ക്ഷീരവികസനവകുപ്പിലെ ഫോഡര്‍ പ്രൊമോട്ടര്‍മാരെ പിരിച്ചുവിടാന്‍ നീക്കം
Posted on: 01 Jul 2012
കൊല്ലം: ക്ഷീരവികസനവകുപ്പിലെ ഫോഡര്‍ പ്രൊമോട്ടര്‍മാരെ കാഷ്വല്‍ തൊഴിലാളികളാക്കി മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഇവരെ പിരിച്ചുവിടാന്‍ നീക്കം നടക്കുന്നു. രണ്ടുവര്‍ഷംമുതല്‍ പത്തുവര്‍ഷംവരെ ജോലി നോക്കിയവരാണിവര്‍. ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ സമഗ്രതീറ്റപ്പുല്‍ വികസനത്തിനും ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുംവേണ്ടി വിദഗ്ദ്ധപരിശീലനം നല്‍കി നിയമിച്ചിട്ടുള്ളവരാണിവര്‍.
കഴിഞ്ഞ യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലത്താണ് ഇവരെ നിയമിച്ചത്. പിന്നീട് എല്‍.ഡി.എഫ്.സര്‍ക്കാര്‍ കൂടുതല്‍ പരിശീലനം നല്‍കി ഒഴിവുണ്ടായിരുന്ന സ്ഥലങ്ങളില്‍ക്കൂടി നിയമനം നടത്തി. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് മുഴുവന്‍സമയ ജോലിക്കാരായി ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ക്കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു. ആദ്യകാലത്ത് പ്രതിമാസ ഇന്‍സെന്‍റീവായി 1500 രൂപയാണ് ഇവര്‍ക്ക് നല്‍കിയത്. പിന്നീട് നിരന്തരമായ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് 500 രൂപവീതം വര്‍ധിപ്പിച്ച് 3500 രൂപയാണ് ഇപ്പോള്‍ നല്‍കുന്നത്. മൂന്നുവര്‍ഷമായി ഓണത്തിന് 500 രൂപവീതം ഉത്സവബത്തയായി നല്‍കുന്നുമുണ്ട്.
ആദ്യവര്‍ഷങ്ങളില്‍ വര്‍ഷം 10 മാസം ജോലി ചെയ്തിരുന്ന ഫോഡര്‍ പ്രൊമോട്ടര്‍മാര്‍ക്ക് പിന്നീട് തുടര്‍ച്ചയായി ജോലി നല്‍കി. കോട്ടയം, കോഴിക്കോട് ഡി.ടി.സി.കളില്‍ പരിശീലനം ലഭിച്ച ഇവരുടെ സേവനം പരിഗണിച്ചും ഭൂരിഭാഗം പേര്‍ക്കും മറ്റൊരു ജോലിക്ക് സാധ്യതയില്ലാത്തവിധം പ്രായപരിധി കഴിഞ്ഞതിനാലും വകുപ്പില്‍ കാഷ്വല്‍ തൊഴിലാളികളാക്കാന്‍ 2011 മാര്‍ച്ച് 19ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് തുടര്‍നടപടിക്കായി നിര്‍ദേശം നല്‍കി. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഇവരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തുന്നത്.
സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ അമ്പതിലധികം പ്രൊമോട്ടര്‍മാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. പരാതി ഫയലില്‍ സ്വീകരിച്ച് പ്രൊമോട്ടര്‍മാരെ തുടര്‍ന്നും ആവശ്യമുള്ള പക്ഷം നിലവിലുള്ളവരെത്തന്നെ പരിഗണിക്കാന്‍ ജൂണ്‍ 12ന് ഉത്തരവിട്ടിട്ടുണ്ട്. ട്രൈബ്യൂണലിന്റെ ഉത്തരവ് മറികടന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുതുതായി അഭിമുഖം നടത്തി നിയമനം നടത്താന്‍ നീക്കം നടത്തുന്നത്.