വാഴയുടെ ഇലകരിച്ചിലിന് കാരണം പൊട്ടാസ്യത്തിന്റെ അഭാവമെന്ന് പഠനം

Posted on: 09 Jul 2012



കല്പറ്റ: വാഴയുടെ ഇലകരിച്ചിലിന് പ്രധാന കാരണം മണ്ണിലെ പൊട്ടാസ്യത്തിന്റെ അഭാവമാണെന്ന് അമ്പലവയല്‍ കൃഷി വിജ്ഞാന്‍കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.

വാഴ കുലച്ചതിനുശേഷം താഴത്തെ ഇലകള്‍ കൂട്ടത്തോടെ കരിഞ്ഞുപോകുന്ന രോഗം ജില്ലയില്‍ വ്യാപകമാണ്. ഇതുകാരണം കുലകളുടെ വലിപ്പം കുറയുകയും വിളവ് കുറയുകയും ചെയ്യുന്നു. കൃഷിവിജ്ഞാന്‍കേന്ദ്രത്തിലെയും ആര്‍.എ.ആര്‍.എസ്സിലെയും ശാസ്ത്രജ്ഞര്‍ തവിഞ്ഞാലില്‍ വാഴ കരിഞ്ഞ പ്രദേശം സന്ദര്‍ശിച്ച് പഠനം നടത്തിയപ്പോഴാണ് മണ്ണിലെ പൊട്ടാസ്യത്തിന്റെ അഭാവം ശ്രദ്ധയില്‍പ്പെട്ടത്. രോഗലക്ഷണങ്ങള്‍ ആദ്യം കാണുന്നത് മൂപ്പെത്തിയ ഇലകളിലും ഇലകളുടെ താങ്ങുകളിലുമാണ്.
ഇലകളുടെ വശങ്ങളില്‍നിന്നും ഉള്ളിലേക്ക് വ്യാപിക്കുന്ന മഞ്ഞളിപ്പും തുടര്‍ന്ന് ഇലകളുടെ വശങ്ങള്‍ കരിയുന്നതുമാണ് പ്രധാന ലക്ഷണം. വളരെപ്പെട്ടെന്ന് ഇത് വ്യാപകമാകുകയും ഇലകള്‍ കരിഞ്ഞ് ചുരുളുകയും ചെയ്യുന്നു.

വാഴയുടെ പോഷണത്തില്‍ പൊട്ടാസ്യത്തിനുള്ള പങ്ക് വളരെ വലുതാണ്. സ്പന്ദനവ്യൂഹം വഴിയുള്ള പോഷകങ്ങളുടെ കൈമാറ്റത്തെ ക്രമീകരിക്കുന്ന മൂലകങ്ങളാണ് പൊട്ടാസ്യം. ഇത് കുറയുന്നതുവഴി നൈട്രജന്‍, ഫോസ്ഫറസ്, കാത്സ്യം, മഗ്‌നീഷ്യം, സോഡിയം, സിങ്ക് തുടങ്ങിയ മറ്റ് മൂലകങ്ങളുടെ ആഗീരണം തടസ്സപ്പെടും.

ചെടിയുടെ ഇലകളില്‍ ശേഖരിച്ച അന്നജം ഇലകളില്‍നിന്നും കരയിലേക്ക് മാറുന്ന പ്രക്രിയയും തടസ്സപ്പെടും. അശാസ്ത്രീയമായ വളപ്രയോഗമാണ് വാഴയ്ക്ക് ആവശ്യാനുസരണം പോഷണം ലഭിക്കാത്തതിന് കാരണം. മണ്ണ് പരിശോധനയിലൂടെ ആവശ്യമായ മൂലകങ്ങള്‍ കൃത്യമായ അളവില്‍ ശരിയായ വളര്‍ച്ചാഘട്ടങ്ങളില്‍ നല്‍കിയാല്‍, പൊട്ടാസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന ദോഷഫലങ്ങള്‍ കുറയ്ക്കാനും വിളനഷ്ടം ഒഴിവാക്കുവാനും സാധിക്കും. മണ്ണിലെ അമ്ലത കൂടുന്നതും പോഷകമൂലകങ്ങളുടെ ആഗിരണത്തെ ദോഷകരമായി ബാധിക്കും.മണ്ണിലെ അമ്ലതമൂലം വേരുകള്‍ ചുവന്ന് അഴുകിപ്പോവുകയും മൂലകങ്ങളുടെ ശരിയായ ആഗിരണം നടക്കാതെ പോകുകയും ചെയ്യുന്നു. കുമ്മായ പ്രയോഗം നടത്തുന്നതിലൂടെ മണ്ണിലെ അമ്ലത നിര്‍വീര്യമാക്കി മണ്ണിന്റെ ഘടന മെച്ചപ്പെടുത്താം.

ഇതുവഴി മണ്ണിലിടുന്ന പോഷകമൂലകത്തെ ഫലപ്രദമായി വിനിയോഗിക്കാം.നേന്ത്രവാഴയ്ക്ക് പൊതുവായി നല്‍കുന്ന വളപ്രയോഗം ചുവടെ: ജൈവവളം 10 കിലോ-ഒരു വാഴയ്ക്ക്. രാസവളം ഒരു വാഴയ്ക്ക് നട്ട് ഒരു മാസം കഴിഞ്ഞ് യൂറിയ 87 ഗ്രാം, രാജ്‌ഫോസ് 375 ഗ്രാം, എം.ഒ.പി. 100 ഗ്രാം, നട്ട് രണ്ട് മാസം കഴിഞ്ഞ് യൂറിയ 65 ഗ്രാം, രാജ്‌ഫോസ് 250 ഗ്രാം, എം.ഒ.പി. 100 ഗ്രാം, മൂന്ന് മാസം കഴിഞ്ഞ് 65 ഗ്രാം യൂറിയ, എം.ഒ.പി. 100 ഗ്രാം, നാല് മാസം കഴിഞ്ഞ് 65 ഗ്രാം, യൂറിയ, 100 ഗ്രാം എം.ഒ.പി., അഞ്ച് മാസം കഴിഞ്ഞ് 65 ഗ്രാം യൂറിയ, 100 ഗ്രാം എം.ഒ.പി. കുലച്ചതിന് ശേഷം 65 ഗ്രാം യൂറിയ.

വാഴ കുലച്ച് പടലകള്‍ പൂര്‍ണമായും വിരിഞ്ഞതിനുശേഷം കടപ്പന്‍ ഒടിച്ച് കളഞ്ഞശേഷം പൊട്ടാസ്യം സള്‍ഫേറ്റ് 15 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും കുലകളിലും തളിച്ച് കൊടുക്കുന്നത് ഇലകരിച്ചില്‍ ഒഴിവാക്കുന്നതിനും കുലകള്‍ വലിപ്പം കൂട്ടുന്നതിനും സഹായിക്കും.

ഒരു മാസത്തിനുശേഷം ഒരു തണവ കൂടി പൊട്ടാസ്യം സള്‍ഫേറ്റ് നല്‍കുന്നത് ഉയര്‍ന്ന വിളവ് ലഭിക്കുവാന്‍ കാരണമാകും.ഓരോ കൃഷിയിടത്തിലെയും മണ്ണിന്റെ ഫലഭൂയിഷ്ഠത വ്യത്യസ്തമാണ്.

മണ്ണ്പരിശോധനാ ഫലം അനുസരിച്ച് വളപ്രയോഗത്തിന്റെ അളവില്‍ വ്യത്യാസം വരാം. മണ്ണ് പരിശോധിച്ചശേഷം വളപ്രയോഗം നടത്തുന്നതാണ് മണ്ണിന്റെ ആരോഗ്യനില നിലനിര്‍ത്തുന്നതിനും കൃഷിച്ചെലവ് കുറയ്ക്കുന്നതിനും ഉത്തമം.


Stories in this Section