പച്ചോളിക്ക് പ്രിയമേറുന്നു

Posted on: 07 Jul 2012

സീമ ദിവാകരന്‍ (കൃഷി അസി. ഡയറക്ടര്‍, തിരുവനന്തപുരം)ആഗോളതലത്തില്‍തന്നെ നൈസര്‍ഗിക സുഗന്ധവിളയായ പച്ചോളിക്ക് പ്രിയമേറുന്നു. മധുരസുഗന്ധവാഹിയായ ഈ കുറ്റിച്ചെടിയുടെ കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വേരോടുകയാണിപ്പോള്‍. പച്ചോളിയെ തിരിച്ചറിയാന്‍ എളുപ്പമാണ്. ഉയരം പരമാവധി മൂന്നരയടി. രോമാവൃതമായ പച്ചിലകളും പര്‍പ്പിള്‍ കലര്‍ന്ന വെളുത്തപൂക്കളും. പുതിനയുടെ കുടുംബക്കാരി. ഉഷ്ണമേഖലലാപ്രദേശങ്ങള്‍ക്ക് അനുയോജ്യം. തെക്കുകിഴക്കന്‍ ഏഷ്യയിലാണ് ജനനം. ഇന്ത്യ, ഫിലിപ്പീന്‍സ്, ചൈന, മലേഷ്യ എന്നിവിടങ്ങളില്‍ വാണിജ്യകൃഷി. തമിഴ്‌നാട്, കര്‍ണാടകം, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ചെറിയതോതില്‍ കൃഷിയാരംഭിച്ചിരിക്കുന്നു. കേരളത്തിലും ഇതിന്റെ തിരനോട്ടമുണ്ട്.

അമൂല്യ സുഗന്ധതൈലമായ പച്ചോളിത്തൈലത്തിനുവേണ്ടി ഇതിന്റെ ഇലകള്‍ ആവിയില്‍ വാറ്റിയെടുക്കുന്നു. ഇലകളിലുള്ള 'പച്ചൗളോള്‍' എന്ന ആല്‍ക്കഹോളാണ് അവാച്യസുഗന്ധത്തിന് നിദാനം. ചികിത്സാരംഗത്തും സൗന്ദര്യസംവര്‍ധക ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വിഷാദരോഗചികിത്സയിലും അരോമ തെറാപ്പിയിലുമൊക്കെ ഈ തൈലം മുഖ്യഘടകമാണ്.

തണല്‍ ഇഷ്ടപ്പെടുന്ന വിളയായതിനാല്‍ കേരളത്തിലെ തെങ്ങിന്‍തോപ്പുകളിലും അടയ്ക്കാത്തോട്ടങ്ങളിലും ഫലവൃക്ഷത്തോപ്പുകളിലും പച്ചോളി ഇടവിളയായി വളര്‍ത്താം. ജൂണ്‍-സപ്തംബര്‍ കാലയളവില്‍ തണ്ട് മുറിച്ചുനട്ട് നഴ്‌സറിയില്‍ വളര്‍ത്താം. വേരുപിടിച്ചുകഴിഞ്ഞാല്‍ പത്താമത്തെ ആഴ്ച മാറ്റിനടാം. ഹെക്ടറിന് 125 ടണ്‍ എന്ന തോതില്‍ കാലിവളവും 50 കിലോ വേപ്പിന്‍ പിണ്ണാക്കും കലര്‍ത്തിയൊരുക്കണം. ജൂണ്‍-ജൂലായിലാണ് പ്രധാനകൃഷി. വാണിജ്യകൃഷിയില്‍ ഒരു ഹെക്ടറിന് 50,000 തൈ നടുന്നു. ഇടവിളക്കൃഷിയാണെങ്കില്‍ തൈകള്‍ 20,000 മതി. തുള്ളിനനക്കൃഷിയാണെങ്കില്‍ 'സിഗ്‌സാഗ്' രീതിയിലാണ് നടീല്‍.

150 കിലോ യൂറിയ, 50 കിലോ ഫോസ്ഫറസ്, 50 കിലോ പൊട്ടാഷ് എന്നതാണ് വളശുപാര്‍ശ. ഇതില്‍ 25 കിലോ യൂറിയയും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അടിവളം. ബാക്കി യൂറിയ അഞ്ച് തുല്യതവണയായി വിഭജിച്ചും. നട്ട് ആറുമാസം കഴിഞ്ഞാല്‍ വിളവെടുപ്പായി. തറനിരപ്പില്‍നിന്ന് 20-25 സെ.മീ. ഉയരത്തില്‍ ഇല മുറിക്കാം. ഒരുഹെക്ടര്‍ വളര്‍ത്തിയാല്‍ നാലുടണ്‍ ഉണങ്ങിയ ഇല കിട്ടും. ഇതില്‍നിന്ന് 50-60 കിലോ തൈലവും. ഒരുഹെക്ടറിലെ കൃഷിച്ചെലവ് 50,000 രൂപ എന്ന് കണക്കാക്കിയാല്‍ പുതിയ പച്ചോളി ഇലയ്ക്ക് കിലോ മൂന്നുമുതല്‍ അഞ്ചുരൂപവരെ വില. ഉണങ്ങിയ ഇലയ്ക്ക് കിലോക്ക് 20-22 രൂപ വരെ വിലയുണ്ട്. ഒരു കിലോ പച്ചോളിത്തൈലത്തിന് വിപണിവില ഏറ്റവും കുറഞ്ഞത് 1200 രൂപ വരെയുണ്ട്. ഏറ്റവും മികച്ച തൈലത്തിന് അന്താരാഷ്ട്രവിപണിയില്‍ ഇത് 6,000 രൂപ വരെ ഉയര്‍ന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഒരുവര്‍ഷം ആഗോളതലത്തില്‍ 1000 ടണ്‍ പച്ചോളിത്തൈലമാണ് വേണ്ടത്. പച്ചോളിയുടെ ഈ വികസന സാധ്യതകള്‍ കണ്ടറിഞ്ഞ് ഇന്ന് ശരിയായ പ്രോജക്ട് റിപ്പോര്‍ട്ടിന് വായ്പനല്‍കുന്ന സംവിധാനം ബാങ്കുകള്‍ക്കുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഓടക്കാലി ഗവേഷണകേന്ദ്രത്തില്‍ ഇതുസംബന്ധിച്ച ഗവേഷണപഠനങ്ങള്‍ നടക്കുന്നു.


Stories in this Section