ഇവിടെ കാറ്റിന് ഔഷധസുഗന്ധം

Posted on: 07 Jul 2012

മുരളീധരന്‍ തഴക്കര



തിരുവനന്തപുരം ആറ്റുകാല്‍ക്ഷേത്രത്തിന് സമീപം കാലടി വാര്‍ഡില്‍ ഷാജുവിന്റെ വീടിന്റെ മട്ടുപ്പാവില്‍ വിസ്മയക്കാഴ്ച.

ഏതാണ്ട് മുന്നൂറോളംവരുന്ന ഔഷധസസ്യങ്ങളും വന്‍മരങ്ങളായി വളരുന്ന ഔഷധികളും ബോണ്‍സായിയായി മട്ടുപ്പാവില്‍ വളര്‍ത്തിയിരിക്കുന്നു. പരന്ന ചട്ടിയില്‍ പൂവിട്ടുനില്‍ക്കുന്ന കുഞ്ഞന്‍ കണിക്കൊന്നയും സമൃദ്ധമായി കായ്ച്ചുനില്‍ക്കുന്ന ഇത്തിരിമാത്രം പൊക്കമുള്ള സപ്പോട്ടയും ദശപുഷ്പങ്ങളും ദശമൂലവും നാല്പാമരങ്ങളും തുടങ്ങി എത്രയെത്ര ഔഷധസസ്യങ്ങള്‍.

കര്‍പ്പൂരം, കുന്തിരിക്കം, രക്തചന്ദനം, കായം, പൊന്‍കരണ്ടി, നാങ്ക്, കരിങ്ങാലി, ഇലിപ്പ, പതിമുഖം, രുദ്രാക്ഷം തുടങ്ങി ശാഖോപശാഖകളോടുകൂടി പടര്‍ന്നു പന്തലിച്ച് വളരുന്ന ഔഷധമരങ്ങള്‍ ഇവിടെയിതാ കുഞ്ഞന്‍മരങ്ങളായി ചട്ടിയില്‍ ഒതുങ്ങി വളരുന്നു. തുമ്പയില്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഉദ്യോഗസ്ഥനായ ഷാജുവിന്റെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ പച്ചപ്പാണ് മട്ടുപ്പാവിലെ ഈ ഔഷധസസ്യപര്‍ണശാല. ഈ ചെടികളുടെ പരിപാലനം ഉപാസനയായി കാണുന്നു ഇവര്‍.

ബോണ്‍സായി ചട്ടികളുടെ നിര്‍മാണത്തിലും ഷാജു സ്വന്തമായി രൂപകല്പനചെയ്ത ചെലവുകുറഞ്ഞ രീതിയുണ്ട്. നല്ല ടെറാക്കോട്ട് ബോണ്‍സായി ചെടിച്ചട്ടിക്ക് 500-750 രൂപ വരെ വിലവരുമ്പോള്‍ കേവലം അമ്പത് രൂപ ചെലവില്‍ നല്ല മനസ്സിനിണങ്ങിയ ചട്ടി നിര്‍മിക്കുന്നു ഇദ്ദേഹം. നിലം നന്നായി നിരപ്പാക്കി നമുക്കിഷ്ടമുള്ള ആകൃതിയില്‍ ചിരട്ട കമിഴ്ത്തി ഒന്നിനോടൊന്ന് ചേര്‍ത്ത് അടുക്കുക. അതിന് മേലെ ചിരട്ട കാണാത്ത വിധം ചെളി കുഴച്ച് തേച്ച് പിടിപ്പിക്കുക. അതിനും മേലെ സിമന്റ് ലേശം മണലുമായി ചേര്‍ത്ത് വെള്ളം കുറച്ച് ചാന്തുപരുവത്തിലാക്കി ഘനം കുറച്ച് തേച്ചുപിടിപ്പിക്കുന്നു. സിമന്റ് ഉറച്ച് കട്ടിയാകുന്നതിനുമുമ്പ് വെള്ളം വാര്‍ന്നുപോകുന്നതിനായി ഒന്നു രണ്ട് ചെറിയ സുഷിരങ്ങള്‍ ഇട്ടുകൊടുക്കണം. നാലഞ്ച് ദിവസം കുറേശ്ശേ വെള്ളം നനച്ചുകൊടുക്കണം. ഏഴെട്ടു ദിവസം കഴിയുമ്പോള്‍ ഇത് ഇളക്കിമാറ്റി ഉള്ളില്‍നിന്ന് ചിരട്ടയെല്ലാം ഒഴിവാക്കുമ്പോള്‍ ബോണ്‍സായി ചട്ടി റെഡി. അമ്പതുരൂപയുടെ സാധനസാമഗ്രികളും തെല്ല് കരവിരുതുമുണ്ടെങ്കില്‍ ഈടുള്ള മനസ്സിനിണങ്ങിയ ബോണ്‍സായി ചട്ടി അനായാസേന ഉണ്ടാക്കാമെന്നാണ് ഷാജു പറയുന്നത്.

മട്ടുപ്പാവിലെ ഈ കൗതുകക്കാഴ്ച കാണാന്‍ കേരളത്തിന്റെ പലപ്രദേശങ്ങളില്‍നിന്നും ധാരാളംപേര്‍ എത്തുന്നുണ്ട്. കൂടുതലും വിദ്യാര്‍ഥികളാണ്. ഉത്രാടം തിരുനാള്‍ മഹാരാജാവ് ഈ ബോണ്‍സായി ഔഷധസസ്യശേഖരത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഷാജുവിനെയും കുടുംബത്തെയും കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.

വര്‍ഷത്തിലൊരിക്കല്‍ ഷാജുവും ചങ്ങാതിമാരും വനയാത്ര നടത്തുക പതിവാണ്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണത്. ഹിമാലയത്തില്‍ത്തന്നെ മൂന്നുതവണ പോയിട്ടുണ്ട്. ഓരോ യാത്രകഴിഞ്ഞ് വരുമ്പോഴും കൈ നിറയെ പുതിയ ഔഷധസസ്യങ്ങളും അപൂര്‍വ ചെടികളുമുണ്ടാകും. ഇങ്ങനെ സംഭരിച്ച ചെടികളും ഔഷധികളുമാണ് ഈ മട്ടുപ്പാവിനെ ഹരിതസമൃദ്ധമാക്കുന്നത്.

ഷാജുവിന്റെ ഫോണ്‍: 9495269845.



Stories in this Section