അലങ്കാരമത്സ്യ കയറ്റുമതി രംഗത്ത് പച്ചപിടിച്ചു വന്ന കേരള അക്വാ വെഞ്ചേഴ്സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍) എന്ന പൊതു -സ്വകാര്യ സംരംഭത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ ചൂടുപിടിക്കുന്നു. ആലുവ കടുങ്ങല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി രണ്ടുവര്‍ഷം പിന്നിട്ടപ്പോഴേക്കും പദ്ധതിയുടെ താളം തെറ്റിയെന്ന് സംരംഭകരില്‍ ചിലര്‍ പറയുന്നു. എന്നാല്‍, ഇത് തെറ്റായ പ്രചാരണങ്ങളാണെന്നും ഒരു സര്‍ക്കാര്‍ സംരംഭത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും പറഞ്ഞ് 'കാവിലി' ലെ ജീവനക്കാരും രംഗത്തെത്തി.പദ്ധതിയുടെ ആരംഭത്തില്‍ ലക്ഷ്യം വച്ചിരുന്നത്ര കയറ്റുമതി, കമ്പനിക്ക് നടത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ കൂടി ശൈശവാവസ്ഥയില്‍ തന്നെ അതിന്റെ പരമാവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കമ്പനി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും അവകാശവാദം.
അലങ്കാര മത്സ്യ ഉത്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനത്ത് അക്വാ ടെക്നോളജി പാര്‍ക്കുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നതിനായി സര്‍ക്കാര്‍ രൂപവത്കരിച്ച ഒരു പൊതു-സ്വകാര്യ സംരംഭമാണ് 'കാവില്‍'. മുഖ്യമന്ത്രി ചെയര്‍മാനും ഫിഷറീസ് മന്ത്രി വൈസ് ചെയര്‍മാനുമാണ്. കമ്പനിയുടെ ആസ്ഥാനവും ഒരു അക്വാ ടെക്നോളജി പാര്‍ക്കും കൂടിയാണ് കടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്നത്.
മത്സ്യങ്ങളുടെ ഗുണമേന്മ പരിശോധനാ കേന്ദ്രവും ആറ് എക്സ്പോര്‍ട്ട് ഹബ്ബുകളും ഉള്‍പ്പെടുന്നതാണ് അക്വാ ടെക്നോളജി പാര്‍ക്ക്. അതില്‍ അഞ്ച് ഹബ്ബുകള്‍ സ്വകാര്യ വ്യക്തികളും ഒരെണ്ണം മത്സ്യഫെഡുമാണ് ഏറ്റെടുത്ത് നടത്തുന്നത്. കയറ്റുമതിക്ക് ആവശ്യമായ അലങ്കാര മത്സ്യങ്ങളെ സംഭരിച്ച്, കണ്ടീഷന്‍ ചെയ്ത്, പായ്ക്ക് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ യൂണിറ്റുകളാണ് ഇത്.
കയറ്റുമതിക്ക് ആവശ്യമായ സാങ്കേതിക സഹായമെല്ലാം ചെയ്തുകൊടുക്കുന്നത് കാവിലിന്റെ നേതൃത്വത്തിലാണ്. എന്നാല്‍, നേരത്തെയുള്ള എല്ലാ ധാരണകളും തെറ്റിച്ചുകൊണ്ടുള്ള സമീപനമാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് സ്വകാര്യ സംരംഭകരുടെ ആരോപണം. രണ്ട് സംരംഭകര്‍ ഇതിനകം തന്നെ ഹബ്ബുകള്‍ ഉപേക്ഷിച്ചു.
കയറ്റുമതി ഒന്നും നടക്കാതെ, തൊഴിലാളികള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ പറ്റാതെ വന്നപ്പോഴാണ് ഈ സംരംഭകര്‍ യൂണിറ്റ് ഉപേക്ഷിച്ചുപോയത്. എന്നാല്‍, രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ 37 കയറ്റുമതികളിലൂടെ 87,624 യു.എസ്. ഡോളര്‍ മൂല്യമുള്ള 1,76,085 വര്‍ണമത്സ്യങ്ങളെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായാണ് കമ്പനിയുടെ കണക്ക്. 25 ലക്ഷം വീതം മുടക്കി ഹബ്ബുകള്‍ പാട്ടത്തിനെടുത്തിരിക്കുന്ന സംരംഭകര്‍ക്ക് ഈ രീതിയില്‍ കയറ്റുമതി നടന്നാല്‍ ലാഭകരമല്ല എന്നാണ് പറയുന്നത്.