കിടങ്ങറ: ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും ചേര്‍ന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് തുടങ്ങിയ നെല്‍ക്കൃഷി, കര്‍ഷകരുടെ അനാസ്ഥ മൂലം നശിക്കുന്നു. വെളിയനാട് കൃഷിഭവന് കീഴിലെ കിടങ്ങറ ചെറുകാട്ടുശ്ശേരി പാടശേഖരത്തിലാണ് എണ്‍പത് ദിവസം പ്രായമെത്തിയ നെല്‍ച്ചെടികള്‍ കാടുകയറി നശിക്കുന്നത്.
എട്ടുവര്‍ഷം തരിശുകിടന്ന ചെറുകാട്ടുശ്ശേരി പാടശേഖരം ആലപ്പുഴ ജില്ലാ പഞ്ചായത്ത് തരിശുനിലം കൃഷിയോഗ്യമാക്കല്‍ പദ്ധതിയില്‍പ്പെടുത്തിയാണ് രണ്ടുലക്ഷം രൂപ അനുവദിച്ച് കൃഷിയോഗ്യമാക്കിയത്. തരിശു കിടന്ന പാടത്തെ പോളയും പുല്ലും നീക്കം ചെയ്യുന്നതിനും കൃഷിക്ക് ആവശ്യമായ വളം വാങ്ങുന്നതിനുമായാണ് ജില്ലാപ്പഞ്ചായത്ത് പണം അനുവദിച്ചത്.
തുടര്‍ന്ന് പാടത്ത് ചാല് കീറുന്നതിനും വിത്ത്, കക്ക എന്നിവയ്ക്കുമായി കൃഷിവകുപ്പ് മൂന്നരലക്ഷം രൂപയിലധികം നല്‍കി. എന്നാല്‍, പോള വാരാനായി കൊണ്ടുവന്ന ജെ.സി.ബി. ഉപയോഗിച്ച് പാടശേഖരത്തിലെ കട്ട ചേടികയറ്റി പുരയിടമാക്കാനുള്ള ശ്രമമാണ് ചില കര്‍ഷകര്‍ നടത്തിയതെന്ന് കര്‍ഷകത്തൊഴിലാളികള്‍ ആരോപിക്കുന്നു. അതുപോലെ പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിന് ചാല് കീറുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന് പ്രദേശവാസികളും പറഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ പൂര്‍ണമായും സൗജന്യമായി തുടങ്ങിയ കൃഷി ശരിയായി നടത്തുന്നതില്‍ പാടശേഖരസമിതി അംഗങ്ങളടക്കം തികഞ്ഞ അവഗണന കാട്ടുന്നതായി ആരോപണമുണ്ട്.
നെല്ലിനൊപ്പം കിളിര്‍ത്ത ചെല്ലിയും വട്ടിപുല്ലും കളയും നശിപ്പിക്കാന്‍ ഒട്ടുമിക്ക കര്‍ഷകരും തയ്യാറായിട്ടില്ല. ചെല്ലിയും വട്ടിപ്പുല്ലും കളയും പടര്‍ന്ന് പന്തലിക്കുന്നതോടെ നെല്ല് നശിക്കും. 35 കര്‍ഷകരുടെ 34 ഏക്കര്‍ പാടശേഖരത്തില്‍ മാര്‍ച്ച് 31 നാണ് കൃഷി തുടങ്ങിയത്.
34 ഏക്കറില്‍ 25 ഏക്കറിലും പുല്ല് വളര്‍ന്ന് നെല്ല് നാശത്തിന്റെ വക്കിലാണ്. വെള്ളപ്പൊക്കത്തില്‍ മട വീണ് കൃഷി നശിക്കുമെന്ന ആശങ്കയുള്ളതിനാലാണ് തൊഴിലാളികളെ ഇറക്കി കളയും, പുല്ലും പറിക്കാന്‍ കര്‍ഷകര്‍ തയ്യാറാവാത്തതെന്ന് പറയുന്നു.
സര്‍ക്കാര്‍ പൂര്‍ണമായും സൗജന്യമായി തുടങ്ങിയ നെല്‍ക്കൃഷി സംരക്ഷിക്കാന്‍ തയ്യാറാവാത്ത കര്‍ഷകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, സൗജന്യമായി കൈപ്പറ്റിയ തുക തിരികെ ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.