അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം

Posted on: 29 Jun 2012

ജതീഷ് പി



'കണ്ണാടിക്കൂട്ടില്‍ മത്സ്യങ്ങളെ വളര്‍ത്താന്‍ നൈട്രജനെക്കുറിച്ച് പഠിക്കണമെന്നോ? ഒരു ശാസ്ത്രജ്ഞനായാലേ അക്വേറിയം പരിപാലിക്കാന്‍ പറ്റൂ?'

അക്ഷമനായ ഒരു തുടക്കക്കാരന്റെ ചോദ്യമാണിത്. വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താന്‍ ശാസ്ത്രജ്ഞനാകേണ്ട കാര്യമില്ലെങ്കിലും, അക്വേറിയത്തിലെ അടിസ്ഥാനപരമായ ജൈവപ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്വല്പമെങ്കിലും അറിവുള്ള ഒരു നിരീക്ഷകനായേ തീരൂ.

അക്വേറിയത്തിലെ എല്ലാ അപ്രതീക്ഷിത ദുരന്തത്തിനു പിന്നിലും, നൈട്രജന്‍ ചംക്രമണത്തിലെ ക്രമക്കേട് ഒരു പ്രധാന വില്ലനാകാന്‍ സാധ്യതയുണ്ട് ചുവടെ ചേര്‍ക്കുന്നവ ചിലര്‍ക്കെങ്കിലും പരിചിതമായി തോന്നാം.

1. അക്വേറിയത്തിലെ ഫില്‍റ്റര്‍ മാധ്യമം വൃത്തിയാക്കിയ ശേഷം, പെട്ടെന്ന് മത്സ്യങ്ങള്‍ ചത്തു പോകുന്നു.
2. തികച്ചും ആരോഗ്യവാന്മാരായ മത്സ്യങ്ങളുള്ള ഒരു ടാങ്കില്‍ പുതിയ മത്സ്യങ്ങളെ നിക്ഷേപിക്കുന്നതോടെ, എല്ലാം ചാകാന്‍ തുട ങ്ങുന്നു.
3. അക്വേറിയം സജ്ജീകരിച്ച ശേഷം ആദ്യമായി നിക്ഷേപിക്കുന്ന മത്സ്യങ്ങള്‍, ആരോഗ്യം ക്ഷയിച്ചതിന്റെ ലക്ഷങ്ങള്‍ പ്രകടിപ്പിച്ച് പെ ട്ടെന്ന് ചത്തുപോകാന്‍ തുടങ്ങുന്നു.
4. മത്സ്യങ്ങളുടെ രോഗ-കീടപ്രതിരോധശേഷി അനുദിനം കുറഞ്ഞു വരുന്നു.
5. പ്രത്യേകിച്ച് കാരണമോ രോഗങ്ങളോ ഇല്ലാതെ സ്വര്‍ണ്ണമത്സ്യങ്ങള്‍ ചത്തുപോകുന്നു
6. ഇനി പറയുന്ന ലക്ഷണങ്ങള്‍ ഒറ്റക്കോ കൂട്ടായോ കാണപ്പെടുന്നു.

മത്സ്യങ്ങള്‍ ഭയചകിതരായ പോലെ നീന്തുക, ടാങ്കിന്റെ അടിത്തട്ടിലോ ജലനിരപ്പിനു തൊട്ടുതാഴെയോ ക്ഷീണിതരായി ഇളകാതെ നില്‍ക്കുക. ജലനിരപ്പിന് മുകളില്‍ നിന്ന് വായു വലിച്ചെടുക്കുന്നതായി കാണപ്പെടുക. ചിറക്, വാല്‍ തുടങ്ങിയവ അല്പാല്പമായി ദ്രവിച്ചുപോകുക, നിറം വിളറുകയോ പതിവില്ലാത്ത നിറവ്യത്യാസമുണ്ടാകുകയോ ചെയ്യുക.

മേല്‍പ്പറഞ്ഞവയെല്ലാം, രോഗ-കീടബാധ പോലെയുള്ള വിവിധ കാരണങ്ങളാലും സംഭവിക്കാം. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ നൈട്രജന്‍ ചംക്രമണം ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതുകൊണ്ടു മാത്രം, പലപ്പോഴും മത്സ്യങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. നൈട്രജന്‍ ചംക്രമണം പുനഃസ്ഥാപിക്കുന്നത്, മത്സ്യങ്ങളിലെ സമ്മര്‍ദ്ദം കുറക്കുകയും, മരുന്നുകളോട് ഫലപ്രദമായി പ്രതികരിക്കാനും വേഗം സുഖപ്പെടാനും അവയെ സഹായിക്കുകയും ചെയ്യും.

അക്വേറിയത്തിന്റെ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് നൈട്രജന്‍ ചംക്രമണം(Nitrogen cycle) അഥവാ നൈട്രജന്‍ സംയുക്തങ്ങളുടെ പരിവൃത്തി. കാര്‍ബണ്‍ കഴിഞ്ഞാല്‍, ഭൂമിയിലെ സര്‍വ്വവ്യാപിയായ പ്രാപഞ്ചിക മൂലകമാണ് നൈട്രജന്‍. ഭൗമാന്തരീക്ഷത്തില്‍ 78 ശതമാനത്തോളം നിറഞ്ഞുനില്‍ക്കുന്ന വാതകരൂപത്തിലുള്ള ഈ മൂലകം, മറ്റ് ജീവജാലങ്ങളില്‍ എത്തിച്ചേരുന്നത് പ്രധാനമായും സൂക്ഷ്മാണുക്കള്‍ വഴിയാണ്. പോഷണത്തിനും പോഷകപദാര്‍ത്ഥങ്ങളെ വിഘടിപ്പിച്ച് ഊര്‍ജ്ജോല്പാദനം നടത്തുന്നതിനും, ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം, ജീവികള്‍ക്ക് നൈട്രജന്‍ അത്യന്താപേക്ഷിതമാണ്. എല്ലാ ജീവജാലങ്ങളിലേയും ഡിഎന്‍എ (DNA), ആര്‍ എന്‍എ(RNA) മുതലായ ന്യൂക്ലൈക് അമ്ലങ്ങള്‍ (nucleic acids), അമിനോ അമ്ലങ്ങള്‍ (amino acids), മാംസ്യങ്ങള്‍ (proteins) എന്നിവയുടെ അവിഭാജ്യഘടകമാണ്, നൈട്രജന്‍.

അക്വേറിയത്തിലെ മത്സ്യങ്ങളിലും ചെടികളിലും ജൈവപദാര്‍ത്ഥങ്ങളിലും മത്സ്യത്തീറ്റയിലും വരെ നൈട്രജനുണ്ട് ടാങ്കില്‍ അവശേഷിക്കുന്ന മത്സ്യത്തീറ്റ, മത്സ്യവിസര്‍ജ്ജ്യം, ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന മറ്റ് ജൈവാവശിഷ്ടങ്ങള്‍ തുടങ്ങിയവയിലെ നൈട്രജന്‍, സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി അമോണിയയായി മാറ്റപ്പെടുന്നു. സ്വതന്ത്ര അമോണിയ, വളരെക്കുറഞ്ഞ അളവില്‍ പോലും മത്സ്യങ്ങള്‍ക്ക് ദോഷം ചെയ്യും. പക്ഷെ അക്വേറിയത്തില്‍ വളരുന്ന ചില ബാക്ടീരിയകള്‍, അമോണിയയെ നൈട്രേറ്റ് (NO2) ആക്കി മാറ്റുന്നു. അമോണിയയെപ്പോലെ തന്നെ നൈട്രേറ്റും, മത്സ്യങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിഷവസ്തുവാണ്. സുസ്ഥിര നൈട്രജന്‍ ചംക്രമണമുള്ള ഒരക്വേറിയത്തില്‍ നൈട്രേറ്റുകള്‍ ഉണ്ടാകുന്ന മുറയ്ക്ക്, ചില ബാക്ടീരിയകള്‍ അവയെ നൈട്രേറ്റു (NO3) കളാക്കി മാറ്റുന്നു. വളരെ കൂടിയ അളവുകളിലൊഴിച്ച്, നൈട്രേറ്റുകള്‍ അക്വേറിയത്തിനു നിരുപദ്രവകാരികളാണ്, മാത്രമല്ല, ജലസസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഒരു വളവുമാണ് നൈട്രേറ്റ്. ഇത്തരത്തില്‍ അക്വേറിയത്തിലെ അമോണിയ നൈട്രേറ്റുകളായി മാറുന്ന പ്രവര്‍ത്തനങ്ങളെ, പൊതുവെ നൈട്രീകരണം (nitrification) എന്നു വിളിക്കാം. നൈട്രീകരണം സാധ്യമാക്കുന്ന അക്വേറിയത്തിലെ സൂക്ഷ്മാണുക്കളാണ്. നൈട്രജന്‍ ബാക്ടീരിയകള്‍. ഓക്‌സിജന്റെ സാന്നിധ്യത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന, എയ്‌റോബിക് (aerobic) ബാക്ടീരിയകളാണ് ഇവ. അക്വേറിയത്തിലുണ്ടാകുന്ന നൈട്രേറ്റുകളില്‍ ഒരു ഭാഗം, ചെടികളും ആല്‍ഗകളും വലിച്ചെടുത്തു വളരുന്നു. മറ്റൊരു വളരെ ചെറിയ ഭാഗം അക്വേറിയത്തിന്റെ അടിത്തട്ടില്‍ വളരുന്ന അനെയ്‌റോബിക് (anaerobic) അഥവാ ഓക്‌സിജന്റെ അസാന്നിധ്യത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ബാക്ടീരിയകള്‍ മുഖേന, സ്വതന്ത്ര നൈട്രജനായി പുറന്തള്ളപ്പെടുന്നു. അക്വേറിയത്തിലുണ്ടാകുന്ന നൈട്രേറ്റിന്റെ ഭൂരിഭാഗവും നീക്കം ചെയ്യപ്പെടുന്നത് യഥാസമയം ടാങ്ക് വൃത്തിയാക്കുകയും, വെള്ളം മാറ്റി ശുദ്ധജലം നിറയ്ക്കുകയും ചെയ്യുമ്പോഴാണ്. പകല്‍ സമയങ്ങളിലെ പ്രകാശസംശ്ലേഷണത്തിലൂടെ സസ്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍, മത്സ്യങ്ങളും മറ്റ് ജീവികളും സ്വീകരിച്ച് ശ്വസന പ്രക്രിയയിലൂടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നു. ഇതിനെ പ്രകാശസംശ്ലേഷണവേളയില്‍ സസ്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.ധാരാളം ഓക്‌സിജന്‍ സഞ്ചാരമുള്ളതിനാല്‍, ഫില്‍റ്റര്‍ മാധ്യമത്തില്‍ നിറയെ നൈട്രജന്‍ ബാക്ടീരിയകള്‍ ഉണ്ടായിരിക്കും. നല്ലവണ്ണം ജലചംക്രമണമുള്ള ഒരു അക്വേറിയത്തില്‍, ഓക്‌സിജനും അമോണിയയും എല്ലാ ഭാഗങ്ങളിലും എത്തുമെന്നതിനാല്‍ ചരല്‍, ഡ്രിഫ്റ്റ് വുഡ്, മറ്റലങ്കാരവസ്തുക്കള്‍, ചില ജലസസ്യങ്ങള്‍ എന്നിവയിലെല്ലാം നൈട്രജന്‍ ബാക്ടീരിയകള്‍ വളരുന്നു. പറ്റിപ്പിടിച്ചു വളരാന്‍ പറ്റിയ മാധ്യമങ്ങളുടെ ലഭ്യത, ഓക്‌സിജന്റെയും അമോണിയയുടെയും അളവ് എന്നിവയനുസരിച്ച് ഇത്തരം ബാക്ടീരിയകളുടെ വളര്‍ച്ചാനിരക്ക് വ്യത്യാസപ്പെട്ടിരിക്കും. അക്വേറിയത്തിലെ ചരലിനിടയില്‍ ഘടിപ്പിക്കുന്ന അര്‍ ഗ്രാവെല്‍ ഫില്‍റ്ററു (Under-gravel filter) കളില്‍, നൈട്രജന്‍ ബാക്ടീരിയകളുടെ ഭൂരിഭാഗം കോളനികളും അടിത്തട്ടിലെ പ്ലേറ്റുകളിലായിരിക്കും.

അക്വറിയത്തിലുാകുന്ന സ്വതന്ത്ര അമോണിയയുടെ ഒരു ഭാഗം ജലവുമായി പ്രവര്‍ത്തിച്ച് അമോണിയം അയോണുകളായി മാറുന്നു. അമോണിയം അയോണുകള്‍ മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും സസ്യങ്ങള്‍ക്കും, പൊതുവെ ദോഷമൊന്നും വരുത്താറില്ല. മാത്രമല്ല ഇവയുടെ ഒരുഭാഗം, സസ്യങ്ങള്‍ വലിച്ചെടുത്ത് വളമായി ഉപയോഗിക്കുകയും ചെയ്യുന്നു. അമോണിയം അയോണുകളുാകുന്ന രാസപ്രവര്‍ത്തനം ഒരു ഉഭയദിശാപ്രവര്‍ത്തനമായതിനാല്‍, ജലത്തിന്റെ pH(അമ്ല-ക്ഷാര ഗുണം) അനുസരിച്ച് അമോണിയയുടെയും അമോണിയം അയോണുകളുടെയും അനുപാതം വ്യത്യാസപ്പെടാറുണ്ട്. അതായത്, വെള്ളത്തിന് അമ്ലഗുണം അധികമാകുമ്പോള്‍ (ഉദാ: pH6.5), അമോണിയം അയോണുകള്‍ അമോണിയയെ അപേക്ഷിച്ചു കൂടുതലായിരിക്കും. പക്ഷെ ക്ഷാരഗുണമുള്ള ജലത്തില്‍(ഉദാ: pH 8.5), സ്വതന്ത്ര അമോണിയ ആയിരിക്കും അധികം. അമോണിയയുടെയും അമോണിയം അയോണുകളുടെയും അനുപാതം, ഊഷ്മാവിനനുസരിച്ചും വ്യത്യാസപ്പെടാം. കുറഞ്ഞ താപനിലയില്‍ അമോണിയം അയോണുകള്‍ അധികമായി കാണപ്പെടുമ്പോള്‍, ഉയര്‍ന്ന ജലോഷ്മാവില്‍ സ്വതന്ത്ര അമോണിയ ആയിരിക്കും കൂടുതല്‍. അതായത്, ജലത്തിന്റെ അമ്ല-ക്ഷാര ഗുണത്തിലും ഊഷ്മാവിലും വരുന്ന പെട്ടെന്നുള്ള മാറ്റം, അക്വേറിയത്തിലെ അമോണിയ വിഷലിപ്തതയ്ക്ക് കാരണമാകാം.

നൈട്രജന്‍ ചംക്രമണം എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു എന്നതിന്, സ്വന്തം അനുഭവം തന്നെ ഉദാഹരണം. വര്‍ണ്ണമത്സ്യം വളര്‍ത്തലില്‍ താല്പര്യമില്ലായിരുന്നുവെങ്കിലും,. സ്വര്‍ണ്ണമത്സ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലായിരുന്നു അച്ഛന്‍. ബിരുദപഠനത്തിനായി കാര്‍ഷിക കോളേജിലേക്ക് പോകുന്നതിനുമുന്‍പ് അനുജനുമായി ചേര്‍ന്ന്, അച്ഛനുവേണ്ടി ഞങ്ങള്‍ ഒരു സ്വര്‍ണ്ണമത്സ്യ അക്വേറിയം സ്വീകരണമുറിയില്‍ സ്ഥാപിച്ചു. ഒറാന്റ, വിണ്മിഴികള്‍, റാന്‍ചു, ഷുബുണ്‍കിന്‍, പിന്നെ അച്ഛന് ഏറെയിഷ്ടപ്പെട്ട കുറച്ചു പേള്‍സ്‌കെയിലുകള്‍ എന്നിവ ടാങ്കില്‍ സ്ഥാനം പിടിക്കാന്‍ അധികകാലം വേണ്ടി വന്നില്ല. കൃത്യമായ പരിപാലനമുറകള്‍, ഒന്നു രണ്ട് മാസങ്ങള്‍ കൊണ്ടു തന്നെ സ്വര്‍ണ്ണമത്സ്യങ്ങളുടെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിച്ചു. വീട്ടിലെത്തുന്ന അതിഥികള്‍ കണ്ണിമയ്ക്കാതെ ടാങ്കിന്റെ സ്വര്‍ണ്ണ സൗന്ദര്യം ആസ്വദിച്ചു. കണ്ണേറുതട്ടി മത്സ്യങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന് വരെ, അമ്മക്ക് സംശയമായി. വര്‍ഷമൊന്നു കഴിഞ്ഞു. ഹോസ്റ്റലിലേക്ക് ഒരു ദിവസം അച്ഛന്‍ ഫോണ്‍ ചെയ്തത്, പേള്‍സ്‌കെയില്‍ സ്വര്‍ണ്ണമത്സ്യങ്ങളിലൊന്ന് അന്ത്യശ്വാസം വലിച്ചുവെന്നു പറയാനായിരുന്നു. മറ്റു മത്സ്യങ്ങള്‍ക്കൊക്കെ ഇതുവരെ കിട്ടില്ലാത്ത പലതരം അസുഖങ്ങള്‍. അതും വളരെ പെട്ടെന്ന്.

അവധിക്ക് വീട്ടിലെത്തിയ ഉടന്‍ ആദ്യംപോയത്, സ്വര്‍ണ്ണ മത്സ്യടാങ്കിനടുത്തേയ്്ക്കാണ്. നല്ല തെളിമയാര്‍ന്ന, പ്രത്യേകിച്ച് ദുര്‍ഗന്ധമില്ലാത്ത വെള്ളം. അഴുക്കിന്റെ അംശം ഒട്ടും പുറമെ കാണാനില്ല. പക്ഷെ മത്സ്യങ്ങളൊക്കെ വളരെ ദയനീയ സ്ഥിതിയിലായിരുന്നു. പേള്‍സ്‌കെയിലുകളില്‍ ഒന്നു മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അതിനാകട്ടെ ബാക്ടീരിയ മൂലമുണ്ടാകുന്ന ഡ്രോപ്‌സി(Dropsy)യും. ടാങ്കില്‍ ശേഷിച്ച മറ്റു മത്സ്യങ്ങള്‍ക്ക് ചിറക്-വാല്‍ അഴുകല്‍, ഫംഗസ് ബാധ തുടങ്ങിയ രോഗങ്ങള്‍. എന്താണു സംഭവിച്ചതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. പലപ്പോഴും വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്, വര്‍ണ്ണമത്സ്യങ്ങളിലെ രോഗനിര്‍ണ്ണയവും ചികിത്സയും. ലക്ഷണങ്ങള്‍ക്കനുസരിച്ച് മരുന്ന് നിര്‍ദേശിക്കാമെങ്കിലും, യഥാര്‍ത്ഥ കാരണം കണ്ടെത്തി പ്രശ്‌നം പരിഹരിക്കുകയാണ് അഭികാമ്യം. അച്ഛനേയും അനുജനേയും ഒന്നിച്ചിരുത്തി വളരെ വിശദമായി ചോദിച്ചതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമായി.

ആദ്യകാലങ്ങളില്‍ വളരെ ചിട്ടയോടെ നടത്തിയ അക്വേറിയം പരിപാലനത്തില്‍ കാലക്രമേണ അലംഭാവം വന്നു തുടങ്ങി. മാസത്തില്‍ രണ്ടു മൂന്നു പ്രാവശ്യം ചരലിലെ അഴുക്ക് വൃത്തിയാക്കി. 20-25 ശതമാനം വെള്ളം മാറ്റിക്കൊിരുന്നുവെങ്കിലും, പിന്നെയതു മാസത്തില്‍ ഒരു തവണയായി. പിന്നീടെപ്പോഴോ രണ്ട് മാസത്തില്‍ ഒരു തവണയും. പത്താം ക്ലാസ് പരീക്ഷയുടെ ചൂടില്‍, അനുജന്‍ അക്വേറിയത്തിന്റെ മുന്‍പില്‍ പോലും വന്നിരിക്കാതെയായി. മത്സ്യത്തീറ്റ നല്‍കല്‍ അമ്മയുടെ ചുമതലയായി. മത്സ്യവിസര്‍തജ്ജ്യവും, അധികം വന്ന മത്സ്യത്തീറ്റയും അക്വേറിയത്തില്‍ ഒരു നിശബ്ദ വിപ്ലവം തന്നെ നടത്തി. അധികമായി ഉത്പാദിപ്പിക്കപ്പെട്ട അമോണിയയെ കൈകാര്യം ചെയ്യാന്‍, അക്വേറിയത്തിലെ ബാക്ടീരിയകള്‍ പാടുപെട്ടു. നൈട്രജന്‍ ചംക്രമണത്തിന്റെ ബാക്കിപത്രമായ നൈട്രേറ്റ്, അക്വേറിയത്തില്‍ കുമിഞ്ഞു കൂടി. ഇടയ്ക്കിടെ ഉണ്ടാകുന്ന അമോണിയ-നൈട്രേറ്റ് വിഷലിപ്തത, നൈട്രേറ്റുകളുമായുള്ള ദീര്‍ഘകാലസമ്പര്‍ക്കം എന്നിവ മത്സ്യങ്ങളുടെ രോഗപ്രതിരോധശേഷി നശിപ്പിച്ചു. അക്വേറിയത്തിലെ നിരുപദ്രവികളായ ബാക്ടീരിയകള്‍ വരെ അക്രമണകാരികളായി. അമോണിയ, നൈട്രേറ്റ് തുടങ്ങിയവ മത്സ്യങ്ങളില്‍ ചിറക്-വാല്‍ അഴുകല്‍ ഉണ്ടാക്കി. അഴുകിയ ഭാഗങ്ങളില്‍ പരാന്നഭോജികളായ ഫംഗസുകള്‍ താമസമാക്കി. ബാക്ടീരിയ അണുബാധമൂലമുള്ള ഡ്രോപ്‌സി പ്രകടമായി.

ഇങ്ങനെയുള്ള ഒരക്വേറിയത്തില്‍ മത്സ്യങ്ങളിലെ ലക്ഷണങ്ങള്‍ നോക്കി ചികിത്സാരീതികള്‍ അനുവര്‍ത്തിച്ചാലും, നൈട്രജന്‍ ചംക്രമണം പുനഃസ്ഥാപിക്കാത്ത പക്ഷം, ഈ സ്ഥിതി വീണ്ടും സംജാതമാകുമെന്നതിനു സംശയമില്ല. അക്വേറിയത്തിലെ അമോണിയ, നൈട്രേറ്റ് എന്നിവ, വളരെ കുറഞ്ഞ അളവിലായാല്‍പ്പോലും മത്സ്യങ്ങള്‍ക്ക് ഹാനികരമാണ്. യഥാസമയമുള്ള വൃത്തിയാക്കലിന്റെയും വെള്ളം മാറ്റലിന്റെയും അഭാവം, നൈട്രേറ്റിന്റെ തോത് ക്രമാതീതമായി വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ഇതും മത്സ്യങ്ങള്‍ക്ക് ദോഷം ചെയ്യും. അതിനാല്‍ ആദ്യം തന്നെ അക്വേറിയം വൃത്തിയാക്കി വെള്ളം മാറ്റി, അടിത്തട്ടില്‍ നിന്ന് നൈട്രേറ്റുകളുടെ പ്രധാന സ്‌ത്രോതസ്സായ ചെളി അഥവാ മള്‍മ് (mulm) നീക്കി. കൃത്യമായ ഇടവേളകളില്‍ ഫില്‍ട്ടര്‍ മാധ്യമം വൃത്തിയാക്കി. ചിട്ടയോടെയുള്ള ജലപരിശോധനയും വെള്ളം മാറ്റലും നടത്തി നൈട്രജന്‍ ചംക്രമണം പുനഃസ്ഥാപിച്ചതിനുശേഷം ചെയ്ത ചികിത്സകള്‍, വൈകാതെ ഫലം കണ്ടു. വളരെ മാരകമായിരുന്നിട്ടുപോലും, ഡ്രോപ്‌സിയില്‍ നിന്നും ചില മത്സ്യങ്ങളെ രക്ഷിക്കാന്‍ സാധിച്ചു.

ക്ലോറിന്‍ കലര്‍ന്ന വെള്ളം അക്വേറിയത്തില്‍ ഒഴിക്കുന്നതും, ഫില്‍ട്ടര്‍ മാധ്യമം കഴുകാനുപയോഗിക്കുന്നതും, നൈട്രജന്‍ ബാക്ടീരിയകളെ നശിപ്പിക്കും. സാധാരണയായി വായുവില്‍ കാണപ്പെടുന്ന ഇത്തരം ബാക്ടീരിയകളുടെ വിത്തുകള്‍(Spores), അക്വേറിയത്തിലെ വെള്ളത്തില്‍ വീണ് കോളനികള്‍ സൃഷ്ടിക്കാന്‍ സമയം അനുവദിച്ചതിനു ശേഷം മാത്രമേ, പുതുതായി സജ്ജീകരിച്ച ഒരു ടാങ്കില്‍ മത്സ്യങ്ങളെ ഇടാവൂ. സാഹചര്യങ്ങള്‍ക്കനുസരിച്ച് രണ്ടു മുതല്‍ എട്ട് ആഴ്ചകള്‍ വരെ, ഇതിനു സമയമെടുക്കാവുന്നതാണ്. നൈട്രജന്‍ ചംക്രമണം സുസ്ഥിരമാക്കുന്നതിനായി, ചെറിയ മത്സ്യങ്ങളെ ഉപയോഗിച്ചുള്ള രീതി, മത്സ്യരഹിത രീതി, മറ്റൊരു അക്വേറിയത്തിലെ ഫില്‍ട്ടര്‍ മാധ്യമം ഉപയോഗിച്ചുള്ള രീതി, കൃത്രിമ അമോണിയ ഉപയോഗപ്പെടുത്തുന്ന രീതി എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. നൈട്രജന്‍ ചംക്രമണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ ജലപരിശോധനാകിറ്റുകളിലൂടെ അമോണിയ, നൈട്രൈറ്റ്, നൈട്രേറ്റ് തുടങ്ങിയവയുടെ സാന്നിധ്യം നിരീക്ഷിക്കുകയും വേണം. ഉടനടി ഉപയോഗിക്കാവുന്ന നൈട്രജന്‍ ബാക്ടീരിയകള്‍ അടങ്ങുന്ന മിശ്രിതവും വിപണിയില്‍ ലഭ്യമാണ്.

നന്ദി : ഷാലിമ.ജി


കൂടുതല്‍ വിവരങ്ങള്‍ക്ക് : http://varnamalsyangal.blogspot.com/





Stories in this Section