നാളികേരം ഉത്‌പാദനം കൂട്ടി മത്സരം മറികടക്കണം-കെ. വി. തോമസ്‌

Posted on: 02 Jul 2012



കൊച്ചി: ഉത്പാദനം വര്‍ദ്ധിപ്പിച്ച് കൊണ്ടാവണം നാളികേരത്തിന്റെയും നാളികേര ഉത്പന്നങ്ങളുടെയും രംഗത്തുള്ള ആഗോള മത്സരം മറികടക്കേണ്ടതെന്ന് കേന്ദ്ര മന്ത്രി പ്രൊഫ. കെ. വി. തോമസ് പറഞ്ഞു. ഇതിനായി ഭക്ഷണമായും പാനീയമായുമുള്ള നാളികേരത്തിന്റെ സകല സാധ്യതകളും ഉപയോഗപ്പെടുത്തണം. നാളികേര വ്യവസായത്തിന്റെ സുസ്ഥിരതയ്ക്കായി കേര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വ്യത്യസ്തമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക് ന്യായ വിലയും വില സുസ്ഥിരതയും നല്‍കുന്നതിന് പ്രഥമ പരിഗണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാ- പെസഫിക്ക് കോക്കനട്ട് കമ്മ്യൂണിറ്റിയുടെ (എ. പി. സി. സി) 45-ാം സമ്മേളനം 'കൊക്കോടെക്' കൊച്ചി ഗേറ്റ് വേ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള താപനവും പാരിസ്ഥിതിക പ്രശ്‌നങ്ങളും നാളികേര വ്യവസായം നേരിടുന്ന വലിയ പ്രതിസന്ധികളാണ്. അതേ സമയം രാജ്യത്തെ നാളികേര മേഖല വിവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, നിരവധി അനുകൂല സാഹചര്യങ്ങളും, അവസരങ്ങളും ഇതിനോടൊപ്പമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കേര ഉത്പന്നങ്ങള്‍ക്ക് ലോക മാര്‍ക്കറ്റില്‍ ആവശ്യക്കാരേറെയാണ്. ഗവേഷണങ്ങളും പുത്തന്‍ സാങ്കേതിക വിദ്യകളും നടന്നുകൊണ്ടിരിക്കണം. ഉത്പാദനം മാത്രമല്ല സാങ്കേതികവിദ്യയുടെ കൈമാറ്റം കൂടി വേണം. ഇന്ത്യയിലെ കാര്‍ഷിക വരുമാനത്തില്‍ 35 ശതമാനവും നാളികേര കൃഷിയില്‍നിന്നുള്ളതാണ്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, പാകിഡ് ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍, ആക്ടിവേറ്റഡ് കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ രാജ്യാന്തര വിപണിയില്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.

കര്‍ഷകരുടെ കൂട്ടായ്മകളെ താഴെത്തട്ടില്‍ തന്നെ സംഘടിപ്പിച്ച് ഏകീകൃതമായി തന്നെ നിയന്ത്രണങ്ങള്‍ പരിശീലിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ മേഖലയിലെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കഴിയും. കര്‍ഷകരുടെ ഈ കൂട്ടായ്മ കൊണ്ട് അവരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ദഹനം എളുപ്പത്തിലാക്കുവാന്‍ കഴിയുന്ന മികച്ച ഭക്ഷ്യയെണ്ണയായി വെളിച്ചെണ്ണ ഉപയോഗിക്കാമെന്ന് പുതിയ പഠനങ്ങളിലൂടെ തെളിയിച്ചു കഴിഞ്ഞതായി മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര കാര്‍ഷിക മന്ത്രാലയം സെക്രട്ടറി ആശിഷ് ബഹുഗുണ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം നാളികേര വ്യവസായത്തെയായിരിക്കും ഏറെ ബാധിക്കുക. ഈ അവസ്ഥ മറികടക്കുന്നതിനായി പ്രതിരോധ ശേഷിയുള്ള വ്യത്യസ്തമാര്‍ന്ന ഇനങ്ങള്‍ കണ്ടു പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അവ ഇത്തരം വേദിയിലൂടെ കൈമാറ്റം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാര്‍ഷിക മേഖലയിലെ വളര്‍ച്ച നിശ്ചലമായിരിക്കുകയാണെന്ന് യുണൈറ്റഡ് രാജ്യങ്ങളുടെ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷന്റെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നതായി എ. പി. സി. സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റുമൗലോ എന്‍. അരണ്‍കോന്‍ ജൂനിയര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വികസ്വര രാജ്യങ്ങള്‍ ഭക്ഷ്യ സുരക്ഷയും കാര്‍ഷിക ഉത്പാദനവും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അഞ്ചു ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ അന്തര്‍ ദേശീയ രംഗത്തു നിന്ന് 200 ലധികം പ്രതിനിധികളുണ്ട്.

തമിഴ്‌നാട് കൃഷിമന്ത്രി എസ്. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സമോവയിലെ കൃഷി ഫിഷറീസ് മന്ത്രി ലെ മാമിയേ റൊപാതി മൗലിയ സോവനീര്‍ പ്രകാശനം ചെയ്തു. അഡീഷണല്‍ സെക്രട്ടറി എ. കെ. താക്കൂര്‍, എ. എ. ജിന്നാ എംപി, കേരള ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, കോക്കനട്ട് ഡെവലപ്‌മെന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ. ജോസ്, എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നാളികേരം കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളുടേയും, മേഖലയില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളുടേയും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനം ഈമാസം ആറുവരെയുണ്ട്.




Stories in this Section