അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയുടെ പിന്‍ഭാഗത്തേക്ക് കടന്നു ചെല്ലുമ്പോള്‍ നയന മനോഹരമായൊരു ഉദ്യാനം കാണാം. മാലിന്യ ടാങ്കുകളുടെ മുകളില്‍ മണ്ണിട്ട് നിരത്തിയാണ് ഈ ഉദ്യാനം ഒരുക്കിയിരിക്കുന്നതെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയുകയില്ല. 'മാലിന്യ വിമുക്ത ആസ്പത്രി' എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി മനോഹരമായ ഉദ്യാനവും ഒരുക്കി മാതൃകയായിരിക്കുകയാണ് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രി.
75 ലക്ഷം രൂപ മുടക്കിയാണ് ആസ്പത്രിയില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഖരമാലിന്യ സംസ്‌കരണ ശാല, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആസ്പത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെള്ളം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് ചെടികളും വാഴകളുമൊക്കെ നനയ്ക്കുന്നതിനായി ഉപയോഗിക്കുകയാണിപ്പോള്‍. ഏകദേശം 3 ലക്ഷം ലിറ്റര്‍ വെള്ളം നിത്യേന ശുദ്ധീകരിക്കുന്നുണ്ട്. ഇതിനായി രാസവസ്തുക്കളൊന്നും ഉപയോഗിക്കുന്നുമില്ല.
ഖരമാലിന്യങ്ങള്‍ കത്തിച്ചു കളയുന്നതിനായി ആസ്പത്രിയില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ആസ്പത്രിയില്‍ ഉണ്ടാകുന്ന കക്കൂസ് മാലിന്യങ്ങളും മറ്റും നേരെ എത്തുന്നത് ബയോഗ്യാസ് പ്ലാന്റിലേക്കാണ് . അതിനാല്‍ ആസ്പത്രിയില്‍ സെപ്റ്റിക് ടാങ്കുകള്‍ ഇല്ല. ബയോഗ്യാസ് പ്ലാന്റില്‍ ഉല്പാദിപ്പിക്കുന്ന ഗ്യാസ് ആസ്പത്രി കാന്റീനില്‍ പാചകത്തിനായി ഉപയോഗിക്കുന്നു. ബയോഗ്യാസ് പ്ലാന്റ് ഭൂമിയ്ക്കടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നും ഓവര്‍ഫ്ലോ ആയി വരുന്ന ജലം ശേഖരിക്കാന്‍ കളക്ഷന്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഈ ടാങ്കുകള്‍ക്കു മുകളില്‍ സ്ലാബിട്ട് മണ്ണ് നിരത്തിയാണ് മനോഹരമായി ഉദ്യാനം സജ്ജമാക്കിയിരിക്കുന്നത്. കളക്ഷന്‍ ടാങ്കുകളില്‍ എത്തുന്ന ജലം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തി ശുദ്ധീകരിച്ച ശേഷം പുറത്തു വരുമ്പോള്‍ അത് ചെടികളും പച്ചക്കറി തോട്ടവും മറ്റും നനയ്ക്കാനായി ഉപയോഗിക്കുന്നു.
മണ്ണിര കമ്പോസ്റ്റ് യൂണിറ്റില്‍ നിന്നും ലഭിക്കുന്ന വളമാണ് ചെടികള്‍ക്കും മറ്റുമായി ഉപയോഗിക്കുന്നത്. ആസ്പത്രിയില്‍ മൂന്ന് ടണ്‍ ഖരമാലിന്യങ്ങള്‍ വരെ സംസ്‌കരിക്കുന്നുണ്ട്.
ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കിയതോടെ ആസ്പത്രിയില്‍ കൊതുകു ശല്യവും, ദുര്‍ഗന്ധവും തീരെയില്ലെന്ന് ആസ്പത്രി ഡയറക്ടര്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ പറഞ്ഞു. തിരക്കേറിയ അങ്കമാലി പട്ടണത്തില്‍ മാലിന്യം തള്ളുന്നതിനോ സംസ്‌കരിക്കുന്നതിനോ സംവിധാനങ്ങളൊന്നുമില്ല.
ആസ്പത്രിയില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ അവിടെ തന്നെ പൂര്‍ണമായും സംസ്‌കരിക്കുന്നതിനാല്‍ വലിയ മാലിന്യ പ്രശ്‌നമാണ് ഒഴിവായി പോകുന്നത്.
മാലിന്യ സംഭരണ ടാങ്കുകളൊന്നും കാണാന്‍ കഴിയാത്ത രീതിയിലാണ് ആസ്പത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. സാധാരണ നിലയില്‍ മാലിന്യ ടാങ്കുകളുടെ സമീപത്തേക്ക് ആരും പോകാറില്ല. എന്നാല്‍ മാലിന്യ ടാങ്കുകളുടെ മുകളില്‍ പൂന്തോട്ടം ഒരുക്കിയിരിക്കുന്നതിനാല്‍ രോഗികള്‍ക്കും മറ്റുമിത് മനോഹരമായ കാഴ്ചയാണ് പകരുന്നത്.
ഗ്ലോബല്‍ ലാബ്‌സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ആണ് ആസ്പത്രിയില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കിയത്.
അത്യാധുനിക സംവിധാനങ്ങളായതിനാല്‍ കുറച്ചു സ്ഥലം മാത്രമേ വേണ്ടി വന്നുള്ളൂ. 11 ഏക്കര്‍ സ്ഥലത്താണ് ആസ്പത്രി സ്ഥിതി ചെയ്യുന്നത്. 11 ഡിപ്പാര്‍ട്ടുമെന്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.