തെന്മല: ഓണത്തിന് ഒരുമാസം മാത്രം ശേഷിക്കെ തമിഴ് അതിര്‍ത്തി ഗ്രാമങ്ങളില്‍ കൃഷിയിടം ഒരുക്കിത്തുടങ്ങിയിട്ടേയുള്ളൂ. മഴ കിട്ടാതിരുന്നതിനാല്‍ വിളവിറക്കാതെ കാത്തിരുന്ന കര്‍ഷകര്‍ ഇടവിട്ട് ലഭിച്ചു തുടങ്ങിയ മഴയെ വിശ്വാസത്തിലെടുക്കേണ്ട ഗതികേടിലായി.
മെയ് അവസാനം ലഭിക്കുന്ന മഴയില്‍ നിലങ്ങള്‍ ഉഴുതുമറിച്ച് കൃഷിയിറക്കിയിരുന്ന തമിഴരുടെ പാരമ്പര്യമാണ് ഇക്കുറി മുടങ്ങിയത്. ഓണവിപണിയില്‍ വിഭവക്ഷാമം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 90 ദിവസംകൊണ്ടാണ് നെല്ലും പച്ചക്കറികളും സവാളയും ഉള്ളിയുമെല്ലാം വിളവെടുപ്പിന് തയ്യാറാവുക.
തെങ്കാശി, ആലങ്കുളം, കടയനല്ലൂര്‍, പാവൂര്‍ സത്രം, സുന്ദരപാണ്ഡ്യപുരം എന്നിവിടങ്ങളില്‍നിന്നാണ് ഓണത്തിന് തെക്കന്‍ കേരളത്തിലേക്ക് വിഭവങ്ങള്‍ എത്തിയിരുന്നത്. പൂക്കൃഷിയും അവതാളത്തിലായതിനാല്‍ വടക്കേയിന്ത്യന്‍ പൂക്കള്‍ ഓണവിപണി കീഴടക്കും.
വേനലില്‍ ഉറച്ചുപോയ കൃഷിയിടം ഇടവിട്ട് പെയ്ത മഴയിലും നന്നായി ഉഴുതുമറിക്കാനാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഇനിയും കാത്തിരിക്കുന്നത് ബുദ്ധിയല്ലെന്നു കണ്ടാണ് നിലം ഉഴുതു തുടങ്ങിയത്. നെല്‍പ്പാടത്തില്‍ ചെളിയിലൂടെ കാളയും കലപ്പയുമായി നീങ്ങുന്ന കര്‍ഷകക്കാഴ്ച മാറി. ഏറെക്കുറെ നനഞ്ഞ മണ്ണിലൂടെ കാളകള്‍ ഏന്തിവലിയുന്നു.
ആര്യങ്കാവ് പിന്നിട്ട് തമിഴ് ഗ്രാമങ്ങളിലെത്തിയാല്‍ മിക്കയിടത്തും പാടങ്ങള്‍ തരിശിട്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് പച്ചവിരിച്ചു കിടന്ന പാടങ്ങളാണിത്. മഴ ചതിച്ചത് ഓണവിപണിയെ ആശ്രയിച്ചിരുന്ന സാധാരണ തമിഴ് കര്‍ഷകനെയാണ് ഏറെ ബാധിക്കുക.