
കൊച്ചി: ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ കഴിഞ്ഞവര്‍ഷം റെക്കോഡ് നേട്ടം. 203.77 കോടി ഡോളറിന്റെ സുഗന്ധവ്യഞ്ജനങ്ങളാണ് 2011-12 വര്‍ഷത്തില്‍ കയറ്റി അയച്ചത്. രൂപയുടെ മൂല്യത്തില്‍ കണക്കാക്കുമ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം വര്‍ധനയാണ് രാജ്യം നേടിയതെന്ന് സെ്‌പെസസ് ബോര്‍ഡ് ഇന്ത്യ ചെയര്‍മാന്‍ ഡോ. എ. ജയ്തിലക് അറിയിച്ചു.
ഇതില്‍ ഏലത്തിന്റെ കയറ്റുമതിയിലാണ് റെക്കോഡ് വര്‍ധന. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അളവില്‍ 296 ശതമാനവും വിലയില്‍ 175 ശതമാനവും നേട്ടമാണ് സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം 5,75,270 മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് മൊത്തം കയറ്റി അയച്ചിരിക്കുന്നത്. ലക്ഷ്യത്തിന്റെ 115 ശതമാനമാണിതെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. ഇത് സര്‍വകാല റെക്കോഡുമാണ്. ഏലത്തിന്റെ കയറ്റുമതിയിലുണ്ടായ കുതിച്ചുചാട്ടവും മുളകിന്റെ വിലയിലുണ്ടായ വന്‍ വര്‍ധനയുമാണ് ഈ വന്‍ നേട്ടത്തിന് പ്രധാന കാരണങ്ങള്‍.
4650 മെട്രിക് ടണ്‍ ഏലമാണ് കയറ്റുമതി ചെയ്തത്. ഇതിലൂടെ ലഭിച്ചത് 363.2 കോടി രൂപയായിരുന്നു. യു.എ.ഇ., പാകിസ്താന്‍, കുവൈത്ത്, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്കായിരുന്നു ഏലം പ്രധാനമായും കയറ്റി അയച്ചത്. അളവില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും വിലയിലുണ്ടായ വര്‍ധന മൂലം മുളക് കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തില്‍ 40 ശതമാനം വര്‍ധനയുണ്ടായി.
ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന ഇറക്കുമതിക്കാര്‍ ഇക്കുറിയും അമേരിക്ക തന്നെയായിരുന്നു. 16 ശതമാനം ഇറക്കുമതി ചെയ്ത് അവര്‍ ഒന്നാംസ്ഥാനത്തു നിന്നപ്പോള്‍ 9 ശതമാനം ഇറക്കുമതി നടത്തിയ ചൈനയായിരുന്നു തൊട്ടുപിറകില്‍.