ബേബിച്ചന്റെ ജൈവ കടുംകൃഷി

Posted on: 30 Jun 2012

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍





ജൈവവളങ്ങള്‍ ലോഭമില്ലാതെ ഉപയോഗിച്ചാല്‍ ജൈവകൃഷിയില്‍നിന്ന് മികച്ച ലാഭമുണ്ടാക്കാമെന്നു തെളിയിക്കുകയാണ് ബേബിച്ചന്‍. വിളകള്‍ക്ക് ജൈവവളങ്ങളേകുന്ന കരുത്ത് രോഗകീടബാധയെ അകറ്റുമെന്നും ഈ കര്‍ഷകന്‍ ചൂണ്ടിക്കാട്ടുന്നു.
കായംകുളം സ്വദേശിയായ രാജന്‍ബാബു നാട്ടുകാര്‍ക്ക് ബേബിച്ചനാണ്. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ബേബിച്ചന്‍ കൃഷിയിലെത്തുന്നത്. 13 വര്‍ഷം ഗള്‍ഫില്‍ പണിയെടുത്തിട്ട് കിട്ടാത്ത ആദായം ഇന്ന് ജൈവകൃഷിയിലൂടെ ഇദ്ദേഹം സ്വായത്തമാക്കുന്നു. ഗള്‍ഫില്‍നിന്നും വലിയ സമ്പാദ്യമൊന്നുമില്ലാതെയാണ് ബേബിച്ചന്‍ മടങ്ങുന്നത്. രാസവളം വാങ്ങിച്ചേര്‍ത്തു കൃഷിചെയ്യാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാലാണ് ആദ്യം ചാണകത്തെ ആശ്രയിച്ചതെങ്കില്‍ പിന്നീട് ഇതുതന്നെയാണ് നല്ല കൃഷിരീതിയെന്ന് ബോധ്യപ്പെട്ടു.

ഇപ്പോള്‍ ദിവസവും രാവിലെ ബേബിച്ചന്‍ നാട്ടുകാരുടെ വീട്ടിലെത്തി ചാണകവും ഗോമൂത്രവും ക്യാനില്‍ നിറച്ച് സൈക്കിളില്‍ സ്വന്തം കൃഷിയിടത്തിലെത്തിക്കുന്നു. ഇങ്ങനെ 200 കിലോഗ്രാം ചാണകവും 100 ലിറ്റര്‍ ഗോമൂത്രവും കൃഷിയിടത്തിലെത്തും. രണ്ടു രീതിയിലാണ് വളപ്രയോഗം. 10 ലിറ്റര്‍ ഗോമൂത്രം, 10 കിലോഗ്രാം പച്ചച്ചാണകം, 2 കിലോഗ്രാം പയറുപൊടി, 2 കിലോഗ്രാം ശര്‍ക്കര, മരച്ചുവട്ടിലെ തൂക്കാതെകിടക്കുന്ന ഒരുപിടി മണ്ണ് എന്നിവ 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 48 മണിക്കൂര്‍ വെക്കും. അപ്പോള്‍ മിശ്രിതത്തിന് നല്ല സുഗന്ധമുണ്ടാകുന്നു. ഗന്ധമകലുംമുമ്പ് 4-5 ദിവസംകൊണ്ട് മിശ്രിതം വിളകളുടെ ചുവട്ടിലൊഴിച്ചുകൊടുക്കും.

50 കിലോഗ്രാം ചാണകം, 25 ലിറ്റര്‍ ഗോമൂത്രം എന്നിവ 75 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 24 മണിക്കൂറിനുശേഷം വിളകളുടെ ചുവട്ടില്‍ വീഴ്ത്തുന്നതാണ് മറ്റൊരു പ്രയോഗം. ഈ രണ്ടു കൂട്ടുകളും മാസത്തില്‍ രണ്ടുതവണ മാറി മാറി നല്കുന്നു.

സ്വന്തം ഭൂമിയിലും ഒരു ബന്ധുവിന്റെതിലുമായി ഒന്നര ഏക്കറിലാണ് കൃഷി. മരച്ചീനി, ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, കൂവ, പച്ചക്കറികള്‍ തുടങ്ങി വിളകള്‍ പലതുണ്ട്. ഓരോ കൃഷയിടത്തിലും ടാങ്കുകളുണ്ടാക്കി അതില്‍ ജൈവവളക്കൂട്ട് നിറച്ചിരിക്കുന്നു. മണ്ണ് വളരെ ജൈവസമ്പുഷ്ടവും മണ്ണിര നിറഞ്ഞതുമാണ്. ജൈവവളം മണ്ണില്‍ ചേര്‍ത്താല്‍ ബാക്കി ജോലി മണ്ണിരകളും സൂക്ഷ്മാണുക്കളും ചെയ്യുമെന്നും ബേബിച്ചന്‍ വിശ്വസിക്കുന്നു. ഈര്‍പ്പം സംരക്ഷിക്കുന്ന പച്ചപ്പുതപ്പായ കളകളെ ഇടയ്ക്കിടെ പറിച്ചുമാറ്റുന്നതു നന്നല്ലെന്നാണ് ഈ കര്‍ഷകന്റെ അഭിപ്രായം. മണ്ണറിഞ്ഞ് ആവശ്യാനുസരണം മാത്രമേ നനയുള്ളൂ. മഴക്കാലത്ത് വെള്ളം ഒലിച്ചുപോകാന്‍ പാകത്തിനാണ് തടങ്ങളും ചാലുകളുമെടുത്തിരിക്കുന്നത്.

ചേമ്പില്‍ കറുത്ത തണ്ടന്‍, വെള്ളത്തണ്ടന്‍, താമരക്കണ്ണന്‍, മല്യാരന്‍, വെട്ടുചേമ്പ് തുടങ്ങി പലയിനങ്ങളുമുണ്ട്. ചേനയുടെ കണ്ണുകുത്തിയുണ്ടാക്കുന്ന ചെറുപൊടിപ്പുകള്‍ നട്ട് ഒരു വര്‍ഷം കഴിഞ്ഞ് മാറ്റിനടുന്ന രീതിയാണ് ബേബിച്ചന്‍ അനുവര്‍ത്തിക്കുന്നത്. ശരാശരി 15 കിലോഗ്രാം ഭാരമുള്ള ചേനകള്‍ ഇതിലൂടെ വിളവെടുക്കാം. കാച്ചിലിന്റെ വള്ളിയിലുണ്ടാകുന്ന മേല്‍ക്കിഴങ്ങുകള്‍ ലാഭകരമായി നട്ടുവളര്‍ത്താമെന്നും ഇദ്ദേഹം പറയുന്നു. മരച്ചീനി ഒരു കൂനയില്‍ രണ്ടു കമ്പുകള്‍ നടുകയും രണ്ടു കൂനകള്‍ തമ്മില്‍ ഒന്നരയടി അകലം നല്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ നല്ല തോതില്‍ കിഴങ്ങ് വിളയിക്കാമത്രെ. ഇഞ്ചിക്കും മഞ്ഞളിനും കിഴങ്ങുകളോളം പ്രാധാന്യം നല്കുനുണ്ട്. വേനലില്‍ പച്ചക്കറിയും കൃഷി ചെയ്യുന്നു.

വിളവെടുത്ത ഉത്പന്നങ്ങളൊക്കെ നാട്ടിലുള്ള സ്വന്തം വില്പനശാല വഴിയാണ് ബേബിച്ചന്‍ വിറ്റഴിക്കുക. ഇവ നൂറുശതമാനം ജൈവമാണെന്നുകണ്ട് ബോധമുള്ളതിനാല്‍ വാങ്ങാന്‍ നാട്ടുകാര്‍ മത്സരമാണ്.

ജൈവകൃഷിക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ബേബിച്ചന് ലഭിച്ചിട്ടുണ്ട്. കൃഷി, മണ്ണിനെയും വിളകളെയും അടുത്തറിഞ്ഞ് തികഞ്ഞ വൈദഗ്ധ്യത്തോടെ ചെയ്യേണ്ട ഒന്നാണ്. അതില്ലാത്തവര്‍ കൃഷിചെയ്ത് നഷ്ടം മണ്ണിനും കൃഷിക്കും മേല്‍ ചാരുന്നത് മൗഢ്യമാണെന്നാണ് ബേബിന്റെ വിശ്വാസം. പ്രായോഗികജൈവകൃഷി പഠിക്കാന്‍ തത്പരരായവരെ ഇദ്ദേഹം സ്വാഗതവും ചെയ്യുന്നുണ്ട്.
ബേബിച്ചന്‍ 9544383846



Stories in this Section