ചക്ക വക്കീല്‍
Posted on: 19 Jul 2012
കെ.രാജേഷ് കുമാര്‍
സീസണ്‍ തുടങ്ങിയാല്‍ പിന്നെ കാസര്‍കോട്ടെ അഡ്വ. കെ.കെ.മഹാലിംഗ ഭട്ടിന് മൂന്ന് നേരവും ഭക്ഷണം ചക്കമാത്രം. പച്ചച്ചക്ക ദോശ, പഴുത്ത ചക്ക അപ്പം, ചക്കച്ചപ്പാത്തി, ചക്കക്കുരു ഹോളിഗ തുടങ്ങി ചക്കപ്പുഴുക്കും പായസവും എല്ലാം മാറി മാറി ഭട്ട് പരീക്ഷിക്കുന്നു. എഴുപത്തിയേഴാം വയസ്സിലും മഹാലിംഗ ഭട്ട് ചക്കയ്ക്ക് വേണ്ടി ലോ പോയിന്റുകള്‍ നിരത്തുന്നു
വര്‍ ഓണര്‍....ലോകത്തിലെ ഏറ്റവും വലിയ പഴമാണെങ്കിലും ചക്ക ഇന്ന് കേരളത്തില്‍ ഏറ്റവും കൊടിയ അവഗണന നേരിടുകയാണ്. വെള്ളവും വളവും നല്‍കിയില്ലെങ്കിലും തേന്‍മധുരം നല്‍കുന്ന പ്ലാവുകളുടെ അവസ്ഥ ദയനീയമാണ്. ചക്ക പറിച്ചു കഴിഞ്ഞാല്‍ അടുത്ത സീസണെത്തുമ്പോള്‍ മാത്രമാണ് എല്ലാവരും പ്ലാവിനെക്കുറിച്ച് ചിന്തിക്കുന്നത്. ഈ അവഗണനയ്‌ക്കെതിരെ നീതിപീഠത്തിന്റെ ശക്തമായ ഇടപെടല്‍ ഞാന്‍ ആവശ്യപ്പെടുന്നു. ദാറ്റ്‌സ് ഓള്‍ യുവര്‍ ഓണര്‍''.
ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ മുഖേന ഹൈക്കോടതിയില്‍ 1961ല്‍ എന്‍റോള്‍ ചെയ്ത് പ്രാക്ടീസ് തുടങ്ങിയ അഡ്വ. കെ.കെ.മഹാലിംഗ ഭട്ടിന് എഴുപത്തിയേഴാം വയസ്സിലും ചക്കയ്ക്ക് വേണ്ടി ലോ പോയിന്റുകള്‍ നിരത്തി വക്കാലത്ത് തയ്യാറാക്കാന്‍ നൂറ് നാക്കും വാക്കും. എവിടെ ചക്ക മുറിക്കുന്നുണ്ടോ അവശതകളെല്ലാം മറന്ന് അവിടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഭട്ട് മണം പിടിച്ചെത്തിയിരിക്കും. കഴിഞ്ഞ ദിവസം കാസര്‍കോട്ടെ മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിച്ച ചക്ക മഹോത്സവത്തെപ്പറ്റി പത്രത്തില്‍ നിന്നറിഞ്ഞ വക്കീല്‍ ചക്കയ്ക്ക് കത്തിവെക്കും മുമ്പെ തന്നെ സ്‌കൂളില്‍ പറന്നെത്തി.ചക്കയെപറ്റിയുള്ള മധുരമൂറുന്ന ഓര്‍മ്മച്ചുളകള്‍ അദ്ദേഹം കുട്ടികളുമായി പങ്കിട്ടു. ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ വയറും മനസ്സും നിറച്ച് ആസ്വദിച്ച ശേഷമായിരുന്നു മടക്കം.
സീസണ്‍ തുടങ്ങിയാല്‍ പിന്നെ ഭട്ടിന് മൂന്ന് നേരവും ഭക്ഷണം ചക്കമാത്രം. പച്ചച്ചക്ക ദോശ, പഴുത്ത ചക്ക അപ്പം, ചക്കച്ചപ്പാത്തി, ചക്കക്കുരു ഹോളിഗ...തുടങ്ങി ചക്കപ്പുഴുക്കും പായസവും എല്ലാം മാറി മാറി ഭട്ട് പരീക്ഷിക്കുന്നു. ചക്ക സാമ്പാര്‍ നിങ്ങള്‍ കൂട്ടിയിട്ടുണ്ടോ? എത്ര നല്ല മാങ്ങ ആയാലും അത് സാമ്പാറാക്കാനാകില്ലല്ലോ ഭട്ടിന്റെ ഈ ലോ പോയന്റില്‍ പിടിച്ച് ചക്കയുടെ കക്ഷികള്‍ ഏത് കേസും ജയിച്ചുകയറും എന്നു തീര്‍ച്ച.
ആപ്പിളും ചക്കയും മുന്നില്‍ കൊണ്ടുവെച്ചാല്‍ താന്‍ ചക്കമാത്രമേ തൊടുകയുള്ളൂവെന്ന് വക്കീല്‍. മായമില്ലാത്ത മധുരം ഇന്ന് ചക്കയിലല്ലാതെ മറ്റെന്തിലുണ്ടെന്നും ഭട്ട് ചോദിക്കുന്നു. 365 ദിവസവും ചക്ക തന്നോളൂ. ഞാന്‍ തിന്നോളാം. അതാണ് അദ്ദേഹത്തിന്റെ പോളിസി. അതറിയുന്ന ഭട്ടിന്റെ കക്ഷികള്‍ കേസുകെട്ടുകളുമായെത്തുമ്പോള്‍ ഫീസിനൊപ്പം ചക്കയും കരുതും. കാസര്‍കോട് നഗരത്തില്‍ പ്ലാവില്ലാത്ത പറമ്പില്‍ നൂറൂകണക്കിന് ചക്കയെത്തുന്നതിന്റെ രഹസ്യം ഇപ്പോള്‍ മനസ്സിലായില്ലേ? കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രശസ്തനായ തോക്ക് വക്കീലുമാണ് ഭട്ട്. മലമടക്കുകളില്‍നിന്ന് ഒരു കയ്യില്‍ തോക്കുമായെത്തുന്നവര്‍ മറ്റേക്കൈയ്യില്‍ ഉണ്ടച്ചക്കയും കരുതുന്നു. കേസ്സുള്ളിടത്തോളം കാലം ചക്കയ്ക്കും മുട്ടുവരില്ലെന്ന് കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് മഹാലിംഗ ഭട്ട് പറയുന്നു.
ഒരു മാസത്തിലേറെയായി പച്ചക്കറി കടയിലേക്ക് പോയിട്ടേയില്ലെന്ന് ഭട്ട്. ചക്കയുള്ളപ്പോള്‍ എന്തിന് പണം കൊടുത്ത് വിഷം വാങ്ങിത്തിന്നണം? പണ്ടൊക്കെ ചക്കക്കാലത്ത് പത്ത് ദിവസം അവധിയെടുത്ത് നൂറിലേറെ പ്ലാവുകളുള്ള കുമ്പള കിദൂറിലെ തറവാടിലേക്ക് പോകും. പണിക്കാരെ വെച്ച് ചക്ക പറിച്ച് വൃത്തിയാക്കിയെടുക്കും. അന്ന് ഉണ്ടാക്കി സൂക്ഷിച്ചിരുന്ന ചക്കപ്പപ്പടത്തിന് കണക്കില്ല. ബേക്കറി സാധനങ്ങള്‍ വാങ്ങി മക്കള്‍ക്ക് കൊടുത്ത് അസുഖം പിടിപ്പിക്കുന്നതെന്തിന്. ചക്കപ്പപ്പടം എണ്ണയിലിട്ട് വറുത്ത് കൊടുത്താല്‍ പോരെ. ചക്കച്ചിപ്‌സിനിപ്പോള്‍ എന്താ വില.അതിഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടാകുമോ ഈ ലോകത്ത്. എല്ലാ പഴങ്ങളുടെയും അമ്മയാണ് ചക്ക.ഉദര സംബന്ധമായ രോഗങ്ങള്‍ക്കും നല്ലത്. ചക്കയ്ക്ക് ചുക്കും മാങ്ങയ്ക്ക് തേങ്ങയും എന്നല്ലേ പണ്ടുള്ളവര്‍ പറഞ്ഞ് വെച്ചത്.
കാസര്‍കോട് ശാന്ത ദുര്‍ഗാംബ റോഡിലെ വീടിന്റെ മുന്നിലെ തെങ്ങിന്‍ തടം നിറയെ ചക്കമടലാണ്. കുമ്പള കിദൂരിലെ തറവാടായിരുന്നെങ്കില്‍ അവയെല്ലാം ഉണക്കി പശുവിന് കൊടുക്കുമായിരുന്നുവെന്ന് ഭട്ട്. പുതുമഴയത്ത് വയല്‍ ഉഴാനിറങ്ങുന്ന കാളകള്‍ക്ക് പണ്ട് ഉണക്കിയ ചക്കമടല്‍ അരിമാവില്‍ കുഴച്ച് കൊടുത്തിരുന്നതും ഭട്ട് മറന്നിട്ടില്ല.
തെങ്ങിനെയും മാവിനെയുംപ്പറ്റിപ്പറയാന്‍ ഇവിടെ ആയിരക്കണക്കിനാള്‍ക്കാരുണ്ട്. എന്നാല്‍ ചക്കയ്ക്കുപ്പു നോക്കുന്നത്‌പോലും പലര്‍ക്കും വലിയ പോരായ്മയാണ്.പ്ലാവില്‍നിന്ന് പറിക്കുന്നതിനും മുറിച്ച് വൃത്തിയാക്കിയെടുക്കുന്നതിനും ഉള്ള ബുദ്ധിമുട്ടാണ് പലരെയും ചക്കയില്‍നിന്ന് അകറ്റുന്നത്.
പാരീസില്‍ ഒമ്പത് ചക്കച്ചുളയ്ക്ക് 300 രൂപ നല്‍കണം. ഒരു കിലോ ചക്കക്കുരുവിന് 400 രൂപയും. ചക്കക്കുരുവില്‍നിന്നുള്ള പാലിന് രക്തം കട്ടപിടിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അത് സംബന്ധിച്ചുള്ള ഗവേഷണം ബ്രിട്ടീഷ് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അതൊന്നു വിജയം കണ്ടോട്ടെ. പിന്നെ നമ്മുടെ ചക്കയക്ക് ആയിരം രൂപയൊക്കെ വിലവരുന്ന കാലം വരും ചക്കയുടെ കഷ്ടകാലം അതോടെ തീരും ഭട്ട് കണക്ക് കൂട്ടുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മകന്റെ ഭാര്യയുടെ സഹോദരന്‍ റോജര്‍ പാരീസില്‍നിന്ന് കുമ്പളയിലെത്തി. വീടിന് മുന്നില്‍ വലിയ ചക്ക കണ്ട് അദ്ദേഹം അതെന്താണെന്ന് തിരക്കി. ചക്കയാണതെന്നറിഞ്ഞപ്പോള്‍ ഇത്രയും വലിയ ഫലം യഥേഷ്ടം കിട്ടുന്ന നിങ്ങള്‍ എത്ര ഭാഗ്യവാന്മാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാട്ടില്‍നിന്ന പത്ത് ദിവസവും റോജര്‍ ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ മാത്രമാണ് കഴിച്ചത്. തിരിച്ച് പോകുമ്പോള്‍ ചക്കകൊണ്ടുള്ള വിഭവങ്ങള്‍ കൊണ്ടുപോവുകയുംചെയ്തു. വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ പോയ തന്നോട് ചക്കയെ വിട്ടു പോകുന്നതിലുള്ള വിഷമമാണ് റോജര്‍ പങ്കുവെച്ചതെന്ന് ചിരിയടക്കാനാകാതെ ഭട്ട് പറഞ്ഞു.
ചക്കക്കുരു മണ്ണില്‍ കുഴച്ച് വെക്കണം. ചക്കച്ചുള ഉപ്പിലിട്ടും. ഇത് രണ്ടും ഉണ്ടെങ്കില്‍ എല്ലാക്കാലവും ചക്കക്കാലം തന്നെയായിരിക്കുമെന്ന് ഭട്ട് സമര്‍ഥിക്കുന്നു.ധര്‍മ്മസ്ഥല ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്‌ഡെ ആയിരം പ്ലാവുകള്‍ നല്‍കിയിരിക്കുകയാണ്. അവ വളര്‍ന്ന് അതില്‍ നിറയെ ചക്കകള്‍ നിറയും. അതിലൂടെ പടരുന്നത് ഒരു സംസ്‌കാരം തന്നെയാണെന്ന് ഭട്ട് പറയുന്നു.
ഭാര്യ സാവിത്രി മാത്രമാണ് ഇപ്പോള്‍ കാസര്‍കോട്ടെ വീട്ടില്‍ ഭട്ടിനൊപ്പമുള്ളത്. ഭര്‍ത്താവിന്റെ ചക്കക്കൊതി നല്ലതൊക്കെ തന്നെ പക്ഷേ, വയസ്സായതിനാല്‍ പണ്ടത്തെ പോലെ ചക്ക തറിക്കാനും മുറിക്കാനും കഴിയുന്നില്ലെന്ന് സാവിത്രിയുടെ പരിഭവം. പ്രകൃതി ഭക്ഷണം ഇഷ്ടപ്പെടുന്നതിനാല്‍ സാവിത്രിയും ചക്കയുടെ ഫാനാണിപ്പോള്‍. മക്കളായ മാലതി ഭട്ട്, മഹാബലേശ്വര ഭട്ട്, ഡോ. മനോരമ ഭട്ട്, ശ്രീകൃഷ്ണ ഭട്ട് എന്നിവരെല്ലാം ചക്കയുടെ കാര്യത്തില്‍ അച്ഛന്റെ മക്കള്‍ തന്നെയെന്ന് സാവിത്രി .
നടക്കാനും നില്‍ക്കാനുമുള്ള പ്രയാസം കാരണം മഹാലിംഗ ഭട്ട് ഇപ്പോള്‍ കോടതിയില്‍ പോകാറില്ല. എന്നാല്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടുള്ള നിരവധിക്കേസുകള്‍ അദ്ദേഹത്തെ തേടി എത്തുന്നു.ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകള്‍ എഴുതാനും വായിക്കാനും ഭട്ടിന് കഴിയും. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ശിഷ്യനായിരുന്നു ഭട്ട്. അറിവിന്റെ ആഴക്കടലിരമ്പം തന്നെയായിരുന്നു അഴീക്കോടിന്റെ സംസ്‌കൃതം ക്ലാസ്സെന്ന് ഭട്ട് പറയുന്നു. 1958ല്‍ മദ്രാസ് ലോകോളേജില്‍ പഠിക്കുമ്പോള്‍ അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ഉറ്റസ്‌നേഹിതനായിരുന്നു ഭട്ട്. റഫിയുടെ പേരിനൊപ്പം പഴംചക്കയുടെ ചേലില്‍ പാട്ടും ചുണ്ടിലെത്തി..യേ...ദുനിയാ...യേ...മെഹ്ഫില്‍. അന്നു തുടങ്ങിയ മൗത്ത് ഓര്‍ഗണ്‍ വായന ഇന്നും ഭട്ട് തുടരുന്നു.
വീട്ടില്‍ നിന്നിറങ്ങുന്നതിനിടയില്‍ പിന്നില്‍നിന്ന് ഭട്ട് വിളിച്ചു പറയുന്നു... ചക്കവക്കീല്‍ എന്ന് തന്നെ എഴുതിക്കോളൂ... ഞാന്‍ അതിന്റെ പേരില്‍ കേസ്സൊന്നും കൊടുക്കില്ല. കാരണം ചക്കയില്ലെങ്കില്‍ ഞാനില്ല. ചക്കയെവിടെയുണ്ടോ അവിടെ ഞാനുമുണ്ടാകും.
korothrajesh@gmail.com