
ചേര്‍ത്തല: നാളികേര ഉത്പാദനത്തില്‍ കേരളം കിതക്കുമ്പോള്‍ തമിഴ്‌നാട് കുതിക്കുന്നു. 2010 -11 ലെ കണക്കുകള്‍പ്രകാരം കേരളത്തിന്റെ പ്രതിവര്‍ഷ ഉത്പാദനം 560 കോടി നാളികേരവും, തമിഴ്‌നാടിന്റേത് 536 കോടിയുമാണ്. 2011-12 ലെ കണക്കുകളില്‍ തമിഴ്‌നാട് കേരളത്തെ മറികടക്കുമെന്നാണ് സൂചന.
കേരളത്തില്‍ 7,87,000 ഹെക്ടറില്‍ കൃഷി ഉള്ളപ്പോള്‍, 3,89,000 ഹെക്ടറില്‍ കൃഷിചെയ്താണ് തമിഴ്‌നാട് വന്‍ കുതിപ്പ് നടത്തുന്നതെന്ന് നാളികേര വികസനബോര്‍ഡ് അധികൃതര്‍ പറഞ്ഞു. മുന്‍വര്‍ഷത്തില്‍നിന്നും കേരളത്തിന്റെ ഉത്പാദനത്തില്‍ 20 കോടിയുടെ കുറവുണ്ടായപ്പോള്‍, തമിഴ്‌നാടിന്റെ ഉത്പാദനത്തില്‍ 100 കോടിയോളം വര്‍ധനയാണുണ്ടായത്.
ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ രാജ്യത്ത് ഒമ്പതാം സ്ഥാനത്ത് മാത്രമാണ് കേരളം. ഇക്കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ (ഒരുഹെക്ടറില്‍ 8303 നാളികേരം) കുറവാണ് കേരളത്തിന്റെ ഉത്പാദനം (7365). കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാടിന്റെ ഉത്പാദനക്ഷമത ഇരട്ടിയോളമാണ്. (13,771)
ലക്ഷദീപ്, പോണ്ടിച്ചേരി, തമിഴ്‌നാട്, ആസാം, മഹാരാഷ്ട്രാ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ കേരളത്തിന് മുന്നിലുള്ളത്. നാളികേരള കൃഷിയില്‍ 3000 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തെയാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ പിന്തള്ളുന്നത്. ശാസ്ത്രീയമായ കൃഷിയിലൂടെയാണ് തമിഴ്‌നാടിന്റെയും മറ്റും നേട്ടം. കാറ്റുവീഴ്ച ഉള്‍പ്പെടെയുള്ള രോഗങ്ങളും കൃഷിയില്‍നിന്ന് ജനങ്ങള്‍ പിന്‍വാങ്ങുന്നതുമാണ് കേരളത്തിനു തിരിച്ചടിയാകുന്നത്.