കൃഷിഭൂമി കര്‍ഷകന് മാത്രമേ വാങ്ങാനാകൂ; നിയമം കൊണ്ടുവരും - മുഖ്യമന്ത്രി

Posted on: 11 Jul 2012


തിരുവനന്തപുരം: കൃഷിഭൂമി കര്‍ഷകര്‍ക്കു മാത്രമേ വാങ്ങാന്‍ കഴിയൂവെന്ന വ്യവസ്ഥയോടെ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റുകാരും വന്‍കിടക്കാരും വയല്‍ അടക്കമുള്ള കൃഷിഭൂമി വാങ്ങിക്കൂട്ടുന്നത് തടയാനാണ് ഇത്തരമൊരു നിയമനിര്‍മാണം ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നെല്‍വയല്‍ കര്‍ഷകരല്ലാത്ത ആരും വാങ്ങരുത്. വയല്‍ വാങ്ങുന്നത് കൃഷി ചെയ്യാനുമായിരിക്കണം.

വന്‍കിടക്കാര്‍ പലരില്‍ നിന്നായി സ്ഥലം വാങ്ങിക്കൂട്ടുകയും പിന്നീട് അവ നികത്തി മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ കൃഷി ഭൂമി വാങ്ങിക്കൂട്ടുന്ന പ്രവണതയുമുണ്ട്. കൃഷി ഭൂമി കര്‍ഷകര്‍ മാത്രം വാങ്ങിയാല്‍ മതി. അവ കൃഷിക്കായി ഉപയോഗപ്പെടുത്തുകയും വേണം. ഇത്തരമൊരു നിയമത്തെക്കുറിച്ച് പ്രതിപക്ഷവുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് മുഖവിലയ്‌ക്കെടുക്കുന്നുവെന്നും ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിന് സര്‍വ പിന്തുണയും നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് കര്‍ഷകത്തൊഴിലാളികളെയും കര്‍ഷകസംഘങ്ങളുടെ പ്രതിനിധികളെയും വിളിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നിയമസഭയില്‍ നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണനിയമം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് വി.എസ്.സുനില്‍കുമാര്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പുതിയ നിയമത്തെക്കുറിച്ചുള്ള നിര്‍ദേശം പറഞ്ഞത്. സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് വീട്‌വയ്ക്കുന്നതിനും പൊതുആവശ്യത്തിനും മാത്രമേ നിലം നികത്താന്‍ അനുവദിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നെല്‍വയല്‍ നികത്തല്‍ നിയമത്തിന്റെ പ്രധാന ആയുധമായ ഡേറ്റാ ബാങ്ക് രൂപവത്കരിച്ച് പ്രസിദ്ധപ്പെടുത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായിരിക്കെ, സര്‍ക്കാര്‍ അത് അട്ടിമറിക്കുകയാണെന്ന് വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പുതിയ ഡാറ്റാ ബാങ്ക് തയാറാക്കാനാണ് നിര്‍ദേശം. പലയിടത്തും നെല്‍വയലുകളെ ഡാറ്റാബാങ്കില്‍ നിന്ന് ഒഴാവാക്കി ഭൂമാഫിയയെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.

എന്നാല്‍ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍ അടയാളപ്പെടുത്തുന്ന ഡാറ്റാബാങ്കില്‍ ധാരാളം തെറ്റുകള്‍ വന്നതിനെത്തുടര്‍ന്നാണ് അത് തിരുത്താന്‍ നടപടിയെടുത്തതെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി ഓരോ സ്ഥലവും പരിശോധിച്ച് പട്ടിക കുറ്റമറ്റതാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കി പട്ടിക പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഭൂമാഫിയയ്‌ക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തുന്ന ഇടതുമുന്നണി അധികാരത്തിലിരുന്നപ്പോഴാണ് ആറന്മുളയിലടക്കം നിലം നികത്താന്‍ അനുമതി നല്‍കിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി. തങ്ങളുടെ കാലത്ത് എല്ലാം പരിശുദ്ധമായിരുന്നുവെന്ന് പറയുന്നില്ലെന്ന് മറുപടി നല്‍കിയ വി.എസ്. ഇക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തുമ്പോള്‍ ഭൂമാഫിയയാണ് ജയിക്കുന്നതെന്നു പറഞ്ഞു.




Stories in this Section