ഡോ. എ.വി. രഘു (കേരള വനഗവേഷണസ്ഥാപനം, പീച്ചി)
നമ്മുടെ പറമ്പില്‍ അനിയന്ത്രിതമായി വളരുന്ന കളകളില്‍നിന്ന് മണ്ണിനെ ഫലഭൂയിഷ്ഠപ്പെടുത്തുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ജൈവവളം ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും നിര്‍മിച്ചെടുക്കാം. കേരള വനഗവേഷണ സ്ഥാപനത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. എം.പി. സുജാതയുടെ നേതൃത്വത്തില്‍ നടന്ന മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്ന ഗവേഷണ പദ്ധതിയാണ് കളകളെ ഉപയോഗപ്പെടുത്താവുന്ന കണ്ടെത്തലിലേക്ക് നയിച്ചത്.
കളകളെ ചെറിയ കഷ്ണങ്ങളാക്കി മാറ്റുകയാണ് ജൈവവള നിര്‍മാണത്തിന്റെ പ്രാരംഭ നടപടി. പിന്നീട് ഒരടി കനത്തില്‍ (നീളവും വീതിയും ഒന്നര മീറ്റര്‍) തയില്‍ നിരത്തിയശേഷം സീറോ ബജറ്റ് ഫാമിങ്ങില്‍ പ്രചാരത്തിലുള്ള ജീവാമൃതലായനിക്ക് സമാനമായ ലായനി നാലുലിറ്റര്‍ തളിച്ച് കൊടുക്കണം.
ലായനി നിര്‍മിക്കുന്നതിന് ചെറുപയര്‍ മുളപ്പിച്ചത് (100 ഗ്രാം), ശര്‍ക്കര (100 ഗ്രാം), വളക്കൂറുള്ള മണ്ണ് (5 കൈപ്പിടി), ഗോമൂത്രം (1 ലിറ്റര്‍), പശുവിന്‍ ചാണകം (2 കിലോ) എന്നിവ 20 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഇളക്കിവെക്കണം. രണ്ടുദിവസം കഴിഞ്ഞ് ഈ ലായനി കമ്പോസ്റ്റ് നിര്‍മാണത്തിന് ഉപയോഗിക്കാം.
തറയില്‍ നിന്ന് ഒന്നരമീറ്റര്‍ ഉയരംവരെ ലംബാകൃതിയില്‍ കളകളെ കൂനകൂട്ടുകയും ഇങ്ങനെ ചെയ്തുവരുമ്പോള്‍ ഇടയ്ക്കിടെ തയ്യാറാക്കിയ ലായനിയും കുറച്ചുവെള്ളവും തളിച്ചു കൊടുക്കേണ്ടതുമാണ്. ഏകദേശം 10 ദിവസം വരെ വായുസഞ്ചാരം ലഭിക്കുന്നതിനായി കൂമ്പാരം ഇളക്കിക്കൊടുക്കണം. ഇളക്കി മറിക്കുമ്പോള്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി വെള്ളം തളിക്കുന്നതില്‍ ശ്രദ്ധിക്കണം. എന്നാല്‍, ജലാംശം കൂടുതലാകരുത്. 10 ദിവസത്തിനുശേഷം ഇങ്ങനെ കൂമ്പാരമിളക്കുന്നത് 3 ദിവസത്തിലൊരിക്കല്‍ 15 ദിവസം ചെയ്യണം. പിന്നീട് 5 ദിവസത്തില്‍ ഒരിക്കല്‍ ഇളക്കിയാല്‍ മതിയാകും. 50 ദിവസത്തിനുശേഷം കൂമ്പാരമിളക്കുന്നത് നിര്‍ത്തുകയും 30 ദിവസംകൂടി ലംബാകൃതിയില്‍ കൂന വെക്കുകയും വേണം. ഇങ്ങനെ 75 ദിവസം കഴിയുമ്പോള്‍ ഈ കൂന നല്ല ജൈവവളമായിട്ട് മാറും. ഇത് ആവശ്യാനുസരണം കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്.
ഉയര്‍ന്ന പോഷകം മണ്ണിന് നല്‍കാന്‍ ഈ ജൈവവളം കൊണ്ട് സാധിക്കുമെന്ന് പരീക്ഷണത്തിലൂടെ മനസ്സിലായതായി ഡോ. സുജാത പറയുമ്പോള്‍ ജൈവവൈവിധ്യത്തിനുതന്നെ ദോഷംചെയ്യുന്ന കളകളെ ഉപയോഗിക്കാവുന്ന ഒരു മേഖല തുറന്നിട്ട സംതൃപ്തി അതില്‍ അടങ്ങിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2690255, 2690100 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.