നാഫെഡ് കൊപ്ര നല്‍കുന്നില്ല; തറവിലയിലും കുറഞ്ഞ വിലയ്ക്ക് കേരഫെഡ് കൊപ്ര സംഭരിക്കുന്നു
Posted on: 26 Jun 2012
കാസര്‍കോട്:നാളികേര കര്‍ഷകരെ സഹായിക്കാന്‍ തിരഞ്ഞെടുത്ത സംഭരണ ഏജന്‍സിയായ കേരഫെഡ് തറവിലയിലും കുറഞ്ഞ വിലയില്‍ കൊപ്ര സംഭരിക്കുന്നു. തറവില 5100 രൂപയായിരിക്കെ ക്വിന്റലിന് 4600 രൂപ നിരക്കിലാണ് കേരഫെഡ് കൊപ്ര വാങ്ങുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില നല്‍കാതെ കൊപ്ര സംഭരിക്കുന്നത് അനീതിയാണെന്നും ഇടനില കച്ചവടക്കാര്‍ക്ക് ലാഭം കൊയ്യാന്‍ കേരഫെഡ് വഴിയൊരുക്കുകയാണെന്നും കേരകര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
നാഫെഡിന് വേണ്ടി കേരഫെഡും മാര്‍ക്കറ്റ് ഫെഡും ചേര്‍ന്നാണ് സംസ്ഥാനത്തുനിന്ന് കൊപ്ര സംഭരിക്കുന്നത്. കേരഫെഡിനുകീഴില്‍ മാത്രം 900 സംഘങ്ങള്‍ കൊപ്ര സംഭരണത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവ വഴി കാര്യമായ സംഭരണം നടന്നിട്ടില്ല. പല സംഘങ്ങളും മാസങ്ങള്‍ കഴിഞ്ഞിട്ടും സംഭരണം തുടങ്ങാന്‍ സന്നദ്ധരായിട്ടുമില്ല. താങ്ങുവിലയായ 5100 രൂപയെക്കാളും 1400 രൂപയോളം നഷ്ടം സഹിച്ച് 3700 രൂപയ്ക്കാണ് കര്‍ഷകര്‍ ഇപ്പോള്‍ പൊതുവിപണിയില്‍ കൊപ്ര വില്‍ക്കുന്നത്. സൊസൈറ്റികളില്‍ കൊപ്ര വില്‍ക്കുന്നതിനുള്ള നൂലാമാലകള്‍ കാരണം കര്‍ഷകര്‍ പൊതുവിപണിയില്‍ കിട്ടിയവിലയ്ക്ക് കൊപ്ര വിറ്റഴിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. ഇത്തരത്തില്‍ കച്ചവടക്കാരുടെ പക്കലെത്തുന്ന കൊപ്ര ക്വിന്റലിന് ആയിരത്തോളം രൂപ അധികം നല്‍കി കേരഫെഡ് നേരിട്ട് സംഭരിക്കുകയാണെന്നും അതിന് ചിലര്‍ ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കേരഫെഡിനു രണ്ട് ഫാക്ടറിയുണ്ടെന്നും അവിടെ സംസ്‌കരണത്തിന് ആവശ്യമായ കൊപ്ര നാഫെഡ് നല്‍കാത്തതിനാലാണ് നേരിട്ട് സംഭരിക്കുന്നതെന്നും കേരഫെഡ് മേഖല മാനേജര്‍ വി.വി.ഹംസ പറഞ്ഞു. ഓണത്തിന് വെളിച്ചെണ്ണ വേണം. അതിനുള്ള ഉത്പാദനം ഇപ്പോഴേ തുടങ്ങണം. കൊപ്ര കിട്ടിയില്ലെങ്കില്‍ ഫാക്ടറി പൂട്ടേണ്ടി വരും. ഇക്കാര്യം നാഫെഡുമായി സംസാരിച്ചിരുന്നു. അവരുടെ അനുമതിയോടെയാണ് കൊപ്ര സംഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നത നിലവാരമുള്ള കൊപ്രയ്ക്ക് തറവില ലഭ്യമാക്കാനുള്ള സംവിധാനം സൊസൈറ്റികളില്‍ കേരഫെഡ് ഒരുക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തണം. നാളികേര ഉത്പാദക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അവ സംഭരണരംഗത്തേക്ക് വരുന്നില്ലെന്നും മാനേജര്‍ പറഞ്ഞു. മലബാര്‍ മേഖലയില്‍ 812 സംഘങ്ങള്‍ ഉണ്ടെങ്കിലും 22 എണ്ണം മാത്രമാണ് സംഭരണം തുടങ്ങിയത്. ക്വിന്റലിന് 76 രൂപ കമ്മീഷനും ചാക്കിന് 37 രൂപയും വാഹന വാടകയും നല്‍കുമെന്നറിയിച്ചിട്ടും അവര്‍ സംഭരണത്തിന് തയ്യാറാകുന്നില്ല. 5000 തെങ്ങുകളുള്ള 40 മുതല്‍ 100 വരെ കര്‍ഷകര്‍ക്ക് സംഘം രൂപവത്കരിക്കാവുന്നതാണ്.
കര്‍ഷകരുടെ കൊപ്ര സംഘംവഴി നല്‍കാന്‍ മറ്റ് രേഖകളുടെ ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി തറവില നേടിയെടുക്കാന്‍ കേരകര്‍ഷകര്‍ രംഗത്ത് വരണമെന്നും ഹംസ കൂട്ടിച്ചേര്‍ത്തു.