ടി. കെ. രാജഗോപാല്‍

പച്ചമരുന്നുകള്‍ക്കും അങ്ങാടിമരുന്നുകള്‍ക്കും വന്‍തോതില്‍ വിലക്കയറ്റം നേരിടുന്നത് ആയുര്‍വേദ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ആയുര്‍വേദ മരുന്നുകളുണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ ലഭ്യത ഗണ്യമായി കുറയുന്നത് മരുന്നുകളുടെ ഗുണമേന്മയെ തന്നെ ബാധിച്ചുതുടങ്ങിയിട്ടുമുണ്ട്.
350 ഓളം അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് ആയുര്‍വേദ ഔഷധങ്ങളുണ്ടാക്കുന്നത്. ഇതില്‍ പച്ചമരുന്നുകളും അങ്ങാടി മരുന്നുകളും പെടും. ഇവയില്‍ 100 ഓളം ഇനങ്ങളേ കേരളത്തില്‍ ലഭിക്കൂ. പച്ചമരുന്നുകളാണ് കൂടുതലും. ആടലോടകം, നാല്‍പാമരം, വേങ്ങ, കൂവളം, ആവില്‍, ഉങ്ങ്, ബ്രഹ്മി, കുടവല്‍ തുടങ്ങിയവ ഇതില്‍പെടും. ഇതില്‍ ചെറു സസ്യങ്ങള്‍ പറിച്ചെടുത്താല്‍ പിന്നെ ആരും നട്ടുപിടിപ്പിക്കുന്നില്ല.
വംശ നാശമുണ്ടായാല്‍ കിട്ടാത്ത സ്ഥിതിവരും. വന്‍ മരങ്ങളുടേതാകട്ടെ കാതലും തൊലിയുമാണ് മരുന്നിന് വേണ്ടത്. ഇതെടുക്കുന്നതോടെ ഇവയും നശിക്കും. വേങ്ങ, കരിങ്ങാലി, രക്തചന്ദനം എന്നിവയ്ക്ക് കാതലുണ്ടാകാന്‍ 30-40 വര്‍ഷമെടുക്കും. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെ വനങ്ങളില്‍ നിന്നാണ് മിക്ക പച്ചമരുന്നുകളും ലഭിക്കുന്നത്. ഇപ്പോഴിതിന്റെ ലഭ്യത കുറഞ്ഞുവരികയാണ്. ഉള്ളതിനാകട്ടെ തീവിലയും.
കേരളത്തിലെമ്പാടും കണ്ടിരുന്ന കുടവന്‍ ഇന്ന് കിട്ടാതായി. പൊതുവിപണിയില്‍ ഒരു കിലോഗ്രാമിന് ഇപ്പോള്‍ 30-55 രൂപയാണ് വില.
അടുത്തിടെ ആയുര്‍വേദ സ്ഥാപനങ്ങളെ ഞെട്ടിച്ചത് കുറുന്തോട്ടിയാണ്. നാല് വര്‍ഷം മുന്‍പ് കിലോയ്ക്ക് 18-20 രൂപയായിരുന്ന കുറുന്തോട്ടിക്ക് ഇപ്പോള്‍ 140-150 രൂപയാണ് വില. കഴിഞ്ഞ നവംബറിലെ 58-60 രൂപയില്‍ നിന്നാണീ കുതിച്ചുചാട്ടം. മാത്രമല്ല കേരളത്തില്‍ ഒരു കട കുറുന്തോട്ടി കിട്ടാനില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
നിലമ്പൂര്‍ വനമേഖലയുള്‍പ്പെടെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് ഇവ ലഭിച്ചിരുന്നത്. പാലക്കാട്, കൊഴിഞ്ഞാമ്പാറ, തൃശ്ശൂര്‍ പച്ചമരുന്ന് ചന്തകളിലാണ് ഇവ എത്തിയിരുന്നത്. പക്ഷേ ഇന്ന് ദുര്‍ലഭം.
അങ്ങാടി മരുന്നുകള്‍ മിക്കതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. മദ്ധപ്രദേശില്‍ നിന്നും വരുന്ന അമുക്കുരത്തിന് കിലോക്ക് 240 രൂപയാണ് വില. ബംഗാളില്‍ നിന്നുള്ള തിപ്പലിക്ക് 700 രൂപ, പഞ്ചാബില്‍ നിന്നും വരുന്ന ഇരട്ടിമധുരത്തിന് 150-220 രൂപയും ഹിമാചല്‍ പ്രദേശിലെ കുളുവില്‍ നിന്നുമെത്തുന്ന കൊട്ടത്തിന് 150-200 രൂപയുമാണ് വില. ഹിമാചലില്‍ നിന്നും വരുന്ന അതിവിടയത്തിന് കിലോക്ക് 3500 രൂപയും ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തുന്ന ഗുല്‍ഗുലുവിന് 675-780 രൂപയുമാണ് വില. ദശമൂലത്തിലെ ഞെരിഞ്ഞില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് വരുന്നത്. 120 രൂപയാണ് വില. കൂടാതെ ചുക്ക് 70-80 രൂപ, കുരുമുളക് 400 രൂപ എന്നിങ്ങനെ പ്രധാന അങ്ങാടി മരുന്നുകള്‍ക്ക് തീവിലയാണ്. കൂടാതെ മുന്തിരി, കായം, വയമ്പ്, ചെറുപയര്‍, ഉഴുന്ന്, ചന്ദനം എന്നിവയും വില കൂടിയ ചേരുവകളാണ്. ചില പ്രധാന ആയുര്‍വേദ മരുന്നുകളില്‍ ചേര്‍ക്കുന്ന കുങ്കുമപ്പൂവിന് ഒരു കിലോഗ്രാമിന് ഒരു ലക്ഷം രൂപയാണ് വില. കശ്മീരില്‍ നിന്നാണിത് വാങ്ങുന്നത്. മരുന്നിന് പുറമെ എക്‌സ്ട്രാക്റ്റിന് വേണ്ടിയുള്ള ഉപയോഗം കൂടിയതോടെയാണ് ഇവയ്ക്ക് വിലയും ക്ഷാമവുംകൂടിയത്.
കേരളത്തിലിപ്പോള്‍ ചെറുതും വലുതുമായി 3000 ത്തോളം ആയുര്‍വേദ സ്ഥാപനങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ആറ് സ്ഥാപനങ്ങളാണ് മൊത്തം പച്ച-അങ്ങാടിമരുന്നുകളുടെ 70 ശതമാനവും ഉപയോഗിക്കുന്നത്. കേരളത്തിലെ സ്ഥലപരിമിതിയും കാടുകുറയുന്നതും ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കാത്തതും പ്രതിസന്ധിക്ക് കാരണമാണ്.
കടുക്ക, നെല്ലിക്ക, താന്നിക്ക, അത്തി, ഇത്തി, അരയാല്‍, പേരാല്‍, അശോകം, കണിക്കൊന്ന, കറുകപ്പട്ട, നിലാമരി, കറ്റാര്‍വാഴ, രാമച്ചം, കസ്തൂരിമഞ്ഞള്‍, അരത്ത, വയമ്പ്, കൊടുവേലി, കല്ലുവാഴ എന്നിങ്ങനെയുള്ള വിവിധ ഔഷധസസ്യങ്ങള്‍ക്ക് ഇന്ന് വിപണിയില്‍ വന്‍ വില നല്‍കണം.
അപൂര്‍വ ഇനത്തില്‍പെട്ട അങ്കോലം, ഗുല്‍ഗുലു, കര്‍പ്പൂരം, നെപ്പന്തസ്, പുത്രന്‍ജിവ, ആരോഗ്യപ്പച്ച, കാര്‍കോകില്‍, സമുദ്രപ്പച്ച, രുദ്രാക്ഷം, ആനവിരട്ടി എന്നിവയും വിപണിയില്‍ വാങ്ങാന്‍ കിട്ടും. പക്ഷേ നല്ല വില നല്‍കണമെന്നുമാത്രം. സര്‍പ്പവിഷത്തിനുള്ള മറുമരുന്നാണ് പുത്രന്‍ജിവ. വാതത്തിനാണ് ഗുല്‍ഗുലു. യൗവ്വനം നിലനിര്‍ത്താനാണത്രെ സമുദ്രപ്പച്ച.