നേന്ത്രവാഴവിത്ത് ഉത്പാദിപ്പിക്കാന്‍

Posted on: 21 Jul 2012

സുരേഷ് മുതുകുളംകഴിഞ്ഞവര്‍ഷമാണ് ആദ്യമായി നേന്ത്രവാഴക്കൃഷി തുടങ്ങിയത്. ഇത്തവണ വാഴവിത്ത് സ്വന്തമായിത്തന്നെ ഉത്പാദിപ്പിക്കണമെന്നുണ്ട്. ഇതിന് എന്തൊക്കെയാണ് ചെയ്യേണ്ടത് ?

-ജയേഷ് നായര്‍, കണിച്ചുകുളങ്ങര


മികച്ച വിത്ത് മികച്ച വിളവ് തരും എന്ന് പറയേണ്ടതില്ലല്ലോ. വാഴയുടെ കാര്യത്തില്‍ മികച്ച വിത്തിന് ചില മാനദണ്ഡങ്ങളുണ്ട്. ഇതിലൊന്ന് കടഭാഗത്ത് കനംകൂടി മുകളിലേക്കുവരുമ്പോള്‍ കനംകുറഞ്ഞ്, വീതി കുറഞ്ഞ്, വാള്‍പോലെ നീണ്ട ഇലകളുള്ള സൂചിക്കന്നാണ്. വാഴ കുലച്ചതിനുശേഷം മുളപൊട്ടിയ 2-3 കന്നുകള്‍ നടാനെടുക്കാം. ഇവയ്ക്ക് മൂന്നുനാലുമാസം വളര്‍ച്ചയായാല്‍ നടാന്‍ നന്ന്.

കുലവെട്ടി ഒരു മാസത്തിനകം കന്നുകള്‍ ഇളക്കണം. മാണത്തിനുമീതെ 15 സെ.മീ. തണ്ടുനിര്‍ത്തി ബാക്കി മുറിച്ചുനീക്കുക. ഒപ്പം വേരുകളും മറ്റും നീക്കി കുഴമ്പുപോലാക്കിയ ചാരം-ചാണകം മിശ്രിതത്തില്‍ കന്നുകള്‍ മുക്കിയെടുത്ത് 3-4 ദിവസം ഉണക്കുക. ഇത്തരം കന്നുകള്‍ രണ്ടാഴ്ചയോളം സൂക്ഷിക്കുന്നതില്‍ തെറ്റില്ല.

നീരൊഴുക്കുള്ളപ്പോള്‍ വളപ്രയോഗം എങ്ങനെ?

എന്റെ പാടത്ത് സാമാന്യം നല്ല നീരൊഴുക്കുണ്ട്. അതുകൊണ്ടുതന്നെ വളപ്രയോഗത്തില്‍ ബുദ്ധിമുട്ടുകളുമുണ്ട്. ഇവിടെ എങ്ങനെയാണ് വളം ചേര്‍ക്കേണ്ടത്? വളപ്രയോഗ സമയവും അറിയിക്കുമല്ലോ?

രാജന്‍ മത്തായി, നഗരൂര്‍


വെള്ളക്കെട്ടും നീരൊഴുക്കും വളപ്രയോഗത്തിന് പ്രത്യേകിച്ച് രാസവളപ്രയോഗത്തിന് നന്നല്ല. ഇവിടെ വളമിടുന്നതിന് ഒരു ദിവസം മുന്‍പ് വെള്ളം വാര്‍ത്തുകളഞ്ഞ് മണ്ണ് തെളിക്കണം. എന്നിട്ടുവേണം വളം ചേര്‍ക്കല്‍. വളമിട്ടാല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് വെള്ളം കയറ്റിനിര്‍ത്താം. ഇത്തരം സ്ഥലങ്ങളില്‍ യൂറിയപോലുള്ള വളങ്ങള്‍ ലായനി രൂപത്തിലാക്കി കലക്കി തളിക്കുകയും പതിവുണ്ട്. ഇതാണ് ഇലകള്‍ വഴിയുള്ള വളപ്രയോഗം (പര്‍ണപോഷണം). മൂന്നുതവണയാണ് നെല്ലിന് വളം നല്‍കേണ്ടത്.

ആകെ ശുപാര്‍ശയുടെ നൈട്രജന്‍, പൊട്ടാഷ് എന്നിവ പകുതിവീതവും ഫോസ്ഫറസ് മുഴുവനും അടിവളം, നൈട്രജന്റ് നാലിലൊന്ന് ചിനപ്പുപൊട്ടുമ്പോള്‍, ബാക്കി നൈട്രജനും പൊട്ടാഷും അടിക്കണപ്പരുവത്തിലും.Stories in this Section