തരിശുനിലങ്ങളില്‍ കൃഷിയിറക്കി യുവാക്കള്‍ മാതൃകയാകുന്നു

Posted on: 11 Jul 2012



അങ്കമാലി: പാടം നികത്തുന്നതിനെതിരെ പ്രതികരിക്കുന്നതിനോടൊപ്പംതന്നെ, തരിശുനിലങ്ങളില്‍ നെല്‍കൃഷിയിറക്കി പുതിയ കാര്‍ഷികസംസ്‌കാരം രൂപപ്പെടുത്തുകയാണ് അങ്കമാലി കരയാംപറമ്പിലെ ഒരുപറ്റം യുവാക്കള്‍.

കരയാംപറമ്പ് ഊളയ്ക്ക ഉണ്ണിമഠം പാടശേഖരങ്ങളില്‍ ഞായറാഴ്ച നാട്ടുകാരുടെ സഹകരണത്തോടെ യുവാക്കള്‍ കൃഷിയിറക്കി. പാട്ടത്തിനെടുത്ത 3 ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ടമായി കൃഷിയിറക്കിയിരിക്കുന്നത്. യുവാക്കളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് തരിശുഭൂമിയില്‍ കര്‍ഷകരും കൃഷിയിറക്കുകയാണ്. 10 ഏക്കര്‍ സ്ഥലത്ത് ഇത്തരത്തില്‍ കൃഷിയിറക്കുന്നുണ്ട്. കൂടുതല്‍ പാടശേഖരങ്ങളിലേക്കുകൂടി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കരയാംപറമ്പിലെ 50ഓളം യുവാക്കള്‍.

തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതിനായി യുവാക്കളുടെ നേതൃത്വത്തില്‍ കര്‍ഷകസമിതി രൂപവത്കരിച്ചിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് ലോബികള്‍ പാടം മണ്ണിട്ടുനികത്തുന്നതിനെതിരെ കരയാംപറമ്പിലെ യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. നിലമൊരുക്കിയതും കിളച്ചതുമെല്ലാം യുവാക്കളാണ്. മുതിര്‍ന്ന കര്‍ഷകര്‍ സഹായവുമായി രംഗത്തുവന്നു. ഉത്സവ പ്രതീതിയോടെയാണ് ഞായറാഴ്ച ഞാറുനടീല്‍ നടന്നത്. കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് മങ്ങാട്ട് ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജയ്‌സണ്‍ വിതയത്തില്‍ പങ്കെടുത്തു.മാഞ്ഞാലിത്തോടിന്റെ ഇരുവശവും ബണ്ട് നിര്‍മിച്ചപ്പോള്‍ പൈപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍, പൈപ്പ് കൃഷിയിടത്തില്‍നിന്നും പൊങ്ങിയാണ് നില്‍ക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് ഗുണകരമല്ല.

റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരെ സഹായിക്കുന്ന ഇത്തരം നടപടികള്‍ ഒഴിവാക്കണമെന്നും പൈപ്പുകള്‍ സ്ഥാപിച്ചത് മാറ്റി പകരം കലുങ്ക്‌നിര്‍മിച്ച് പാടശേഖരങ്ങളില്‍നിന്നും വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമൊരുക്കണമെന്നും യുവാക്കള്‍ നേതൃത്വം നല്‍കുന്ന കര്‍ഷകസമിതി ആവശ്യപ്പെട്ടു.


Stories in this Section