ഥയില്‍ ശിംശപ നന്നായി വളര്‍ന്ന് പുഷ്പിക്കുമെങ്കിലും ഇവ കണ്ടെത്തുകതന്നെ അപൂര്‍വം. തൈകളുടെ ലഭ്യത കുറവാണ് പ്രധാന കാരണം. ഉദ്യാനപ്രേമികള്‍ ശിംശപ വൃക്ഷം പലയിടങ്ങളിലും പരിപാലിച്ച് വളര്‍ത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: sailnair@yahoo.com.