
കണ്ണൂര്‍: ഉളിക്കല്‍ പഞ്ചായത്തിലെ ആദിവാസി കോളനിവാസികള്‍ക്കിപ്പോള്‍ വെറുതെയിരിക്കാന്‍ സമയമേയില്ല. റബ്ബര്‍ തൈകളെ മക്കളെപ്പോലെ പരിചരിച്ച് ഇവരെല്ലാം സദാ തിരക്കിലാണ്. പഞ്ചാ യത്തില്‍ കോളനിവാസികളും റബ്ബര്‍തോട്ടത്തിന്റെ ഉടമകളായി മാറിക്കഴിഞ്ഞു. 19 കോളനികളിലും 25 സെന്റ് സ്ഥലമുള്ളവര്‍ക്കെല്ലാം റബ്ബര്‍ തൈകള്‍ വിതരണം ചെയ്ത് പഞ്ചായത്ത് ഭരണസമിതിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. നിലമൊരുക്കുന്നതിനും തൈ നടുന്നതിനും കോളനിവാസികളെ സഹായിക്കാന്‍ തൊഴിലുറപ്പുപദ്ധതിയിലെ തൊഴിലാളികളും രംഗത്തിറങ്ങി. കോളനിക്കാരുടെ റബ്ബര്‍ മരത്തിന് എട്ടുമാസം പ്രായമായിക്കഴിഞ്ഞു. കോട്ടപ്പാറ, മണിപ്പാറ കോളനികളില്‍മാത്രം ആയിരത്തിലധികം തൈകള്‍ നല്‍കി.
പഞ്ചായത്തില്‍ ഒന്നാം ഘട്ടത്തില്‍ 6500 തൈകള്‍ വിതരണം ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ് പറഞ്ഞു. വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറരലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു. നൂറു രൂപ തോതിലാണ് തൈകള്‍ വാങ്ങിയത്. തൈ ഒന്നിന് ഒരു കിലോ വളംവീതവും വിതരണം ചെയ്തു. രണ്ടാം ഘട്ടത്തില്‍ 6000 തൈകള്‍കൂടി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും ബെന്നി തോമസ് കൂട്ടിച്ചേര്‍ത്തു. 6വര്‍ഷത്തേക്ക് പ രിചരണവും പഞ്ചായത്ത് ഉറപ്പുവരുത്തി.
കോട്ടപ്പാറ കോളനിമൂപ്പന്‍ മൂത്തേടത്ത് കുഞ്ഞമ്പുവിന് 50 റബ്ബര്‍ മരങ്ങളുള്ള ഒരു തോട്ടമുണ്ട്. ദിവസവും തോട്ടത്തിലെത്തി കുറച്ചുനേരമെങ്കിലും പണിയെടുക്കും. മക്കളുടെ കാലത്തേക്ക് കരുതലായി റബ്ബര്‍ മരങ്ങള്‍ കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞമ്പു മൂപ്പന്‍.
ഈറ്റിശ്ശേരി കാര്‍ത്ത്യായനിക്കുമുണ്ട് നൂറുമരങ്ങളുള്ള ഒരുതോട്ടം. റബ്ബര്‍തൈകള്‍ക്ക് നാമ്പിടുമ്പോള്‍ കാര്‍ത്ത്യായനിയുടെ സന്തോഷം അതിരുകടക്കും. സമയം കിട്ടുമ്പോഴൊക്കെ തോട്ടത്തിലെത്തി തൈകള്‍ പരിചരിക്കുന്നത് കാര്‍ത്ത്യായനിക്ക് ശീലമായിക്കഴിഞ്ഞു. പയ്യാവൂര്‍ നാരായണന്റെ തോട്ടത്തില്‍ നൂറു തൈകളുണ്ട്. വാതരോഗംവന്ന് നടക്കാന്‍ വയ്യാതായിട്ടും ദിവസം ഒരുതവണയെങ്കിലും തോട്ടത്തിലെത്തിയില്ലെങ്കില്‍ തനിക്ക് ഉറക്കം വരില്ലെന്ന് നാരായണന്‍ പറഞ്ഞു.
ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാണ് ഞങ്ങള്‍ക്കീ തോട്ടം. ഇതിനെ ഞങ്ങള്‍ പൊന്നുപോലെ നോക്കും. ഇതു പറ യുമ്പോള്‍ മുണ്ടയാടന്‍ യശോദക്ക് നൂറുനാവാണ്. കോളനിക്കാരുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമായി റബ്ബര്‍ തോട്ടങ്ങള്‍ മാറിക്കഴിഞ്ഞു. ഈറ്റിശ്ശേരി കുഞ്ഞമ്പു, മൂത്തേടത്ത് നാരായണന്‍, രജി മൂത്തേടത്ത്, കാര്‍ത്ത്യായനി മുണ്ടയാടന്‍, സരോജിനി എന്നിവര്‍ക്കെല്ലാം സ്വന്തം തോട്ടമായി.
ആദിവാസി സമൂഹത്തെ പിടിച്ചുയര്‍ത്താനുള്ള താങ്ങായി ഇത്തരം പദ്ധതികള്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി. നേട്ടങ്ങളുടെ പട്ടികയിലെ പൊന്‍തൂവലാണ് ആദിവാസികള്‍ക്ക് റബ്ബര്‍തൈകള്‍ നല്‍കുന്ന പദ്ധതിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പിന്നാക്കക്ഷേമമന്ത്രി പി.കെ.ജയലക്ഷ്മി അഭിപ്രായപ്പെട്ടിരുന്നു.